ന്യൂഡൽഹി: ജൂലൈ ഒന്നു മുതൽ നിർബന്ധമാക്കിയിരിക്കുന്ന ഹാൾ മാർക്കിങ് യുനീക് െഎഡൻറിഫിക്കേഷൻ (എച്ച്.യു.ഐ.ഡി) നിയമം നടപ്പാക്കുന്നത് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ, ബി.ഐ.എസ് ഡയറക്ടർ ജനറൽ പ്രമോദ് തിവാരി എന്നിവർക്ക് ഓൾ കേരള ഗോൾഡ് ആൻറ് സിൽവർ മർച്ചൻറ്സ് അസോസിയേഷൻ നിവേദനം നൽകി. ഹാൾമാർക്കിങ് സെൻററുകൾ യു.ഐ.ഡി ചെയ്തു നൽകുന്നതിന് കാലതാമസം വരുന്നത് സ്വർണ വ്യാപാര മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി.
കേരളത്തിലെ ഹാൾമാർക്കിങ് സെൻററുകൾ ഒരു മാസമായി എച്ച്.യു.ഐ.ഡി പതിച്ചു നൽകുന്നില്ല. ഓൺലൈൻ സർവർ തകരാറാണ് കാരണമായി ഹാൾമാർക്കിങ് സെൻററുകൾ പറയുന്നത്. എച്ച്.യു.ഐ.ഡിയിലെ മൂന്ന് മുദ്രകളാണ് സ്വർണാഭരണങ്ങളിൽ പതിക്കേണ്ടത്. ആയിരക്കണക്കിന് ആഭരണങ്ങളിൽ ഹാൾ മാർക്ക് ചെയ്യുന്ന വ്യാപാരികൾക്ക് ഇപ്പോൾ അതിന് കഴിയാത്ത അവസ്ഥയിലാണ്.
ആവശ്യമായ മുന്നൊരുക്കമൊന്നുമില്ലാതെയാണ് ജൂലൈ ഒന്നു മുതൽ സ്വർണാഭരണങ്ങളിൽ ഹാൾ മാർക്കിം യുനീക് ഐഡൻറിഫിക്കേഷൻ കോഡ് നിർബന്ധമാക്കിയത്. ഇത് ലളിത വൽക്കരിച്ച് നടപ്പാക്കുന്നതിന് രണ്ട് വർഷത്തേക്ക് മാറ്റിവക്കണമെന്നും അതുവരെ ജൂൺ 16 നു മുമ്പുള്ള ഹാൾ മാർക്കിങ് രീതി തുടരണമെന്നും ഓൾ കേരള ഗോൾഡ് ആൻറ് സിൽവർ മർച്ചൻറ് അസോസിയേഷൻ സംസ്ഥാന ട്രഷറർ അഡ്വ.എസ്. അബ്ദുൽ നാസർ, സംസ്ഥാന കൗൺസിൽ അംഗം ജയചന്ദ്രൻ പള്ളിയമ്പലം, അഡ്വ. നേമം ചന്ദ്രബാബു എന്നിവർ സമർപ്പിച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.