തൃശൂർ: ഡേറ്റ എൻട്രി ജോലി വാഗ്ദാനംചെയ്ത് സൈബർ തട്ടിപ്പിനായി മനുഷ്യക്കടത്ത് നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. പെരിങ്ങോട്ടുക്കര വടക്കുമുറി സ്വദേശി പുത്തൻകുളം വീട്ടിൽ വിമലിനെയാണ് (33) മണ്ണുത്തി പൊലീസ് പിടികൂടിയത്. 2023 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം.
1.30 ലക്ഷം രൂപ കൈപ്പറ്റി മണ്ണുത്തി സ്വദേശിയെയാണ് പ്രതി കംബോഡിയയിലേക്ക് കടത്തിയത്. കംബോഡിയയിലെ കെ.ടി.വി ഗാലക്സി വേൾഡ് എന്ന സ്ഥാപനത്തിലെത്തിയ യുവാവിനെ നിർബന്ധിച്ച് ഭീഷണിപ്പെടുത്തി വ്യാജ ഐഡികൾ ഉണ്ടാക്കി സൈബർ തട്ടിപ്പ് ചെയ്യിക്കുകയായിരുന്നു.
ജോലിചെയ്യാൻ വിസമ്മതിച്ചപ്പോൾ പാസ്പോർട്ട് തിരികെ കൊടുക്കാതെ സ്ഥാപനത്തിൽനിന്ന് പുറത്താക്കപ്പെട്ട യുവാവ് ഇന്ത്യൻ എംബസി വഴിയാണ് നാട്ടിൽ തിരിച്ചെത്തിയത്. തുടർന്ന് ഇയാൾ മണ്ണുത്തി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇൻസ്പെക്ടർ എം.കെ. ഷമീറിന്റെ അന്വേഷണത്തിലാണ് വിമലിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർക്കു പുറമെ സബ് ഇൻസ്പെക്ടർമാരായ കെ.ജി. ജയപ്രദീപ്, ജിജു പോൾ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എൻ. പ്രശാന്ത്, ടി. ഉൺമേഷ്, ജോമോൻ, അഭിലാഷ്, സിവിൽ പൊലീസ് ഓഫിസർമാരായ അനീഷ്, ശരത് എന്നിവരാണുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.