അഫ്​സാനയുടെ വെളിപ്പെടുത്തൽ: അന്വേഷണത്തിന് മനുഷ്യാവകാശ കമീഷൻ ഉത്തരവ്

തിരുവനന്തപുരം: പൊലീസിന്‍റെ ക്രൂര മർദനത്തെത്തുടർന്നാണ് ഭർത്താവ്​ നൗഷാദിനെ കൊലപ്പെടുത്തിയതെന്ന് സമ്മതിച്ചതെന്ന അഫ്സാനയുടെ വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടു. 15 ദിവസത്തിനകം ഡി.ജി.പി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷനംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

പൊലീസിനെതിരെ അഫ്‌സാന നടത്തിയ വെളിപ്പെടുത്തലുകളില്‍ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട അഡീഷനല്‍ എസ്.പി ആർ. പ്രദീപ്കുമാർ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് ഡി.ഐ.ജി ആര്‍. നിശാന്തിനിയുടെ ഉത്തരവില്‍ പറയുന്നു.

2021 മുതല്‍ കാണാതായ നൗഷാദിനെ കണ്ടെത്തുന്നതിന്‍റെ ഭാഗമായാണ് ഭാര്യ അഫ്‌സാനയെ കസ്റ്റഡിയിലെടുത്തത്. മൃതദേഹം കണ്ടെത്താൻ ഇവരുടെ വാടകവീട് കുത്തിപ്പൊളിച്ച് പരിശോധന നടത്തിയതിന് പിന്നാലെയാണ് ഇടുക്കി തൊമ്മൻകുത്തിൽ നൗഷാദിനെ ജീവനോടെ കണ്ടെത്തിയത്. ഭാര്യയുമായി പിണങ്ങിയാണ് നാടുവിട്ടതെന്ന് നൗഷാദ് പറയുകയുണ്ടായി. അഫ്സാന പിന്നീട് ജാമ്യത്തിൽ ഇറങ്ങിയിരുന്നു.

ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെയാണ് അഫ്സാന പൊലീസിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. പൊലീസ് കസ്റ്റഡിയിലായ തന്നെ മര്‍ദിച്ചും മാനസികമായി പീഡിപ്പിച്ചും വ്യാജമൊഴി രേഖപ്പെടുത്തുകയും കൊലപാതകക്കുറ്റം തലയില്‍ കെട്ടിവെക്കാൻ ശ്രമിച്ചെന്നുമാണ് അഫ്‌സാനയുടെ ആരോപണം. കോന്നി ഡിവൈ.എസ്.പി അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ആരോപണം.

നൗഷാദിനെ കൊന്നുവെന്ന് മൊഴി നൽകാൻ പൊലീസ് നിർബന്ധിച്ചു. ഉറങ്ങാൻ അനുവദിക്കാതെ പൊലീസ് പല സ്ഥലങ്ങളിൽ കൊണ്ടുപോയി. കസ്റ്റഡിയിൽ പൊലീസ് ക്രൂരമായി പീഡിപ്പിച്ചു. വനിത പൊലീസ് ഉൾപ്പെടെ ക്രൂരമായി പീഡിപ്പിച്ചു. വായിൽ പെപ്പർ സ്പ്രേ അടിച്ചു -എന്നിങ്ങനെയായിരുന്നു അഫ്സാനയുടെ വെളിപ്പെടുത്തൽ.

Tags:    
News Summary - Human Rights Commission orders probe on Afsana's revelation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.