'കേന്ദ്ര അനുമതിയില്ലാതെ സർവേ തുടരുന്നതെങ്ങനെ?' -കെ റെയിലിൽ ഹൈകോടതി

കൊച്ചി: സാമൂഹികാഘാത പഠനവുമായി ബന്ധപ്പെട്ട് സർവേക്ക് അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ പറഞ്ഞിട്ടും സിൽവർ ലൈൻ സർവേ തുടരാനാവുന്നതെങ്ങനെയെന്ന് ഹൈകോടതി. പദ്ധതി നടപ്പാക്കുന്ന കെ-റെയിൽ കമ്പനി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പങ്കാളിയായ സംയുക്ത സംരംഭമായിരിക്കെ കേന്ദ്ര അനുമതിയില്ലാതെ സർവേ സാധ്യമാകുന്നതെങ്ങനെയാണ്. ഇക്കാര്യത്തിൽ വ്യക്തത വരുത്തി റിപ്പോർട്ട് നൽകണമെന്ന് കേന്ദ്രസർക്കാറിനോട് നിർദേശിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹരജി ജൂൺ 22ന് പരിഗണിക്കാൻ മാറ്റി. കെ-റെയിൽ എന്ന് രേഖപ്പെടുത്തിയ സർവേക്കല്ലുകൾ സ്ഥാപിക്കുന്നത് ചോദ്യം ചെയ്ത് കോട്ടയം സ്വദേശി മുരളീകൃഷ്‌ണനടക്കം നൽകിയ ഹരജികളാണ് പരിഗണനയിലുള്ളത്.

സർവേ നടത്താനോ കല്ലുകൾ സ്ഥാപിക്കാനോ സംസ്ഥാന സർക്കാറിന് അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ നേരത്തേ കോടതിയിൽ വിശദീകരണം നൽകിയിരുന്നു. എന്നാൽ, സംസ്ഥാനത്തിനകത്തുള്ള പദ്ധതിയായതിനാൽ സർവേ നടത്താനും സാമൂഹികാഘാത പഠനം നടത്താനും കേന്ദ്രസർക്കാറിന്‍റെ അനുമതി വേണ്ടെന്നാണ് സംസ്ഥാന സർക്കാറിന്‍റെ വാദം. സർവേ നടത്തുന്നത് അക്രഡിറ്റഡ് ഏജൻസിയാണ്. ഇതിന് കെ-റെയിലിന്‍റെ സഹായവുമുണ്ട്. കെ-റെയിൽ സ്പെഷൽ ഓഫിസർ നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് 'കെ-റെയിൽ' എന്ന് രേഖപ്പെടുത്തിയ കോൺക്രീറ്റ് കല്ലിടാൻ അനുമതി നൽകി സർവേ ഡയറക്ടർ ഉത്തരവ് പുറപ്പെടുവിച്ചതെന്നും വ്യക്തമാക്കി.

എന്നാൽ, മാഹിയിലൂടെ ലൈൻ കടന്നുപോകുന്നുണ്ടെന്നും കേന്ദ്രാനുമതി വേണമെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി. തുടർന്ന്, കോടതി നിർദേശപ്രകാരമാണ് കേന്ദ്രം വിശദീകരണം നൽകിയത്. സർവേ ഇപ്പോൾ നടക്കുന്നുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് ജിയോ ടാഗ് മുഖേന സർവേ തുടരുന്നുണ്ടെന്നും ബഹളങ്ങളില്ലാതെയാണ് നടക്കുന്നതെന്നും സംസ്ഥാന സർക്കാർ വിശദീകരിച്ചു. തുടക്കം മുതൽ കോടതി പറയുന്നതാണ് ഈ രീതിയെന്നും അന്നേ ഇത് കേട്ടിരുന്നെങ്കിൽ സർവേ ഇപ്പോൾ പൂർത്തിയാക്കാൻ കഴിയുമായിരുന്നെന്നും കോടതി നിരീക്ഷിച്ചു. എന്തെങ്കിലും ചോദിക്കുമ്പോഴേക്കും കോടതി എതിരാണെന്ന മുൻവിധി ഇപ്പോഴും തുടരുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Tags:    
News Summary - ‘How can the survey continue without central approval?’ -High Court in K Rail Issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.