തൃശൂർ: കോവിഡ് വീണ്ടും വ്യാപിച്ചതോടെ മാസ്കിനും പി.പി.ഇ കിറ്റിനും സാനിറ്റൈസറിനും കൃത്രിമക്ഷാമം സൃഷ്ടിച്ച് ഔഷധമാഫിയ കൊള്ളലാഭം കൊയ്യുന്നു. വിപണിയിൽ വൻതോതിൽ ഉണ്ടായിരുന്ന സാനിറ്റൈസർ അടക്കമുള്ളവ പൂഴ്ത്തിവെച്ചാണ് കച്ചവടക്കാർ ക്ഷാമം സൃഷ്ടിക്കുന്നത്.
കോവിഡ് വ്യാപനവേളയിൽ ഇവയുടെ കൂടിയ ഉപഭോഗം മുന്നിൽകണ്ടുള്ള കച്ചവട കുതന്ത്രമാണിത്. കോവിഡ് പ്രതിരോധ വസ്തുക്കളായ ഇവക്ക് 20 മുതൽ 50 ശതമാനം വരെ വില കൂട്ടി. സർജിക്കൽ മാസ്കുകൾക്ക് 20 മുതൽ 40 ശതമാനം വരെയാണ് വില കൂട്ടിയത്. പി.പി.ഇ കിറ്റുകൾക്ക് 10 മുതൽ 30 ശതമാനവും സാനിറ്റൈസറുകൾക്ക് 20 ശതമാനം വരെയുമാണ് ഡിമാൻഡിന്റെ അടിസ്ഥാനത്തിൽ മാത്രം കഴുത്തറപ്പൻ വില വാങ്ങുന്നത്. നേരത്തേ മൂന്നാം തരംഗ സാധ്യത മുന്നിൽകണ്ട് കുറഞ്ഞ വിലയ്ക്ക് വൻതോതിൽ വാങ്ങിക്കൂട്ടിയ പ്രതിരോധ വസ്തുക്കൾക്കാണ് വമ്പൻ വില കൂട്ടി ജനത്തെ പിഴിഞ്ഞ് ലാഭം ഈടാക്കുന്നത്.
50 എണ്ണത്തിന്റെ നീല സർജിക്കൽ മാസ്ക് പെട്ടിക്ക് നേരത്തേ മൊത്തവിപണിയിൽ 70 രൂപയായിരുന്നു. ചെറുകിട കച്ചവടക്കാർ ഇത് 100 മുതൽ 120 രൂപക്ക് വരെ വിറ്റിരുന്നു. നിലവിൽ 85 രൂപക്ക് മൊത്ത കച്ചവടക്കാർക്ക് ലഭിക്കുന്ന പെട്ടി 100 രൂപക്കാണ് ചെറുകിടക്കാർക്ക് നൽകുന്നത്. 130 മുതൽ 150 വരെ രൂപക്കാണ് ചെറുകിടക്കാർ വിൽക്കുന്നത്. 50 എണ്ണത്തിന്റെ കറുത്ത മാസ്കിന് നേരത്തേ 80 രൂപയായിരുന്നു മൊത്തവില. 110 മുതൽ 130 വരെ രൂപക്ക് ചെറുകിടക്കാർ വിറ്റ ഇതിന് ഇപ്പോൾ 140 മുതൽ 150ന് മുകളിൽ വരെയുണ്ട്. ഇവ തന്നെ ഒന്ന് വാങ്ങുമ്പോൾ മൂന്ന് മുതൽ അഞ്ചു രൂപവരെ ഈടാക്കുന്ന കച്ചവടക്കാരും ഗ്രാമീണമേഖലയിലുണ്ട്.
എൻ95 മാസ്ക് ഒന്നിന് 7.50 രൂപയായിരുന്നു മൊത്തവില. 15 രൂപക്ക് വരെ വിറ്റിരുന്നു. പുതിയ സാഹചര്യത്തിൽ മൊത്തവില 10 രൂപയും ചില്ലറവില 20 രൂപയുമാണ്. കൂടിയ ഗുണമേന്മയുള്ള പി.പി.ഇ കിറ്റിന് നേരത്തേ മൊത്തവില 400 രൂപയും ചില്ലറ വില 600 മുതൽ 700 വരെയുമായിരുന്നു. നിലവിൽ 510 രൂപ മൊത്തവിലയും 800 രൂപ വരെ ചില്ലറ വിലയുമാണ് ഈടാക്കുന്നത്. സാധാരണ പി.പി.ഇ കിറ്റിന് മൊത്തവില 350ഉം ചില്ലറ വില 500 മുതൽ 600 വരെയുമായിരുന്നു. ഇത് 450 ആയപ്പോൾ ജനത്തിന് നൽകുന്നത് 550 മുതൽ 650 രൂപക്ക് വരെയായി ഉയർന്നു. സാനിറ്റൈസർ 100 മില്ലി ലിറ്ററിന് 22 രൂപയായിരുന്നു മൊത്തവില. 40 മുതൽ 50 വരെ ചില്ലറ വിലയും ഈടാക്കിയിരുന്നു. ഇപ്പോൾ മൊത്തവില 32 രൂപയും ചില്ലറ വില 50-65 വരെയുമായി.
അസംസ്കൃത സാധനങ്ങളുടെ അഭാവമോ മറ്റും ഇല്ലാഞ്ഞിട്ടും വിലകൂട്ടി ജനത്തെ പിഴിയുന്ന കച്ചവടക്കാർക്ക് എതിരെ നടപടികളൊന്നും ഇതുവരെ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. വിപണി പരിശോധന അടക്കം നടത്തി അമിതലാഭം വാങ്ങുന്നവർക്ക് എതിരെ കർശന നടപടി ആരോഗ്യവകുപ്പ് സ്വീകരിക്കണമെന്നാണ് പൊതുജനത്തിന്റെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.