കായംകുളം: ആശുപത്രി ആക്രമണക്കേസിൽ കുറ്റക്കാരായ നേതാക്കൾക്കെതിരെ കർശന ഇടപെടലുമായി സി.പി.എം നേതൃത്വം. ഗവ. ആശുപത്രി ആക്രമണത്തിലെ പ്രതികളെ പുറത്താക്കാൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്തിെൻറ സാന്നിധ്യത്തിൽ കൂടിയ ഏരിയ കമ്മിറ്റിയിൽ തീരുമാനിച്ചു. ചിറക്കടവം ലോക്കൽ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ ബ്ലോക്ക് ഭാരവാഹിയുമായ സാജിദ് ഷാജഹാൻ, ടൗൺഹാൾ ബി ബ്രാഞ്ച് സെക്രട്ടറി അരുൺ അന്തപ്പൻ, എ ബ്രാഞ്ച് സെക്രട്ടറി സുധീർ, വിനോദ് എന്നിവർക്ക് എതിരെയാണ് നടപടി.
ഇവരെ സംരക്ഷിക്കാൻ ശ്രമിച്ച നേതാക്കളുടെ എതിർപ്പിനെ തള്ളിയാണ് തീരുമാനം എന്നതാണ് ശ്രദ്ധേയം. ചുമതലകളിൽനിന്ന് താൽക്കാലികമായി ഒഴിവാക്കിയതിനൊപ്പം വിഷയത്തിൽ അന്വേഷണം നടത്താനായി ഏരിയ സെന്‍റർ അംഗങ്ങളായ എസ്. നസീം, ബി. അബിൻഷ എന്നിവരടങ്ങിയ കമീഷനെയും നിശ്ചയിച്ചു.കഴിഞ്ഞാഴ്ചയാണ് അരുണിെൻറ നേതൃത്വത്തിലുള്ള സംഘം ആശുപത്രിക്കുള്ളിൽ സംഘർഷമുണ്ടാക്കിയത്. കല്ലുംമൂട് ജങ്ഷനിൽ വെച്ച് ഇവരുമായുണ്ടായ സംഘട്ടനത്തിൽ പരിക്കേറ്റ സുരേഷിനെ പിന്തുടർന്ന് എത്തിയാണ് അതിക്രമം കാട്ടിയത്.
വിഷയത്തിൽ ഏരിയ നേതൃത്വം അലംഭാവം കാട്ടിയതാണ് സംസ്ഥാന-ജില്ല നേതാക്കളുടെ സാന്നിധ്യത്തിൽ യോഗം കൂടാൻ ഇടയാക്കിയത്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സജി ചെറിയാൻ, ജില്ല സെക്രട്ടറി ആർ. നാസർ, സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.എച്ച്. ബാബു ജാൻ, എ. മഹേന്ദ്രൻ എന്നിവരാണ് ഉപരി കമ്മിറ്റിയിൽനിന്ന് പങ്കെടുത്തത്. ജില്ല കമ്മിറ്റി അംഗം എൻ. ശിവദാസൻ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിബിൻ സി. ബാബു, റഫീഖ്, കെ.എൽ. പ്രസന്നകുമാരി എന്നിവർ പ്രതികൾക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു.
ഇതോടൊപ്പം പൂഴ്ത്തി വെക്കപ്പെട്ട അന്വേഷണ കമീഷൻ അടിയന്തര സ്വഭാവത്തിൽ ചർച്ചക്ക് എടുക്കാനും തീരുമാനിച്ചു.കഴിഞ്ഞ സമ്മേളനസമയത്ത് കരീലക്കുളങ്ങരയിൽ പാർട്ടി അംഗത്തിന്റെ ഹോട്ടലിന് നേരെയുണ്ടായ അക്രമം, കഴിഞ്ഞ നഗരസഭ ഭരണകാലത്തെ പ്രശ്നങ്ങൾ, എരുവ ലോക്കൽ കമ്മിറ്റി സെക്രട്ടറിക്ക് എതിരെ ഉയർന്ന ആക്ഷേപം തുടങ്ങിയ വിഷയങ്ങളിലെ റിപ്പോർട്ടുകളാണ് പരിഗണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.