കൊച്ചി: തുടർച്ചയായി ഉത്തരവുകളിട്ടിട്ടും ഫ്ലക്സ് ബോർഡുകൾ പെരുകുന്നത് പരിതാ പകരമെന്ന് ഹൈകോടതി. ഫ്ലക്സ് നിരോധനവുമായി ബന്ധപ്പെട്ട് 14 ഇടക്കാല ഉത്തരവുകൾ നൽകിയിട്ടും ഫലം കണ്ടിട്ടില്ല. കലക്ടർമാർ സർവേ നടത്തി റിപ്പോർട്ട് നൽകാനുള്ള മുൻ ഉത്തരവ് നടപ്പാക്കാൻ സർക്കാർ കൂടുതൽ സമയം തേടിയ സാഹചര്യത്തിൽ അത് നടപ്പാക്കുന്നതിലെ വീഴ്ചക്ക് ചീഫ് സെക്രട്ടറിയെയും പ്രിൻസിപ്പൽ സെക്രട്ടറിയെയും വിളിച്ചുവരുത്തി വിശദീകരണം തേടേണ്ടതാണെങ്കിലും അതിന് മുതിരുന്നില്ല.
എന്നാൽ, അടുത്തതവണ ഇത് പരിഗണിക്കുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. അനധികൃത ഫ്ലക്സ് ബോർഡുകൾക്കെതിരെ സ്വമേധയാ സ്വീകരിച്ച കേസാണ് സിംഗിൾ ബെഞ്ചിെൻറ പരിഗണനയിലുള്ളത്. സ്ഥാപിച്ചവർക്കുതന്നെ അനധികൃത ഫ്ലക്സ് ബോർഡുകൾ തിരിച്ചുനൽകി ക്രിമിനൽ കേസ് എടുക്കുന്നതിനൊപ്പം പിഴ ഇൗടാക്കാൻ റവന്യൂ റിക്കവറിയടക്കമുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഇടക്കാല ഉത്തരവിൽ നിർദേശിച്ചു.
തദ്ദേശ സ്വയംഭരണ വകുപ്പിലെ പ്രിൻസിപ്പൽ സെക്രട്ടറി മൂന്നുദിവസത്തിനുള്ളിൽ ഇക്കാര്യം വ്യക്തമാക്കി തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം നൽകണം.
അനധികൃത ഫ്ലക്സ് ബോർഡുകളെക്കുറിച്ച് കലക്ടർമാർ സർവേ നടത്തി റിപ്പോർട്ട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്കും റീജനൽ ജോയൻറ് ഡയറക്ടർമാർക്കും നൽകാൻ ജൂൺ മൂന്നിന് ഹൈകോടതി നിർദേശിച്ചിരുന്നു. ഇതിൽ തുടർനടപടിയുണ്ടാകാത്തതിൽ ഹൈകോടതി അതൃപ്തി രേഖപ്പെടുത്തി. ഈ മാസം 30ന് ഹരജി വീണ്ടും പരിഗണിക്കുമ്പോൾ ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ സർക്കാർ അഭിഭാഷകൻ അറിയിക്കണമെന്നും ഇടക്കാല ഉത്തരവിൽ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.