കോഴിക്കോട്: എെൻറ ജീവിതം നിരർഥകമാണെന്ന് തോന്നിയിട്ടേയില്ലെന്നും ആകാവുന്നത്ര കാര്യങ്ങൾ ചരിത്രശാഖയിൽ ചെയ്തെന്നും ഡോ. എം.ജി.എസ്. നാരായണൻ. എം.ജി.എസിെൻറ നവതിദിനത്തിൽ ഭാഷാ സമന്വയ വേദി, ചരിത്രകാരന്മാർ, ആർക്കിയോളജിസ്റ്റുകൾ, മുൻകാല സഹപ്രവർത്തകർ, വിദ്യാർഥികൾ, എഴുത്തുകാർ, പ്രസാധകർ, സാമൂഹിക സാംസ്കാരിക പ്രവർത്തകർ എന്നിവരെ പങ്കെടുപ്പിച്ച് നടന്ന ദേശീയ വെബിനാറിൽ മറുപടിപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ചരിത്രത്തിലേക്ക് ആദ്യം ആകർഷിച്ചത് പ്രഫ. കൃഷ്ണയ്യരാണ്. ക്ലാസ് മുറികൾക്കപ്പുറത്തുപോയി ചരിത്രം പഠിപ്പിക്കുന്ന രീതിയായിരുന്നു അദ്ദേഹത്തിേൻറത്. ശാസ്ത്രവിഷയത്തിലാണ് ആദ്യം കോളജിൽ പ്രവേശനം ലഭിച്ചത്. തവളയെയും പാറ്റയെയും കീറലും മുറിക്കലും കണ്ടപ്പോൾ അതിലെ അഭിരുചി നഷ്ടമായി. തുടർന്നാണ് ചരിത്രത്തിലേക്ക് ചുവടുവെച്ചത്. വട്ടെഴുത്ത്, കോലെഴുത്ത് എന്നിവ പഠിച്ചപ്പോൾ കേരളത്തിലെ പെരുമാൾമാരെ കുറിച്ച് പഠിക്കാൻ പ്രത്യേകം താൽപര്യം തോന്നി. ഇംഗ്ലണ്ട്, ജപ്പാൻ, റഷ്യ എന്നിവിടങ്ങളിൽ ചരിത്രം പഠിപ്പിച്ചു. ചരിത്രത്തിനെ മറ്റു വിഷയങ്ങളുമായി ബന്ധപ്പെടുത്തി പഠിക്കണമെന്നാണ് എെൻറ വിലയിരുത്തൽ. കേളപ്പജിയുമായുള്ള സമ്പർക്കം വലിയ ജീവിതവീക്ഷണം നൽകി. ഗാന്ധിജിയെ കാണാനാവാത്ത ഖേദം തീർന്നത് കേളപ്പജിയെ കണ്ടപ്പോഴാണെന്നും തൊണ്ണൂറാം പിറന്നാൾ വേളയിൽ എം.ജി.എസ് പറഞ്ഞു.
ബിഹാറിലെ വീർ കുൻവർ സിങ് സർവകലാശാല ചരിത്രവിഭാഗം മുൻ മേധാവി പ്രഫ. ദിനേശ് തിവാരി ചടങ്ങ് ഉദ്ഘാടനംചെയ്തു. ആർക്കിയോളജിയും ചരിത്രവും തമ്മിലുണ്ടാകേണ്ട ഗാഢബന്ധം മനസ്സിലാക്കിയ ചരിത്രകാരനാണ് എം.ജി.എസ് എന്നദ്ദേഹം പറഞ്ഞു. ആത്മധൈര്യവും സ്വതന്ത്രചിന്തയും എം.ജി.എസിെൻറ വ്യക്തിത്വ സവിശേഷതയാണെന്ന് മുഖ്യപ്രഭാഷകൻ ഡോ. കെ.കെ. മുഹമ്മദ് പറഞ്ഞു.
എഴുത്തുകാരി കെ.പി. സുധീര അധ്യക്ഷത വഹിച്ചു. ഡോ. ആർസു, ഡോ. സി. രാജേന്ദ്രൻ, ഡോ. ഗോപി പുതുക്കോട്, ഡോ. ഒ. വാസവൻ, കെ.ജി. രഘുനാഥ്, സണ്ണി ജോസഫ്, പി.ഐ. അജയൻ, ഡോ. പി.കെ. രാധാമണി, സഫിയ നരിമുക്കിൽ, ഡോ. ശ്രീജ കൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.