കൊച്ചി: റോഡ് വെട്ടിപ്പൊളിക്കാതെ കൂറ്റന്‍ ഇരുമ്പ് പൈപ്പുകള്‍ ഭൂമിക്കടിയില്‍ സ്ഥാപിക്കുന്ന കാഴ്ച കൗതുകമാകുകയാണ്. എറണാകുളം ദര്‍ബാര്‍ ഹാള്‍ റോഡില്‍ ഗതാഗതം തടഞ്ഞ് ഒരുമാസമായി വലിയ കറുത്ത പൈപ്പുകള്‍ ഏറെ നീളത്തില്‍ നിരത്തിയിട്ട് വെല്‍ഡ് ചെയ്ത് കൂട്ടിപ്പിടിപ്പിക്കുന്നത് അതിശയിപ്പിക്കുന്ന കാഴ്ചയായിരുന്നു. ഇത്തരത്തില്‍ റോഡിലിട്ട് കൂട്ടിച്ചേർത്ത പൈപ്പുകള്‍ ഒന്നോരണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ റോഡ് നിരപ്പിനടിയില്‍ പത്തടിയോളം താഴ്ചയില്‍ സ്ഥാപിക്കുകയാണ്. പൊതുമേഖല എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പറേഷന്റെ ക്രൂഡ് ഓയില്‍, ഓയില്‍ പൈപ്പ്ലൈനുകള് നവീകരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ പണി നടന്നുകൊണ്ടിരിക്കുന്നത്.
ഉയര്‍ന്ന നിലവാരത്തിലുള്ള സുരക്ഷ ഉറപ്പാക്കുന്നതിനാണ് പഴയ പൈപ്പ്ലൈനുകള് മാറ്റിസ്ഥാപിക്കുന്നത്. 20 ഇഞ്ചും 11 ഇഞ്ചും വരുന്ന രണ്ട് ബ്ലാക്ക് ഓയില്‍, ഒരു ഫര്‍ണസ് ഓയില്‍ പൈപ്പ്ലൈനുകള് 1966ല്‍ സ്ഥാപിച്ചതാണ്. ഇവയുടെ ആയുസ്സ് 60 വര്‍ഷം അടുക്കാറായതോടെയാണ് സുരക്ഷ കണക്കിലെടുത്ത് മാറ്റിസ്ഥാപിക്കാന്‍ ബി.പി.സി.എല്‍ തീരുമാനിച്ചത്. കരാര്‍ എടുത്ത, ഈ രംഗത്തെ വിദഗ്ധ കമ്പനിയായ മാക്സ്ടെക് എന്‍ജിനീയറിങ് പ്രൈവറ്റ് ലിമിറ്റഡുമായി ചേര്‍ന്നാണ് ബി.പി.സി.എല്‍ പദ്ധതി നടപ്പാക്കുന്നത്.
ഉപയോഗിക്കുന്നത് എച്ച്.ഡി.ഡി സാങ്കേതിക വിദ്യ
ഹൊറിസോണ്ടല്‍ ഡയറക്ഷനല്‍ ഡ്രില്ലിങ് (എച്ച്.ഡി.ഡി) എന്ന സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ വലിയ യന്ത്രം ഉപയോഗിച്ചാണ് പുറമെ ഒരു ശല്യവുമില്ലാതെ ഇത്രയും വലിയ പൈപ്പ്ലൈനുകള് സ്ഥാപിക്കുന്നത്. ഭൂമി കുഴിക്കാതെ ഭൂമിക്കടിയില്‍ പൈപ്പുകളും കേബിളുകളും ഇടാന്‍ കഴിയുന്ന യന്ത്രമാണ് എച്ച്.ഡി.ഡി. ജലവിതരണം, വൈദ്യുതി, പ്രകൃതിവാതകം, വാതകം, എണ്ണ, മറ്റു പൈപ്പ് ലൈനുകള്‍ എന്നിവയുടെ നിർമാണത്തില്‍ ഇത് വ്യാപകമായി ഉപയോഗിക്കുന്നു.
ആദ്യഘട്ടത്തില്‍ ഒരു പൈലറ്റ് ദ്വാരം ഉണ്ടാക്കുന്നു. രണ്ടാമത്തെഘട്ടം (റീമിങ്) ബാക്ക് റീമര്‍ എന്നറിയപ്പെടുന്ന ഒരു വലിയ കട്ടിങ് ഉപകരണം ഉപയോഗിച്ച് ദ്വാരം വലുതാക്കുന്നു. മൂന്നാമത്തെ ഘട്ടത്തില്‍ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിയെടുക്കുന്ന പൈപ്പ് സ്ഥാപിക്കുന്നു. കുഴിക്കുമ്പോള്‍ കിട്ടുന്ന അവശിഷ്ടങ്ങള്‍ പൂര്‍ണമായും നീക്കംചെയ്യുന്നു. ദര്‍ബാര്‍ഹാള്‍ റോഡില്‍ പത്തടിയോളം താഴ്ചയുള്ള പ്രത്യേക ഡ്രില്ലിങ് ദ്രാവകം ചേര്‍ന്ന വെള്ളം നിറഞ്ഞ കുഴികളിലാണ് പൈപ്പ് സ്ഥാപിക്കല്‍ ജോലി നടത്തുന്നത്. 35ഓളം പേര് മാത്രമാണ് ഇത്രയും വലിയ ജോലികള്‍ക്കായി നിയോഗിക്കപ്പെട്ടിട്ടുള്ളത്.
ദര്‍ബാര്‍ഹാള്‍ റോഡിലെ പണി ഏകദേശം പൂര്‍ത്തിയായി. വൈകാതെ റോഡ് പൂര്‍ണമായി തുറന്നുകൊടുക്കും. തുറമുഖത്ത് വരുന്ന എണ്ണ ടാങ്കറില്‍നിന്ന് ശുദ്ധീകരണശാലയിലേക്ക് ക്രൂഡോയില്‍ ഈ പൈപ്പുകളിലൂടെയാണ് കടന്നുപോകുന്നത്. ക്രൂഡോയില്‍ സംസ്കരിച്ച് വേര്‍തിരിച്ച പെട്രോള്‍, ഡീസല്‍, നാഫ്ത മുതലായവ മറ്റൊരു പൈപ്പ്ലൈനിലൂടെ കപ്പലിലേക്ക് തിരികെ പമ്പ് ചെയ്യും. പൈപ്പ് ലൈനുകളുടെ അവസാന പോയന്റ് കൊച്ചി ഓയില്‍ ടെര്‍മിനലാണ്. ഇവിടെനിന്ന് കപ്പലില്‍ എണ്ണ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുമെന്ന് ബി.പി.സി.എല്‍ സേഫ്റ്റി വിഭാഗം എന്‍ജിനീയര്‍ ബ്രൈറ്റ് പറഞ്ഞു. എണ്ണ ശുദ്ധീകരണശാല മുതല്‍ കൊച്ചി ഓയില്‍ ടെര്‍മിനല്‍വരെ പത്ത് കി.മീ. ഭൂമിക്കടിയില്‍ സ്ഥാപിച്ചിരിക്കുന്ന പൈപ്പുകളാണ് മാറ്റിസ്ഥാപിക്കുന്നത്. ദര്‍ബാര്‍ഹാള്‍ റോഡിലെ പണിതീര്‍ന്നാല്‍ സൗത്ത്, കതൃക്കടവ്, പൊന്നുരുന്നി എന്നിവിടങ്ങളിലൂടെ കടന്ന് ഒടുവില്‍ അമ്പലമുഗളില്‍ എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.