കക്കോടി: ജനകീയ സമരത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച അതിവേഗ റെയില്‍പാത പദ്ധതിയെക്കുറിച്ച് പൊതുജനാഭിപ്രായമാരായാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. അതിവേഗ പാത സംബന്ധിച്ച് ഡി.എം.ആര്‍.സി പദ്ധതിയുടെ വിശദ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്‍െറ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. അഭിപ്രായമാരായാനുള്ള ഏജന്‍സിയെ അടുത്തദിവസംതന്നെ തീരുമാനിക്കുമെന്നാണ് അറിയുന്നത്.
അലൈന്‍മെന്‍റിനെക്കുറിച്ചും ജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താന്‍ അവസരം നല്‍കുമെന്ന് ഡി.എം.ആര്‍.സി അധികൃതര്‍ പറയുന്നു. സമരത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച സര്‍വേകള്‍ രണ്ടുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ടും സമര്‍പ്പിച്ചതായി പ്രതിരോധസമിതി പ്രവര്‍ത്തകന്‍ എം.ടി. തോമസിന് ലഭിച്ച വിവരാവകാശ രേഖകളില്‍ പറയുന്നു.
അതിവേഗപാത തിരുവനന്തപുരം മുതല്‍ മംഗലാപുരം എന്നാണ് ആദ്യഘട്ടത്തില്‍ പറഞ്ഞതെങ്കിലും പിന്നീട് കാസര്‍കോട് വരെയാക്കുകയായിരുന്നു. വീണ്ടും മാറ്റി ഇപ്പോള്‍ കണ്ണൂര്‍ വരെ 430 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണത്രേ പാത. 524 കിലോമീറ്റര്‍ പാതക്ക് തുടക്കത്തില്‍ 1.18 ലക്ഷം കോടി രൂപയായിരുന്നു കണക്കാക്കിയതെങ്കില്‍ ഇപ്പോള്‍ 430 കിലോമീറ്ററിന് 1.27 ലക്ഷം കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.
ഭൂമിക്കടിയില്‍ കൂടിയും മേല്‍പ്പാലങ്ങളിലൂടെയുമായിരിക്കും പാത കടന്നുപോവുകയെന്ന് രേഖകളില്‍ പറയുന്നു. നിലവില്‍ വരള്‍ച്ചയും കുടിവെള്ളക്ഷാമവും നേരിടുന്ന പ്രദേശങ്ങളില്‍ ഭൂമിതുരന്ന് ഇത്തരമൊരു പാത കടന്നുപോകുന്നത് കേരളത്തിന്‍െറ പാരിസ്ഥിതിക ജൈവികഘടനയെ തകര്‍ക്കുമെന്ന് അതിവേഗ റെയില്‍ പ്രതിരോധസമിതി ചെയര്‍മാന്‍ സി.ആര്‍. നീലകണ്ഠന്‍ പറഞ്ഞു.
പൊതുജനാഭിപ്രായം ആരായുമെന്നത് പദ്ധതി നടപ്പാക്കിയെടുക്കാനുള്ള പ്രഹസനമാണെന്നും ജനകീയ സമരങ്ങളെ കണ്ടില്ളെന്നു നടിച്ചാല്‍ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.