കൊച്ചി: കുവൈത്ത് മനുഷ്യക്കടത്ത് കേസിൽ അറസ്റ്റിലായ പത്തനംതിട്ട സ്വദേശി അജുമോന് കേസിലെ പങ്ക് എന്തൊക്കെയെന്നറിയാൻ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ്. അറസ്റ്റിലാകാനുള്ള മറ്റൊരു പ്രതി കണ്ണൂർ സ്വദേശി മജീദിന്റെ നിർദേശ പ്രകാരം പരസ്യം നൽകി കുവൈത്തിൽ ജോലിക്ക് താൽപര്യമുള്ളവരെ കണ്ടെത്തുക മാത്രമാണ് താൻ ചെയ്തിട്ടുള്ളൂവെന്നും വേറെയൊന്നും അറിയില്ലെന്നുമാണ് അജുമോന്റെ മൊഴി.
ഇത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യലിലൂടെ കേസിൽ കൂടുതൽ അന്വേഷണം നടത്താനാണ് പൊലീസ് നീക്കം.
അതേസമയം മജീദിന്റെ മേൽവിലാസം ഇതുവരെ കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല. ഇയാളുടെ പാസ്പോർട്ട് റദ്ദാക്കി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനാണ് നീക്കം. തോപ്പുംപടി സ്വദേശിനിയെ കഴിഞ്ഞ ഫെബ്രുവരിയില്‍ കുവൈത്തിൽ എത്തിച്ച അജുമോനും മജീദും പറഞ്ഞ ജോലി നല്‍കാതെ യുവതിയെ മാനസികമായി പീഡിപ്പിച്ചതായാണ് പരാതി. തോപ്പുംപടി സ്വദേശിനിക്കൊപ്പം രണ്ട് മലയാളി യുവതികളെയും കയറ്റി അയച്ചിരുന്നു. അറബികളുടെ വീട്ടിൽ ജോലിക്കാണ് തോപ്പുംപടി സ്വദേശിനിയെ നിയോഗിച്ചത്. വിശ്രമം നൽകാതെ ജോലിയെടുപ്പിച്ചതിനെ തുടർന്ന് യുവതി പരാതിപ്പെട്ടു. എന്നാൽ, നാട്ടിലേക്ക് തിരിച്ചയക്കാൻ മൂന്ന് ലക്ഷം രൂപ അജുമോനും മജീദും ആവശ്യപ്പെട്ടെന്നും പരാതിയിൽ പറയുന്നു.
സന്നദ്ധ സംഘടനകളുടെ സഹായത്തോടെ രക്ഷപ്പെട്ട് എത്തിയ തോപ്പുംപടി സ്വദേശിനിയുടെ പരാതിയിൽ എറണാകുളം സൗത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. മറ്റൊരു വീട്ടമ്മകൂടി ആരോപണവുമായി രംഗത്ത് വന്നെങ്കിലും സിറ്റി പൊലീസിന് പരാതി ലഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.