കൊച്ചി: വിദേശത്ത് പോകുന്നവരെ കുടുക്കുന്ന അന്താരാഷ്ട്ര ബന്ധങ്ങളുള്ള മയക്കുമരുന്ന് കടത്ത് സംഘങ്ങളെക്കുറിച്ച് ഫലപ്രദമായ അന്വേഷണം നടത്തണമെന്ന് ഹൈകോടതി. ഖത്തറിലേക്ക് പോയ യുവാക്കള്‍ക്ക് മയക്കുമരുന്ന് നല്കി വഞ്ചിച്ചെന്ന കേസിലെ പ്രതികളായ മലയാളികളെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ഫലപ്രദമായ അന്വേഷണം വേണമെന്നാണ് കോടതി ക്രൈംബ്രാഞ്ചിന് നിർദേശം നൽകിയിരിക്കുന്നത്. വിസ ഏജൻറുമാരുടെ കെണിയിൽ കുടുങ്ങി മയക്കുമരുന്ന് കടത്തുകേസിൽ പ്രതികളായി ദോഹ ജയിലിൽ കഴിയുന്ന നാല് യുവാക്കളുടെ മോചനം തേടി അമ്മമാർ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. മക്കളുടെ മോചനത്തിന് വിദേശമന്ത്രാലയത്തിന് സമര്‍പ്പിച്ച നിവേദനത്തില്‍ സ്വീകരിച്ച നടപടി വ്യക്തമാക്കണമെന്ന് കേന്ദ്രസര്‍ക്കാറിനോടും കോടതി ആവശ്യപ്പെട്ടു. തുടർന്ന് കേസ് ഓണാവധിക്കുശേഷം പരിഗണിക്കാൻ മാറ്റി.
ഹരജിക്കാരുടെ മക്കൾ നാലുപേരും വിദേശത്തെ ജയിലിലായതിനാല്‍ അന്വേഷണത്തില്‍ ബുദ്ധിമുട്ടുള്ളതായി സര്‍ക്കാര്‍ അറിയിച്ചു. ഒരുപ്രതിയെ അറസ്റ്റുചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെ, കേസ് പിന്‍വലിക്കണമെന്ന് വിദേശ ജയിലിൽ കഴിയുന്ന കെവിന് മാത്യുവിനോട് ഇതേ ജയിലിെല ചിലര്‍ ആവശ്യപ്പെടുന്നതായി ഹരജിക്കാരുടെ അഭിഭാഷകന് കോടതിയെ അറിയിച്ചു. ഹരജി പിന്‍വലിച്ചാൽ പകരം പണം നല്‍കാമെന്നാണ് വാഗ്ദാനം. ജയിലില്‍ കടുത്ത പീഡനമാണ് നേരിടുന്നതെന്നും അഭിഭാഷകന് ചൂണ്ടിക്കാട്ടി.
ശിക്ഷ നടപ്പാക്കാതിരിക്കാന്‍ ഖത്തറിലെ ഇന്ത്യന്‍ നയതന്ത്ര ഏജന്‍സിയുമായി അടിയന്തരമായി ബന്ധപ്പെടേണ്ടതുണ്ടെന്ന് സി.ബി.ഐയും അറിയിച്ചു. തുടർന്നാണ് വിദേശകാര്യ മന്ത്രാലയം ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ അറിയിക്കാൻ കോടതി നിർദേശിച്ചത്. കേസന്വേഷണത്തിന് ക്രൈംബ്രാഞ്ചിെൻറ പ്രത്യേകസംഘം രൂപവത്കരിച്ചതായി കഴിഞ്ഞദിവസം സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.