തിരുവനന്തപുരം: രണ്ടാം വർഷ ഹയർസെക്കൻഡറി ഫിസിക്സ് പരീക്ഷയുടെ ചോദ്യങ്ങൾ വാട്സ് ആപ് വഴി പ്രചരിപ്പിച്ച സംഭവത്തിൽ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിർദേശപ്രകാരമാണ് അന്വേഷണം. ബുധനാഴ്ച നടത്തിയ ഫിസിക്സ് പരീക്ഷ ചോദ്യപേപ്പർ ചോർത്തി വാട്സ്ആപ് വഴി പ്രചരിപ്പിച്ചതായാണ് പരാതി. തൃശൂർ ജില്ല ഹയർസെക്കൻഡറി കോ-ഓഡിനേറ്റർക്ക് വാട്സ്ആപ് വഴി ഇത് ലഭിക്കുകയും തുടർന്ന് അദ്ദേഹം അത് ഹയർസെക്കൻഡറി ജോയൻറ് ഡയറക്ടർക്ക് തുടർനടപടിക്കായി അയച്ചുനൽകുകയും ചെയ്തിരുന്നു.
തുടർന്ന് ഹയർസെക്കൻഡറി ഡയറക്ടർ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. ചോദ്യപേപ്പർ പകർത്തിയെഴുതി തയാറാക്കിയരീതിയിലായിരുന്നു വാട്സ്ആപ് വഴി പ്രചരിച്ചിരുന്നത്. ഐ.പി.സി 406, ഐ.ടി ആക്ട് 43, 66 വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എത്രയും വേഗം ഇക്കാര്യത്തിൽ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനുമുന്നിൽ കൊണ്ടുവരുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു. കൊടുങ്ങല്ലൂർ മേഖലയിലെ സ്കൂളുകൾ കേന്ദ്രീകരിച്ചാണ് ചോദ്യങ്ങൾ പ്രചരിച്ചത്. നാല് പേപ്പറുകളിലായി എഴുതി തയാറാക്കിയ 23 ചോദ്യങ്ങളിൽ ആറെണ്ണം ബുധനാഴ്ചയിലെ ഫിസിക്സ് പരീക്ഷയിൽ മാറ്റമില്ലാതെ ആവർത്തിച്ച നിലയിലാണ്. 16 മാർക്കിനുള്ളതാണ് ഇൗ ചോദ്യങ്ങൾ.
ചോദ്യങ്ങൾ പ്രചരിപ്പിച്ചത് ആരെന്നതിനൊപ്പം സമയവും കൂടി പൊലീസ് പരിശോധിക്കുന്നുണ്ട്. പരീക്ഷ കഴിഞ്ഞശേഷം എഴുതി തയാറാക്കി പ്രചരിപ്പിച്ചതാണോ അതിന് മുമ്പുതന്നെ പ്രചരിപ്പിക്കപ്പെേട്ടാ എന്നതാണ് പ്രധാനമായും പൊലീസ് പരിശോധിക്കുന്നത്. പരീക്ഷക്ക് മുമ്പുതന്നെ ചോദ്യങ്ങൾ പ്രചരിപ്പിക്കപ്പെെട്ടങ്കിൽ അത് ഗൗരവമുള്ളതാണെന്നും ചോദ്യങ്ങൾ ചോർന്നുവെന്ന് കരുതേണ്ടിവരുമെന്നും ഹയർസെക്കൻഡറി പരീക്ഷാ സെക്രട്ടറി പ്രഫ. ഇമ്പിച്ചിക്കോയ പറഞ്ഞു. ബുധനാഴ്ചതന്നെ വാട്സ്ആപ്പിൽ മറ്റൊരു ചോദ്യേപപ്പർ എഴുതി തയാറാക്കിയ നിലയിൽ പ്രചരിച്ചിരുന്നു. എന്നാൽ, ഇതിലെ രണ്ട് ചോദ്യങ്ങൾക്ക് മാത്രമാണ് യഥാർഥ ചോദ്യപേപ്പറിലെ ചോദ്യങ്ങളുമായി സാമ്യതയുള്ളതെന്നും ഇവ ആവർത്തിച്ച് ചോദിക്കുന്ന ചോദ്യങ്ങളാണെന്നുമുള്ള വിദഗ്ധോപദേശത്തിൽ ഹയർസെക്കൻഡറി ഡയറക്ടറേറ്റ് അവഗണിക്കുകയായിരുന്നു. എന്നാൽ, വ്യാഴാഴ്ച രാവിലെ ലഭിച്ച മറ്റൊരു ചോദ്യപേപ്പറിൽ ആറ് ചോദ്യങ്ങൾ മൂല്യത്തിൽപോലും മാറ്റമില്ലാതെ ആവർത്തിച്ചത് ശ്രദ്ധയിൽപെട്ടതോടെയാണ് ഡയറക്ടർ ഡി.ജി.പിക്ക് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.