കൊച്ചി: രണ്ടാം വർഷ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളുടെ ഒന്നാംപാദ വാർഷിക പരീക്ഷയുടെ ചോദ്യപേപ്പർ അതത് സ്കൂളുകളിൽ തയാറാക്കി നടത്തണമെന്ന സർക്കാർ ഉത്തരവ് ബാഹ്യ ഏജൻസികൾ മുതലെടുത്തതായി സൂചന. സ്കൂളുകളിൽനിന്ന് പണം വാങ്ങി ഇവർ ഏകീകൃത ചോദ്യപേപ്പർ തയാറാക്കി വിതരണം ചെയ്തതിന്റെ തെളിവുകൾ പുറത്തുവന്നു.
സെപ്റ്റംബർ നാലുമുതൽ 12 വരെ ഒന്നാംപാദ വാർഷിക പരീക്ഷ നടത്താൻ പൊതു ടൈംടേബിൾ നൽകിയെങ്കിലും അതത് സ്കൂളുകളിൽ ചോദ്യ പേപ്പർ തയാറാക്കി ഓണപ്പരീക്ഷ നടത്താനായിരുന്നു സർക്കാർ നിർദേശം. പത്താം ക്ലാസ് വരെ സർക്കാർ തലത്തിൽ പൊതു ചോദ്യപേപ്പർ തയാറാക്കി സൗജന്യമായി നൽകിയിരുന്നു.
സ്കൂൾ തലത്തിൽ ചോദ്യപേപ്പർ തയാറാക്കുന്ന സാഹചര്യത്തിൽ ഏകീകൃത ടൈംടേബിൾ ആവശ്യമില്ലെന്നിരിക്കെ പൊതുവിദ്യാഭ്യാസ വകുപ്പ് ഏകീകൃത ടൈംടേബിൾ നൽകിയത് മുതലെടുത്താണ് ബാഹ്യ ഏജൻസികൾ ചോദ്യപേപ്പറുകൾ തയാറാക്കി നൽകിയത്.
ബാഹ്യ ഏജൻസി ഏകീകൃത ചോദ്യപേപ്പർ തയാറാക്കി വിതരണം ചെയ്ത സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ അച്ചടക്ക നടപടി കൈക്കൊള്ളണമെന്ന് എച്ച്.എസ്.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ എം. ജോർജ് വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.