തിരുവനന്തപുരം: ഹയർ സെക്കൻഡറി അധ്യാപക സ്ഥലംമാറ്റത്തിൽ കോടതിയലക്ഷ്യ കേസിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസിനെതിരെ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ കോടതിയലക്ഷ്യക്കുറ്റം ചുമത്തുന്നു. ഡയറക്ടർക്കെതിരെ കുറ്റം ചുമത്തുന്നതിനായി കേസ് 28ന് പരിഗണിക്കാൻ ട്രൈബ്യൂണൽ ഉത്തരവിട്ടു.
വെള്ളിയാഴ്ച രാവിലെ കേസ് പരിഗണിച്ചപ്പോൾ സർക്കാർ അഭിഭാഷകൻ അധ്യാപക സ്ഥലംമാറ്റം സംബന്ധിച്ച ഹരജി ഹൈകോടതിയുടെ പരിഗണയിലാണെന്നും അതിനാൽ കേസ് മാറ്റിവെക്കണമെന്നും അഭ്യർഥിച്ചു. എന്നാൽ, ഡയറക്ടർ നേരിട്ട് ഹാജരാകണമെന്ന് ട്രൈബ്യൂണൽ ഉത്തരവിട്ടു. ഇതേതുടർന്ന് ഉച്ചക്ക് ശേഷം ഡയറക്ടർ നേരിട്ട് ട്രൈബ്യൂണൽ മുമ്പാകെ ഹാജരായി കൂടുതൽ സമയം ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കാതിരുന്ന ട്രൈബ്യൂണൽ കുറ്റം ചുമത്തുന്നതിനായി കേസ് 28ന് പരിഗണിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഹയർ സെക്കൻഡറി അധ്യാപക സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് 2022ൽ ട്രൈബ്യൂണൽ മുമ്പാകെ വന്ന കേസിലുള്ള കോടതിയലക്ഷ്യ ഹരജിയാണ് ട്രൈബ്യൂണൽ കഴിഞ്ഞദിവസം പരിഗണിച്ചത്. മാതൃജില്ലക്ക് പുറത്തുള്ള ഔട്ട് സ്റ്റേഷൻ സർവിസ് സീനിയോറിറ്റി മാതൃജില്ലക്ക് പുറമെ സമീപജില്ലകളിലേക്കും സ്ഥലംമാറ്റത്തിന് പരിഗണിക്കണമെന്ന് ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു. സമീപ ജില്ലകളിലേക്ക് പരിഗണിക്കണമെന്ന നിർദേശത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തത തേടിയിരുന്നു. സ്ഥലംമാറ്റം സംബന്ധിച്ച് മാനദണ്ഡങ്ങൾ രൂപവത്കരിച്ച് 2019 മാർച്ച് രണ്ടിന് പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവിലെ വ്യവസ്ഥ 2(ii) പ്രകാരം സ്ഥലംമാറ്റം നടത്തണമെന്ന് ട്രൈബ്യൂണൽ വ്യക്തത നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.