കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സക്കിടെ വനിത ഡോക്ടറെ അടിപിടിക്കേസ് പ്രതി കുത്തിക്കൊന്ന സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. കൊല്ലം ജില്ല പൊലീസ് മേധാവി ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ കോട്ടയം കുറുപ്പന്തറ സ്വദേശി വന്ദന ദാസ് (22) ആണ് ഇന്ന് പുലർച്ചെ നാലരയോടെ കൊല്ലപ്പെട്ടത്. പൊലീസുകാർ ഉൾപ്പെടെ മറ്റ് നാല് പേർക്ക് കുത്തേറ്റിട്ടുണ്ട്. പ്രതി നെടുമ്പനയിലെ യു.പി സ്കൂൾ അധ്യാപകനായ കുടവട്ടൂർ ശ്രീനിലയത്തിൽ എസ്. സന്ദീപിനെ (42) അറസ്റ്റ് ചെയ്തു.
അടിപിടിക്കേസിൽ പിടിയിലായ സന്ദീപിനെ വൈദ്യപരിശോധനക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അക്രമാസക്തനായ പ്രതി ആശുപത്രിയിലെ കത്രിക ഉപയോഗിച്ച് ഡോക്ടറെ കുത്തുകയായിരുന്നു. കഴുത്തിലും മുഖത്തുമാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ പുലർച്ചെ തിരുവനന്തപുരത്തേക്ക് എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കുറുപ്പന്തറ പട്ടാളമുക്ക് കാളീപറമ്പിൽ മോഹൻദാസിന്‍റെ ഏക മകളാണ്.
ലഹരിക്ക് അടിമയായ പ്രതി സന്ദീപ് ഇക്കാരണത്താൽ നേരത്തെ ജോലിയിൽനിന്ന് സസ്പെൻഷനിലായിരുന്നു. പൂയപ്പിള്ളിയിലെ അടിപിടിക്കേസിലാണ് ഇയാളെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.