നഴ്​സുമാരുടെ ശമ്പളപരിഷ്​കരണം: വിജ്ഞാപനത്തിന്​ സ്​റ്റേയില്ല

കൊച്ചി: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ മിനിമം വേതന വിജ്ഞാപനം സ്​റ്റേ ചെയ്യണമെന്ന ആശുപത്രി ഉടമകളുടെ ആവശ്യം ഹൈകോടതി അനുവദിച്ചില്ല. വിശദമായ വാദം കേട്ടശേഷം ഇക്കാര്യം തീരുമാനിക്കാമെന്ന് കോടതി വ്യക്തമാക്കി. ഏപ്രിൽ 23ന് സർക്കാർ പുറത്തിറക്കിയ വിജ്ഞാപനം ചോദ്യം ചെയ്ത് കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷനും മലപ്പുറം നിംസ് ആശുപത്രി ചെയർമാൻ ഹുസൈൻ കോയ തങ്ങളും നൽകിയ ഹരജിയാണ് സിംഗിൾബെഞ്ച് പരിഗണിക്കുന്നത്. 

സംസ്ഥാനത്തെ ആരോഗ്യമേഖലയുടെ 75 ശതമാനവും കൈകാര്യം ചെയ്യുന്നത് സ്വകാര്യ ആശുപത്രികളാണെന്നും സർക്കാറി​​െൻറ വിജ്ഞാപനമനുസരിച്ച് ശമ്പളം നൽകിയാൽ ആശുപത്രികൾ പ്രതിസന്ധിയിലാകുമെന്നുമാണ്​ ഹരജിക്കാരുടെ വാദം. എന്നാൽ, വിജ്ഞാപനത്തിൽ എതിർപ്പുണ്ടെങ്കിൽ അക്കാര്യം സർക്കാറിനെ അറിയിക്കാമെന്ന് ഹൈകോടതി വ്യക്തമാക്കി. ഹരജി ഒരുമാസം കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി.

നഴ്സുമാരുടെ മിനിമം വേതനം നിശ്ചയിച്ച് സർക്കാർ വിജ്ഞാപനം ഇറക്കിയത് നിയമപരമല്ലെന്നാണ് ഹരജിക്കാരുടെ വാദം. കിടക്കകളുടെ എണ്ണത്തിനനുസരിച്ച് ആശുപത്രികളെ വേർതിരിച്ച് വേതനം നിശ്ചയിക്കാൻ 1948 ലെ മിനിമം വേതന നിയമപ്രകാരം കഴിയില്ല. 2009 ലെ മിനിമം വേതനത്തെ ചോദ്യം ചെയ്യുന്ന ഹരജി ഹൈകോടതിയുടെ പരിഗണനയിലുണ്ട്. മിനിമം വേതനം സംബന്ധിച്ച ഡോ. ജഗദീഷ് പ്രസാദ് കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നത് തടഞ്ഞ് 2016 ഫെബ്രുവരിയിൽ ഹൈകോടതിയുടെ ഉത്തരവ് നിലവിലുണ്ട്. പക്ഷേ, റിപ്പോർട്ടിലെ ശിപാർശ അതേപടി പകർത്തിയാണ് സർക്കാർ ഇപ്പോൾ വിജ്ഞാപനം ഇറക്കിയതെന്നും ഹരജിയിൽ ആരോപിക്കുന്നു.

Tags:    
News Summary - Highcourt on nurse salary issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.