തിരുവനന്തപുരം: സ്വർണകള്ളക്കടത്തുമായി ബന്ധപ്പെട്ട് ഓരോ ദിവസവും വരുന്ന വാർത്തകൾ ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസിൽ ശിവശങ്കറിന് പുറമെ സർക്കാറിലെ മറ്റ് ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് പറയുന്നത്. ശിവശങ്കർ മാത്രമല്ല പ്രതിയെന്ന് വ്യക്തമായ സാഹചര്യത്തിൽ കൂടുതൽ കാര്യങ്ങൾ ജനങ്ങളെ അറിയിക്കാൻ മുഖ്യമന്ത്രി ബാധ്യസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു.
പ്രളയ ദുരിതാശ്വസ ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രി യു.എ.ഇ അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് പോയത്. ആ സന്ദർശന വേളയിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയോടൊപ്പം സ്വപ്നയും അവിടെ ഉണ്ടായിരുന്നു വെന്നതാണ് പുറത്തു വരുന്ന വിവരം. മൂന്ന് തവണ സ്വപ്ന ശിവശങ്കറുമായി വിദേശ യാത്രകൾ നടത്തിയിരുന്നതായും മുഖ്യമന്ത്രി എത്തുന്നതിന് മുമ്പോ പിമ്പോ അവർ അവിടെ എത്തിയെന്നുമുള്ള വാർത്തകളാണ് പുറത്തു വരുന്നത്. എന്തടിസ്ഥാനത്തിലാണ് സ്വപ്ന മുഖ്യമന്ത്രിയുടെ ഔദ്യോഗിക സംഘത്തിൽ ചർച്ചകൾക്ക് വേണ്ടി നിയോഗിക്കപ്പെട്ടതെന്ന് ചെന്നിത്തല ചോദിച്ചു.
മുഖ്യമന്ത്രിയുടെ യു.എ.ഇ സന്ദർശനത്തെ കൊള്ള സംഘം ഫലപ്രദമായി ചൂഷണം ചെയ്യുകയായിരുന്നു. എന്നിട്ടും തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് എങ്ങനെ വിശ്വസിക്കാൻ സാധിക്കും. മുഖ്യമന്ത്രി ഗൾഫിൽ വെച്ച് സ്വപ്നയെ കണ്ടിരുന്നോ, ചർച്ച നടത്തിയിരുന്നോ, എന്താണ് ചർച്ച നടത്തിയത് എന്നീ കാര്യങ്ങൾ പുറത്തു വരണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സർക്കാർ അധികാരമേറ്റ് 11 മാസം ആയപ്പോഴേക്ക് തട്ടിപ്പ് തുടങ്ങി. പാവങ്ങളുടെ പേരു പറഞ്ഞ് സ്വപ്നയെ പോലുള്ളവർക്ക് കൊള്ള നടത്താൻ ആവിഷ്കരിച്ച പദ്ധതിയാണ് ലൈഫ് മിഷൻ പദ്ധതിയെന്ന് ആരെങ്കിലും പറഞ്ഞാൽ നിഷേധിക്കാൻ സാധിക്കുേമാ എന്നും അദ്ദേഹം ചോദിച്ചു. സ്വർണ കള്ളക്കടത്തിൽ മാത്രമല്ല, ലൈഫ് പദ്ധതിയിലും സ്വപ്നയുടെ പങ്കാളിത്തവും നേതൃത്വവും ഉണ്ടെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടിരിക്കുകയാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഒരു വിശദീകരണവും നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
റെഡ് ക്രസൻറുമായി ഉണ്ടാക്കിയ എം.ഒ.യുവിൻെറ പകർപ്പ് പ്രതിപക്ഷ നേതാവിന് നൽകണമെന്ന് ആവശ്യപ്പെട്ട് കത്ത്കൊടുത്തിരുന്നു. എട്ട് ദിവസമായിട്ടും കത്തിന് മറുപടി ലഭിച്ചിട്ടില്ല. എന്തിനാണ് അത് മറച്ചുവെക്കുന്നതെന്ന് മനസ്സിലാവുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫിസും പ്രിൻസിപ്പൽ സെക്രട്ടറിയും ഭരണത്തിൻെറ തണലിലാണ് വലിയകള്ളക്കച്ചവടങ്ങളും കൊള്ളയും രാജ്യത്ത് നടത്തിയതെന്നതിൽ സംശയമില്ലെന്നും ചെന്നിത്തല ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.