കൊച്ചി: കുട്ടികളിലെ ലിംഗമാറ്റ ശസ്ത്രക്രിയ നിയന്ത്രിക്കണമെന്ന് ഹൈകോടതി. കുട്ടികളിലെ ലിംഗമാറ്റ ശസ്ത്രക്രിയ ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശത്തിലേക്കുള്ള കടന്നുകയറ്റമാണ്. ശസ്ത്രക്രിയ നിയന്ത്രിക്കാൻ മൂന്നു മാസത്തിനുള്ളിൽ നിയമം കൊണ്ടു വരണമെന്നും ജസ്റ്റിസ് വി.ജെ അരുൺ ഉത്തരവിട്ടു.
കുട്ടിയുടെ ലിംഗമാറ്റ ശസ്ത്രക്രിയക്ക് ഡോക്ടർമാർ വിസമ്മതിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം സ്വദേശികളായ ദമ്പതികൾ നൽകിയ ഹരജിയിലാണ് കോടതി നടപടി. എന്ത് തീരുമാനം എടുക്കണമെന്ന് അറിയില്ലാത്തവരാണ് കുട്ടികൾ. സമ്മതമില്ലാതെയുള്ള ഇത്തരം ശസ്ത്രക്രിയകൾ കുട്ടികളുടെ അന്തസിന്‍റെയും സ്വകാര്യതയുടെയും ലംഘനമാണ്. കുട്ടികൾ വളർന്നു വരുമ്പോൾ വൈകാരികവും മാനസികവുമായ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി.
കുട്ടികളുടെ ലിംഗമാറ്റ ശസ്ത്രക്രിയക്ക് അനുമതി നൽകാൻ ഉന്നതതല മേൽനോട്ട സമിതി രൂപീകരിക്കണം. സമിതിയിൽ സൈകോളജിസ്റ്റ്, പീഡിയാട്രിക് സർജൻ അടക്കമുള്ളവരെ ഉൾപ്പെടുത്തണം. കുട്ടിയുടെ ജീവന് ഭീഷണിയാകുന്നുവെങ്കിൽ മാത്രം ശസ്ത്രക്രിയക്ക് സമിതി അനുമതി നൽകണമെന്നും ഹൈകോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.