തിരുവനന്തപുരം: ദുരുപയോഗ സാധ്യത കണക്കിലെടുത്ത് ആരോഗ്യ പ്രവർത്തകർക്കെതിരെ ‘വാക്കാലുള്ള അധിക്ഷേപം’ തടവിനും പിഴക്കും ഇടയാക്കുമെന്ന വ്യവസ്ഥ ആശുപത്രി സംരക്ഷണ നിയമഭേദഗതിയിൽ നിന്ന് ഒഴിവാക്കാൻ തീരുമാനം.
ഇതടക്കം ഭേദഗതികളോടുകൂടിയ ബിൽ തിങ്കളാഴ്ച ആരംഭിക്കുന്ന നിയസഭ സമ്മേളനത്തിൽ പാസാക്കും.
വിവാദ വ്യവസ്ഥക്കെതിരെ പ്രതിപക്ഷവും പൊതുജനാരോഗ്യ പ്രവർത്തകരും കടുത്ത വിയോജിപ്പുയർത്തിയ സാഹചര്യത്തിലാണ് ഇക്കാര്യം ഒഴിവാക്കാൻ സബ്ജക്ട് കമ്മിറ്റിയിൽ തീരുമാനമായത്. ഡോ. വന്ദനദാസിന്റെ കൊലപാതകത്തെ തുടർന്നാണ് ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് ശിക്ഷ വർധിപ്പിച്ചും കൂടുതൽ വിഭാഗങ്ങളെ ‘ആരോഗ്യപ്രവർത്തകർ’ എന്ന പരിഗണനയിൽ ഉൾപ്പെടുത്തിയും ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓർഡിനൻസ് പുറപ്പെടുവിച്ചത്. ആഗസ്റ്റ് എട്ടിന് നിയമഭേദഗതി ബിൽ ആയി നിയമസഭയുടെ അംഗീകാരത്തിനെത്തിയപ്പോൾ വിയോജിപ്പുകളുണ്ടായിരുന്നു. പിന്നാലെയാണ് സബ്ജക്ട് കമ്മിറ്റിയുടെ പരിശോധനക്ക് വിട്ടത്.
ആരോഗ്യപ്രവർത്തകർക്ക് നേരെ വാക്കാലുള്ള അധിക്ഷേപത്തിന് മൂന്നുമാസം തടവും 10,000 രൂപയുമാണ് ഓർഡിനൻസിലും കരട് നിയമഭേദഗതിയിലും ശിക്ഷ വ്യവസ്ഥ ചെയ്തിരുന്നത്.
ഇത് രോഗികളെയും കൂട്ടിരിപ്പുകാരെയും ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പൊതുപ്രവർത്തകരെയും നിസ്സാര കാര്യങ്ങൾക്ക് കേസുകളിൽ ഉൾപ്പെടുത്തും വിധം ദുരുപയോഗ സാധ്യതയുള്ളതാണെന്ന് സബ്ജക്ട് കമ്മിറ്റിയിലെ ചർച്ചയിലും അഭിപ്രായമുയർന്നിരുന്നു. പുതിയ നിയമഭേദഗതിയോടെ ‘ആരോഗ്യപ്രവർത്തകർ’ എന്നതിന്റെ പരിധിയിൽ സെക്യൂരിറ്റി ജീവനക്കാരടക്കം കൂടുതൽ വിഭാഗങ്ങൾ ഉൾപ്പെടുന്ന സാഹചര്യത്തിൽ വിശേഷിച്ചും. നേരത്തെയുള്ള നിയമത്തിൽ ഡോക്ടർമാർക്കും നഴ്സുമാർക്കും പുറമെ, മെഡിക്കൽ വിദ്യാർഥികൾ, നഴ്സിങ് വിദ്യാർഥികൾ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരെയാണ് ആരോഗ്യപ്രവർത്തകരായി പരിഗണിച്ചിരുന്നത്.
പുതിയ ഭേദഗതിയിൽ ഇത് ആശുപത്രികളിലെ സെക്യൂരിറ്റി ജീവനക്കാർ, മാനേജീരിയൽ സ്റ്റാഫുകൾ, പാരാ മെഡിക്കൽ വിദ്യാർഥികൾ, ആംബുലൻസ് ഡ്രൈവർമാർ, ഹെൽപർമാർ, അതത് കാലങ്ങളിൽ സംസ്ഥാന സർക്കാറിന് ആവശ്യമെന്ന് തോന്നുന്ന വിഭാഗങ്ങൾ എന്നിങ്ങനെ വിശാലമായിരുന്നു. സർക്കാർ ആശുപത്രികളിൽ സെക്യൂരിറ്റി ജീവനക്കാരും കൂട്ടിരിപ്പുകാരും തമ്മിലുള്ള തർക്കം പതിവാണ്.
‘വാക്കാലുള്ള അധിക്ഷേപ’ത്തിന്റെ പരിധിയിലേക്ക് ഈ തർക്കങ്ങൾ വരവുവെക്കപ്പെട്ടാൽ നിരപരാധികൾ ഇരയാക്കപ്പെടുമെന്ന സ്ഥിതിയുണ്ടാകുമെന്നും വിലയിരുത്തലുണ്ടായി.
നിയമഭേദഗതിയിലെ
ഒഴിവാക്കുന്ന വ്യവസ്ഥ:
‘ആരോഗ്യ പ്രവർത്തകനെ അധിക്ഷേപിക്കണമെന്നോ അവഹേളിക്കണമെന്നോ തരംതാഴ്ത്തണമെന്നോ ഉള്ള ഉദ്ദേശ്യത്തോടെ ഏതെങ്കിലും വാക്കുകൾ ഉച്ചരിക്കുകയാണെങ്കിൽ മൂന്നുമാസം വരെയാകാവുന്ന വെറും തടവിനും അല്ലെങ്കിൽ 10000 രൂപ വരെയാകാവുന്ന പിഴശിക്ഷക്കും അല്ലെങ്കിൽ രണ്ടിനും കൂടിയും ശിക്ഷിക്കപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.