തിരുവനന്തപുരം: സ്ഥലംമാറ്റത്തിന് കുറുക്കുവഴി തേടിയപ്പോൾ സർക്കാർ ഹയർ സെക്കൻഡറി അധ്യാപകരിൽ നല്ലൊരു ശതമാനവും നിത്യരോഗികൾ. സ്ഥലംമാറ്റപട്ടികയിൽ ഇടംപിടിക്കാനോ ഇഷ്ടസ്കൂളിൽ തന്നെ നിലയുറപ്പിക്കാനോ പലരും സ്വീകരിച്ചത് അനുകമ്പാർഹ (കംപാഷണേറ്റ്) പശ്ചാത്തലമാണ്. രോഗികളായ അധ്യാപകർ, അധ്യാപകരുടെ ആശ്രിതർ ആരെങ്കിലും രോഗി തുടങ്ങിയ രേഖകൾ സംഘടിപ്പിച്ചാണ് പലരും കരട് പട്ടിയിൽ ഇടംപിടിച്ചത്.
679 പേർ കംപാഷണേറ്റ് പട്ടികയിലും 571 പേർ കരട് പട്ടികയിലുമുണ്ട്. സാധാരണരീതിയിൽ അപേക്ഷിച്ചാൽ ഇഷ്ടാനുസൃതം കിട്ടില്ലെന്ന് കണ്ട പലരും മെഡിക്കൽ സർട്ടിഫിക്കറ്റുകൾ സംഘടിപ്പിച്ചു. നിത്യരോഗികളായ അധ്യാപകരുടെ എണ്ണം വർധിച്ചത് സോഷ്യൽ മീഡിയയിൽ ട്രോളർമാർക്ക് വിഭവമായി. മക്കളെ പഠിപ്പിക്കുന്നവരിൽ നല്ലൊരു ശതമാനവും നിത്യരോഗികളാണെന്നും അവരുടെ ആരോഗ്യം സംരക്ഷിക്കാൻ സർക്കാർ തയാറാകണമെന്നുമായിരുന്നു സോഷ്യൽ മീഡിയയിലെ പരിഹാസം. അനുകമ്പാർഹ സാഹചര്യത്തിൽ ഒേട്ടറെ പേർ അനധികൃതമായി സ്ഥലംമാറ്റം സംഘടിപ്പിച്ചപ്പോൾ മാതൃജില്ലയിലേക്ക് തിരിച്ചെത്താനാകാതെ ഒേട്ടറെ പേർ ഇതരജില്ലകളിൽ തുടരേണ്ടിയും വന്നു.
മാറ്റത്തിന് കൂട്ടയിടി നടന്നത് തിരുവനന്തപുരം, കൊല്ലം ജില്ലകളിലേക്കാണ്. ഇംഗ്ലീഷ് അധ്യാപക തസ്തികയിൽ 75 പേർക്കാണ് സ്ഥലംമാറ്റം നൽകിയത്. 22 പേർ തിരുവനന്തപുരത്തും 21 പേർ കൊല്ലത്തുമാണ്. പത്തും പന്ത്രണ്ടും വർഷമായി ഒരു ജില്ലയിൽ തന്നെ ജോലി ചെയ്യുന്നവർ ഇത്തവണ മുൻഗണന ആനുകൂല്യം ഉപയോഗിച്ച് അേത ജില്ലയിൽ തുടർന്നു. പലർക്കും നിലവിൽ ജോലി ചെയ്യുന്ന സ്കൂളിലേക്ക് തന്നെ സ്ഥലംമാറ്റം നൽകുന്ന വിചിത്രരീതിയും പട്ടികയിൽ കണ്ടു. കരട് പട്ടികയിലെ ക്രമക്കേടിനെതിരെ അധ്യാപകർ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിക്കുകയും അന്തിമ പട്ടിക തടയുകയും ചെയ്തിട്ടുണ്ട്.
കംപാഷണേറ്റ്, പ്രയോറിറ്റി കരടുപട്ടികകളിൽ പരിധിവിട്ട് പരിഗണന നൽകിയതിലാണ് ട്രൈബ്യൂണൽ ഇടപെട്ടത്. ഇക്കാര്യം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനും ട്രൈബ്യൂണൽ സർക്കാറിന് നിർദേശം നൽകിയിട്ടുണ്ട്. ട്രൈബ്യൂണൽ ഉത്തരവ് സർക്കാർ പരിഗണനയിലാണെന്നും മറുപടി ലഭിക്കുന്ന മുറക്ക് ട്രൈബ്യൂണലിൽ വിശദീകരണം സമർപ്പിക്കുമെന്നുംഹയർ സെക്കൻഡറി ഡയറക്ടർ പി.കെ. സുധീർ ബാബു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.