ആർ.ടി.പി.സി.ആർ ടെസ്റ്റ് നിരക്ക്: സ്വകാര്യ സ്ഥാപനങ്ങളുടെ തീവെട്ടിക്കൊള്ള

കൊച്ചി: കോവിഡ് ആർ.ടി.പി.സി.ആർ ടെസ്റ്റിന്‍റെ നിരക്കിൽ സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങൾ തീവെട്ടിക്കൊള്ള നടത്തുന്നുവെന്ന് ആക്ഷേപം. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ സ്വകാര്യ ആശുപത്രികളും ലാബുകളും വളരെ ഉയർന്ന നിരക്കാണ് ഈടാക്കുന്നത്. സർക്കാർ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യമുയരുന്നത്.

രണ്ടാംതരംഗം അതിശക്തമായി സംസ്ഥാനത്ത് ആഞ്ഞുവീശുമ്പോൾ പ്രതിദിന നിരക്ക് 30,000 കടന്നിരിക്കുന്നു. എന്നാൽ ആർ.ടി.പി.സി.ആർ ടെസ്റ്റിന്‍റെ നിരക്കിൽ കുറവ് വരുത്താൻ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ തയാറാകുന്നില്ല. കോവിഡ് വ്യാപിക്കുമ്പോൾ പരിശോധന നടത്താനെത്തുന്നവരുടെ കഴുത്തറുക്കുന്ന സമീപനമാണ് അവർ തുടരുന്നത്.

ഇക്കാര്യത്തിൽ ഏറ്റവും താഴ്ന്ന നിരക്ക് നിശ്ചയിച്ചത് ഒഡിഷ സർക്കാറാണ്. ജി.എസ്.ടി ഉൾപ്പെടെ ആർ.ടി.പി.സി.ആർ ടെസ്റ്റിന് 400 രൂപയെ വാങ്ങാൻ പാടുള്ളൂവെന്ന് ഒഡിഷ സർക്കാർ ഉത്തരവിറക്കി. ഇക്കാര്യം സ്വകാര്യ ആശുപത്രികളെ അറിയിക്കുകയും ചെയ്തു. മറ്റു സംസ്ഥാനങ്ങളെടുത്താൽ മഹാരാഷ്ട്രയിൽ 500 മുതൽ 800 വരെയാണ് ടെസ്റ്റിന് ഈടാക്കുന്നത്. യു.പിയിൽ 500 മുതൽ 700 വരെയും ഹരിയാനയിലും തെലുങ്കാനയിലും 500ഉം ഡെൽഹിയിൽ 800 മുതൽ 1200 വരെയുമാണ് നിരക്ക് നിശ്ചയിച്ചത്. എന്നാൽ, കേരളത്തിലെ സ്വകാര്യ ആശുപത്രിയിൽ 1700 രൂപയാണ്.

കേരളം, ഡൽഹി എന്നിവയടക്കം സംസ്ഥാനങ്ങളിൽ സർക്കാർ ആശുപത്രികളിൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് സൗജന്യമാണ്. ആർ.ടി.പി.സി.ആർ ടെസ്റ്റിന് തുടക്കത്തിൽ ഏർപ്പെടുത്തിയിരുന്ന നിരക്ക് 4500- 5000 രൂപയായിരുന്നു. അത് സർക്കാർ ഇടപെട്ട് കുറക്കുകയായിരുന്നു. ഉദാഹരണായി ഒഡിഷയിൽ ആദ്യം 4500ൽ നിന്നും 2200ലേക്കും പിന്നീട് 1200ലേക്കും ഏറ്റവുമൊടുവിൽ 400 രൂപയിലേക്കും നിരക്ക് താഴ്ത്തി. അതിന് സർക്കാർ നോട്ടിഫിക്കേഷൻ ഇറക്കി.

ഇക്കാര്യത്തിൽ ഫെബ്രുവരി എട്ടിന് കേരള ഹൈകോടതിയുടെ ഉത്തരവിനെ തുടർന്ന് 1500 രൂപയായിരുന്ന ടെസ്റ്റിന്‍റെ നിരക്ക് 1700 രൂപയായി ഉയർത്തുകയാണ് സംസ്ഥാന സർക്കാർ ചെയ്തത്. ആർ.ടി.പി.സി.ആർ കിറ്റിന്‍റെ വില 1200 രൂപയിൽ നിന്നും കേവലം 46 രൂപയായി തട്ടിയിട്ടുണ്ട്. ആർ.എൻ.എ എക്സ്ട്രാക്ഷൻ ചാർജടക്കം 200 രൂപ മാത്രമാണ് ടെസ്റ്റ് ചെലവ് എന്നാണ് കണക്കാക്കപ്പെടുന്നത്. അത് പരിഗണിച്ചാൽ കേരളത്തിലെ സ്വകാര്യ ആശുപത്രിയിൽ ഈടാക്കുന്ന നിരക്ക് തികച്ചും അന്യായമാണ്.

പ്രതിദിന ടെസ്റ്റുകളുടെ എണ്ണം വർധിച്ചതോടെ കേരള മെഡിക്കൽ സർവിസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) പുറത്തുനിന്നും സ്വകാര്യ മൊബൈൽ ടെസ്റ്റിങ് ലാബുകളെ ഏർപ്പെടുത്തി. സാൻഡർ മെഡിക് എയ്ഡ്സ് എന്ന സ്ഥാപനം 448.2 രൂപയ്ക്ക് സർക്കാറിനുവേണ്ടി പരിശോധന നടത്തി. സ്വകാര്യ സ്ഥാപനത്തിന് തങ്ങളുടെ ലാഭവിഹിതം ഈടാക്കിയാൽ തന്നെയും 450 രൂപയ്ക്ക് കേരളത്തിൽ പരിശോധന നടത്താൻ സാധിക്കുമെന്നാണ് ഇതിൽനിന്ന് മനസിലാക്കാവുന്നത്.

കോവിഡ് ദേശീയ ദുരന്തമായി മാറിയ പശ്ചാത്തലത്തിൽ സ്വകാര്യ ആശുപത്രികൾ അന്യായമായ നിരക്കുകൾ ഏർപ്പെടുന്നത് തടയാൻ സർക്കാർ അടിയന്തരമായി ഇടപെടണം. നിലവിലുള്ള കോടതി വിധിയെ ചോദ്യം ചെയ്ത് ശരിയായ വസ്തുതകൾ കോടതിയെ ബോധിപ്പിച്ച് നിരക്കുകൾ പുതുക്കി നിശ്ചയിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണം. അതല്ലെങ്കിൽ സർക്കാർ ഈ സ്വകാര്യ ആശുപത്രികളുടെ കൊള്ളക്ക് കൂട്ടുനിൽക്കുകയാണ്. 

Tags:    
News Summary - high RTPCR Test Rate in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.