കൊല്ലം: കഴിഞ്ഞ തവണ കൊല്ലം ജില്ലയിൽ യഥാർഥ ത്രികോണ മത്സരം നടന്ന ഏക മണ്ഡലമാണ് ചാത്തന്നൂർ. ഇടതാഭിമുഖ്യമുള്ളപ്പോൾതന്നെ കോൺഗ്രസുകാരെയും ജയിപ്പിക്കാൻ മടികാട്ടിയിട്ടുമില്ല.
അതിനാൽ എൽ.ഡി.എഫ് - യു.ഡി.എഫ് എന്നതിനപ്പുറം നിർണായക റോളിൽ ബി.ജെ.പി അവിടെ എത്തുമെന്ന് ആരും കരുതിയിരുന്നില്ല.
എന്നാൽ, കഴിഞ്ഞ തവണ ഫലം വന്നപ്പോൾ എൽ.ഡി.എഫ് ജയിക്കുകയും യു.ഡി.എഫിനെ പിന്നിലാക്കി ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തുകയുമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഇടതുശക്തി കേന്ദ്രമായി തുടരുന്ന കൊല്ലത്ത് ബി.ജെ.പിക്ക് കണ്ണുവെക്കാൻ ധൈര്യം നൽകിയത് ചാത്തന്നൂരിലെ ഫലമാണ്.
എൽ.ഡി.എഫിലെ ജി.എസ്. ജയലാലിന് (സി.പി.ഐ) 34407 വോട്ടിെൻറ ഭൂരിപക്ഷമാണ് 2016 ൽ ലഭിച്ചത്. ബി.ജെ.പിയുടെ ബി.ബി. ഗോപകുമാറിന് കിട്ടിയത് ആ ഭൂരിപക്ഷത്തെക്കാൾ കുറഞ്ഞ വോട്ടാണ് (33199). യു.ഡി.എഫിലെ ശൂരനാട് രാജശേഖരന് ലഭിച്ചത് 30139 വോട്ടും.
യു.ഡി.എഫിെൻറയും ബി.ജെ.പിയുടെയും വോട്ടുകൾ ചേരുമ്പോഴും ജയലാലിന് ലഭിച്ച 67606 നെക്കാൾ 1268 വോട്ട് കുറവാണ്. എങ്കിലും, ബി.ജെ.പി രണ്ടാം സ്ഥാനത്തുവന്നത് ശ്രദ്ധേയമാണ്. മുൻ അധ്യാപകനും മണ്ഡലത്തിലെ പ്രബല ശക്തിയായ എസ്.എൻ.ഡി.പി യൂനിയെൻറ പ്രസിഡൻറുമായിരുന്ന ഗോപകുമാറിെൻറ വ്യക്തിപരമായ സ്വാധീനം ബി.ജെ.പിയുടെ മുന്നോട്ടുവരവിനുള്ള കാരണങ്ങളിലൊന്നായിരുന്നു.
എന്നാൽ, അതിനുശേഷം അവർ നടത്തിയ പ്രവർത്തനങ്ങൾ ഗുണം ചെയ്തുവെന്നാണ് കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. മണ്ഡലത്തിൽപെട്ട കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് ഭരണം ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയിൽ ബി.ജെ.പി പിടിച്ചു.
പരവൂർ നഗരസഭയിൽ ഉൾെപ്പടെ മണ്ഡലത്തിലെ പലയിടത്തും നിർണായക ശക്തിയായി മാറുകയും ചെയ്തു. അതുകൊണ്ടാണ് ബി.ജെ.പി ചാത്തന്നൂരിനെ എ ഗ്രേഡ് പട്ടികയിൽ ഉൾപ്പെടുത്തിയത്. നിലവിൽ ബി.ജെ.പി ജില്ല പ്രസിഡൻറ് കൂടിയായ ഗോപകുമാർ നേരത്തേതന്നെ പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. എന്നാൽ, സുരേഷ് ഗോപി അടക്കമുള്ളവർ വരുമെന്ന പ്രചാരണവും ഉയർന്നിരുന്നു.
ജനകീയനായ നിലവിലെ എം.എൽ.എ ജി.എസ്. ജയലാലിനെതിരെ പാർട്ടിക്കുള്ളിൽ നിന്നുതന്നെ ഉയർന്ന എതിർപ്പുകൾ അദ്ദേഹത്തിനെതിരായ പാർട്ടി നടപടികളിലാണ് എത്തിയത്.
ജയലാലിനെ ഒതുക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായിരുന്നു പാർട്ടിക്കുള്ളിൽ നിന്നുതന്നെയുയർന്ന വിവാദങ്ങൾ. ഇൗ വിഭാഗീയത തെരഞ്ഞെടുപ്പിലും തുടർന്നാൽ അത് എൽ.ഡി.എഫിനെ ബുദ്ധിമുട്ടിലാക്കും. അതുപോലെതന്നെ മണ്ഡലത്തിൽ സ്വാധീനമൊന്നുമില്ലാത്ത ഫോർവേഡ് ബ്ലോക്കിന് സീറ്റ് നൽകാനുള്ള നീക്കമാണ് യു.ഡി.എഫിൽ നടക്കുന്നത്.
അങ്ങനെയാണെങ്കിൽ അതിനെതിരെ കോൺഗ്രസിൽനിന്ന് എതിർപ്പുയരും. ബി.ജെ.പിയുടെ ശക്തിയാക്കാളേറെ യു.ഡി.എഫിെൻറയും എൽ.ഡി.എഫിെൻറയും സ്ഥാനാർഥി നിർണയമായിരിക്കും ചാത്തന്നൂരിൽ നിർണായകമാകുക.
1965 ലാണ് ചാത്തന്നൂര്‍ നിയോജകമണ്ഡലം രൂപവത്കരിച്ചത്. അന്നുമുതൽ നടന്ന തെരഞ്ഞെടുപ്പുകളില്‍ സി.പി.ഐ ഒമ്പതുവട്ടവും കോൺഗ്രസ് മൂന്നുതവണയും ജയിച്ചു. പരവൂർ നഗരസഭയും ആദിച്ചനല്ലൂർ, ചാത്തന്നൂർ, കല്ലുവാതുക്കൽ, പൂതകുളം, പൂയപ്പള്ളി എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് മണ്ഡലത്തിെൻറ ചിത്രം.
ജി.എസ്. ജയലാൽ (സി.പി.ഐ) -67606
ബി.ബി. ഗോപകുമാർ (ബി.ജെ.പി) -33199
ശൂരനാട് രാജശേഖരൻ (കോൺ.)-30139
ഭൂരിപക്ഷം -34407
യു.ഡി.എഫ് -63146
എൽ.ഡി.എഫ് -46114
എൻ.ഡി.എ -19621
ലീഡ് -17032
എൽ.ഡി.എഫ് -43850
യു.ഡി.എഫ് -32433
എൻ.ഡി.എ -26314
ലീഡ് -11417
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.