തിരുവനന്തപുരം: ഹയർ സെക്കൻഡറി ഫിസിക്സ് ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്. പഠനത്തിെൻറ ഭാഗമായി വിദ്യാർഥികൾ എഴുതി തയാറാക്കിയ ചോദ്യാവലിയാണ് വാട്സ്ആപ് വഴി പ്രചരിച്ചതെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് ഡി.ജി.പി സർക്കാറിന് പ്രാഥമിക റിപ്പോർട്ട് കൈമാറി. ചോർച്ച സംബന്ധിച്ച അന്വേഷണം തുടരുമെന്ന് ഡി.ജി.പി ലോകനാഥ് ബെഹ്റ അറിയിച്ചു.
ഇൗമാസം 21നു നടന്ന ഹയർ സെക്കൻഡറി ഫിസിക്സ് പരീക്ഷയുടെ േചാദ്യപേപ്പർ വാട്സ്ആപിലൂടെ പ്രചരിച്ചുവെന്നതായിരുന്നു അന്വേഷണത്തിന് ആധാരം. ഹയർ സെക്കൻഡറി ഡയറക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിൽ ൈസബർസെൽ അന്വേഷണം ആരംഭിച്ചു. ആദ്യം തിരുവനന്തപുരം യൂനിറ്റും പിന്നീട് കൊച്ചി യൂനിറ്റുമാണ് അന്വേഷണം നടത്തിയത്. തൃശൂർ മതിലകം സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ പഠനത്തിെൻറ ഭാഗമായി തയാറാക്കിയ ചോദ്യാവലിയാണ് വാട്സ്ആപ് വഴി പ്രചരിച്ചത്. ആദ്യം 40 ചോദ്യങ്ങള്‍ എഴുതി തയാറാക്കിയ വിദ്യാർഥികൾ അധ്യാപരുടെ സഹായത്തോടെ പ്രധാനപ്പെട്ട 26 ചോദ്യങ്ങളാക്കി പിന്നീടതിനെ പരിഷ്കരിക്കുകയായിരുന്നെന്നും അന്വേഷണത്തിൽ കണ്ടെത്തി.
ഇൗ 26ൽ 10 ചോദ്യങ്ങളാണ് ഫിസിക്സ് പരീക്ഷക്കുവന്നത്. മറ്റു പരീക്ഷകളിലും വിദ്യാർഥികൾ തയാറാക്കിയ ചോദ്യാവലിയിൽനിന്ന് ചോദ്യങ്ങള്‍ വന്നിട്ടുണ്ട്. വാട്സ്ആപ് ഗ്രൂപ്പുകള്‍ പരിശോധിച്ചപ്പോള്‍ ഇക്കാര്യം വ്യക്തമായെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. അധ്യാപകരിൽനിന്നും വിദ്യാർഥികളിൽനിന്നും മൊഴിയെടുത്ത സംഘം ശാസ്ത്രീയ പരിശോധനയും കൈയക്ഷര പരിശോധനയുമുൾപ്പെടെ നടത്തിയശേഷമാണ് റിപ്പോർട്ട് തയാറാക്കിയത്. പ്രത്യേകാന്വേഷണ സംഘം തയാറാക്കിയ റിപ്പോർട്ട് ക്രൈംബ്രാഞ്ച് മേധാവി ബി.എസ്.മുഹമ്മദ് യാസിന് സമർപ്പിക്കുകയും അദ്ദേഹം അത് സർക്കാറിന് കൈമാറുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.