കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് ഹോസ്റ്റലിൽനിന്ന് ആയുധങ്ങൾ കണ്ടെടുത്ത സംഭവത്തിൽ രണ്ട് വിദ്യാർഥികളെ പൊലീസ് ചോദ്യം ചെയ്തു. ആയുധങ്ങൾ കണ്ടെത്തിയ മുറിയിൽ താമസിച്ചിരുന്ന ആറ് വിദ്യാർഥികളോടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പൊലീസ് നോട്ടീസ് നൽകിയിരുന്നു.
ഇതേതുടർന്നാണ് രണ്ടുപേർ ശനിയാഴ്ച ഹാജരായത്. ജില്ലക്ക് പുറത്ത് താമസമാക്കിയ രണ്ട് വിദ്യാർഥികളെയാണ് ചോദ്യം ചെയ്തതെന്നും ഇവർക്ക് സംഭവവുമായി നേരിട്ട് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടില്ലെന്നും സെൻട്രൽ എസ്.ഐ ജോസഫ് സാജൻ പറഞ്ഞു. മറ്റ് വിദ്യാർഥികളെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായും എല്ലാവരെയും ചോദ്യം ചെയ്താലേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്നും പൊലീസ് പറഞ്ഞു. ആയുധങ്ങൾ കണ്ടെത്തിയ നിലയിലെ മുറികളിൽ താമസിക്കുന്ന അധ്യാപകരിൽനിന്ന് കഴിഞ്ഞ ദിവസം പൊലീസ് മൊഴിയെടുത്തിരുന്നു. മഹാരാജാസ് ഗ്രൗണ്ടിനടുത്തുള്ള എം.സി.ആർ.വി ഹോസ്റ്റലിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ 19 വിദ്യാർഥികൾക്ക് താൽക്കാലികമായി അധ്യാപകരുടെ ഹോസ്റ്റലിൽ പ്രവേശനം നൽകിയിരുന്നു. ഇവർക്ക് അനുവദിച്ച ഒന്നാം നിലയിലെ 14-ാം നമ്പർ മുറിയിൽനിന്നാണ് ആയുധങ്ങൾ കണ്ടെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.