തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 16948 പേർ അധികമായി സ്കൂളുകളിൽ പ്ലസ് വൺ പ്രവേശനം നേടി. കഴിഞ്ഞ വർഷം 3,68,305 പേർ പ്ലസ് വൺ പ്രവേശനം നേടിയപ്പോൾ ഇത്തവണ 3,85,253 ആയി വർധിച്ചു. സർക്കാർ സ്കൂളിൽ 14,756 സീറ്റും എയ്ഡഡ് സ്കൂളുകളിൽ 7,377 സീറ്റും അൺ എയ്ഡഡ് സ്കൂളുകളിൽ 24,695 സീറ്റും ഒഴിവുണ്ട്. ആനുപാതിക സീറ്റ് വർധനയിലൂടെ സർക്കാർ സ്കൂളുകളിൽ 30,043 പേരും എയ്ഡഡ് സ്കൂളുകളിൽ 24,291 പേരും ഉൾപ്പെടെ 54,334 പേർക്ക് പ്രവേശനം അനുവദിച്ചു. ഇതിനുപുറമെ അധികമായി അനുവദിച്ച 79 താൽക്കാലിക ബാച്ചുകളിലെ 5,105 സീറ്റുകളിൽ ആകെ 4,561 വിദ്യാർഥികൾ പ്രവേശനം നേടി.
ഇത്തവണ ഒന്നേകാൽ ലക്ഷത്തിലേറെ വിദ്യാർഥികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയത് പ്ലസ് വൺ പ്രവേശനത്തിൽ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. മുഖ്യഘട്ട അലോട്ട്മെന്റുകൾ പൂർത്തിയായപ്പോഴും ആയിരക്കണക്കിന് എ പ്ലസുകാർ സീറ്റ് ലഭിക്കാത്തവരായുണ്ടായിരുന്നു. സീറ്റ് ക്ഷാമം പ്രതിപക്ഷം പലതവണ സഭയിൽ ഉയർത്തിയപ്പോഴും ആവശ്യത്തിന് സീറ്റുണ്ടെന്ന നിലപാടായിരുന്നു സർക്കാറിന്.
പുതിയ സ്കൂളുകളോ ബാച്ചുകളോ അനുവദിക്കില്ലെന്ന് ഉത്തരവിറക്കിയ വിദ്യാഭ്യാസ വകുപ്പ് സീറ്റ് ക്ഷാമം ബോധ്യപ്പെട്ടതോടെ ആനുപാതിക സീറ്റ് വർധനയിലൂടെയും 79 താൽക്കാലിക ബാച്ചുകൾ അനുവദിച്ചുമാണ് വിദ്യാർഥികൾക്ക് പ്രവേശനം ഉറപ്പാക്കിയത്. പ്ലസ് വൺ പ്രവേശനത്തിന് അർഹതയുള്ള എല്ലാവർക്കും സീറ്റ് നൽകുമെന്ന ഉറപ്പ് സർക്കാർ പാലിച്ചതായി മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.