തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന കെ.എസ്.ഇ.ബി വാദം തള്ളി വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. നിലവിലെ മഴ മുന്നറിയിപ്പില്‍ പ്രതീക്ഷയുള്ളതിനാല്‍ നിയന്ത്രണം ഉടന്‍ ഏര്‍പ്പെടുത്തില്ലെന്നും ഉപഭോക്താക്കള്‍ വൈദ്യുതി ഉപയോഗം സ്വയം നിയന്ത്രിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഡാമുകളില്‍ ജലനിരപ്പ് കുറഞ്ഞത് ഉല്പാദനത്തെ ബാധിച്ചിട്ടുണ്ട്. 48 ശതമാനം മഴയുടെ കുറവാണ് അനുഭവപ്പെടുന്നത്. വൈകുന്നേരം ഗ്രൈൻഡറും വാഷിങ് മെഷീനും ഉപയോഗിക്കാതെയിരുന്നാൽ തന്നെ വലിയ മാറ്റമുണ്ടാക്കാനാകും. പവര്‍കട്ടോ ലോഡ്ഷെഡിങ്ങോ തൽക്കാലം പരിഗണനയിലില്ല. മഴക്കുറവിനൊപ്പം വൈദ്യുതി വിനിയോഗ നിയന്ത്രണം അടക്കം വിലയിരുത്താൻ സെപ്റ്റംബര്‍ നാലിന് വീണ്ടും അവലോകനയോഗം ചേരുമെന്നും മന്ത്രി വ്യക്തമാക്കി.
വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന്‍ ഉപയോഗം കുറയ്ക്കണമെന്ന് കെ.എസ്.ഇ.ബിയും അഭ്യർഥിച്ചിരുന്നു. വൈകീട്ട് ആറ് മുതല്‍ രാത്രി 11 വരെ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്നാണ് ആവശ്യം. സംസ്ഥാനത്ത് സെപ്റ്റംബർ നാലുവരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് നേരത്തെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗം തീരുമാനമെടുത്തിരുന്നു. പുറത്തുനിന്നും വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കുന്നത് തുടരാനാണ് തീരുമാനം. അതേസമയം അടുത്ത മാസവും വൈദ്യുതിക്ക് സർചാർജ് ഈടാക്കും. യൂനിറ്റിന് ആകെ 19 പൈസ ആണ് സർചാർജ് ഈടാക്കുന്നത്. കെ.എസ്.ഇ.ബി നിശ്ചയിച്ച സർചാർജ് 10 പൈസയും റെഗുലേറ്ററി കമീഷൻ നവംബർ വരെ നിശ്ചയിച്ച ഒമ്പത് പൈസയും ചേർത്താണ് 19 പൈസ ഈടാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.