മാസങ്ങളായി പറയുന്ന ജാഗ്രത ഇനിയും കൂട്ടേണ്ട സമയമായി. കേരളത്തിൽ മാത്രം പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണം 11,000 കടന്നു. ശ്രദ്ധ കൂട്ടിയില്ലെങ്കിൽ കോവിഡ് നമ്മെയും തേടിയെത്തും. കൈയും മുഖവും വൃത്തിയാക്കുന്നതിനൊപ്പം തന്നെ ചില പ്രധാന കാര്യങ്ങളുണ്ട്. ഏറ്റവും ശ്രദ്ധ നൽകേണ്ടത് നിത്യവും ഉപയോഗിക്കുന്ന വസ്തുക്കൾക്കുതന്നെ.
വൈറസിെൻറ പ്രധാന താമസസ്ഥലങ്ങളിൽ നമ്മുടെ വസ്ത്രവുംപെടും. പുറത്തുപോയി വരുന്നവരിൽ സാധ്യത ഏറെ. വസ്ത്രങ്ങളിൽ പറ്റിയ വൈറസ് നീക്കാൻ പ്രത്യേക ശ്രദ്ധ വേണം. പുറത്തുപോയി തിരികെയെത്തിയാൽ ആദ്യം വസ്ത്രങ്ങളും ശരീരവും വൃത്തിയാക്കണം. തുണി സോപ്പ് ഉപയോഗിച്ച് കഴുകി അണുനാശിനികളിൽ മുക്കി നല്ല വെയിലിൽ ഇടണം. പുറത്തുപോയിവന്ന അതേ വസ്ത്രം ധരിച്ച് കട്ടിലിൽ കിടക്കാനോ, സോഫയിലോ കസേരയിലോ ഇരിക്കാനോ ശ്രമിക്കരുത്. വീട്ടിൽ എല്ലാവരും ഉപയോഗിക്കുന്ന വസ്തുവിൽ അണുക്കൾ കയറാൻ ഇടയാകും. പുറത്തിറങ്ങി ജനങ്ങളുമായി ഇടപെടുന്നവരാണെങ്കിൽ വീട്ടിലേക്ക് പ്രവേശിക്കും മുമ്പ് പുറത്ത് ബാത്ത്റൂം സൗകര്യമുണ്ടെങ്കിൽ വൃത്തിയായ ശേഷം അകത്തേക്ക് കയറാൻ ശ്രദ്ധിക്കണം.
സ്വന്തം വസ്ത്രങ്ങൾ അവനവൻതന്നെ കഴുകാൻ ശ്രദ്ധിക്കണം. അതുവഴി കൂടുതൽ പേരിലേക്ക് രോഗം പടരുന്നത് തടയാനാകും. മുഷിഞ്ഞ വസ്ത്രങ്ങൾ വീട്ടിെലത്തിയാൽ ഉടൻ കഴുകി വൃത്തിയാക്കുകയും വേണം. വസ്ത്രങ്ങൾക്ക് പുറമെ കോവിഡ് കാലം കഴിയുന്നതുവരെ സ്ഥിരമായി ഒരേ പാത്രം ഭക്ഷണം കഴിക്കാൻ ഉപയോഗിക്കുക. മറ്റൊരാൾ ഉപയോഗിച്ച പ്ലേറ്റും ഗ്ലാസും ഉപയോഗിക്കുന്നതുവഴി വൈറസ് നമ്മിലേക്കും എത്താം. പ്രായമായവർക്കും കുട്ടികൾക്കും മാത്രമായി പാത്രങ്ങൾ നൽകാം. രോഗസാധ്യത കൂടുതൽ ഇവർക്കായതിനാൽ ഇതുവഴിയുള്ള റിസ്ക് ഒഴിവാക്കുകയും ചെയ്യാം.
സോപ്പ്, പേസ്റ്റ്, ടൗവൽ തുടങ്ങിയവ അവനവെൻറ മാത്രം ഉപയോഗിക്കാൻ ശ്രമിക്കുക. ഇവ വഴി കൊറോണ വൈറസ് മാത്രമല്ല, മറ്റു അസുഖങ്ങൾ പകരുന്നതും ഒഴിവാക്കാനാകും. വീട്ടിൽ കോമൺ ബാത്ത്റൂം, ടോയ്ലറ്റ്, വാഷ് ബേസിൻ എന്നിവ ആണെങ്കിൽ ഓരോരുത്തരുടെയും ഉപയോഗശേഷം അണുമുക്തമാക്കാൻ ശ്രദ്ധിക്കുന്നത് നല്ലതാണ്. ഉപയോഗത്തിന് മുമ്പും അണുമുക്തമാക്കുന്നതും വൈറസ് വ്യാപനം തടയാൻ സഹായിക്കും.
മുതിർന്നവരുടെയും കുഞ്ഞുങ്ങളുടെയും കാര്യത്തിൽ പ്രത്യേക ശ്രദ്ധവേണമെന്ന് പറയേണ്ടതില്ലല്ലോ. കുഞ്ഞുങ്ങളുടെ കളിപ്പാട്ടങ്ങളും മറ്റും അണുമുക്തമാക്കിയ ശേഷമേ നൽകാവൂ. പ്രായമായവർ ഉപയോഗിക്കുന്ന കണ്ണട, പേന തുടങ്ങിയവയും അണുമുക്തമാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.