കൊച്ചി: കുവൈത്തിലേക്ക് മനുഷ്യക്കടത്ത് നടത്തിയ കേസിലെ രണ്ടാം പ്രതി, ഇപ്പോൾ കുവൈത്തിലുള്ള കണ്ണൂർ സ്വദേശി മജീദിനെതിരെ ഉടൻ ലുക്കൗട്ട് നോട്ടീസ് ഇറക്കുമെന്ന് എറണാകുളം സൗത്ത് പൊലീസ് അറിയിച്ചു. ഒന്നാം പ്രതി പത്തനംതിട്ട സ്വദേശി അജുഭവനത്തിൽ അജുമോന് (35) കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. കുവൈത്തിൽ കുട്ടിയെ പരിചരിക്കുന്ന ജോലി നല്‍കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയത്.
തോപ്പുംപടി സ്വദേശിനിയെ കഴിഞ്ഞ ഫെബ്രുവരിയില്‍ കുവൈത്തിലെത്തിച്ച അജുമോനും മജീദും പറഞ്ഞ ജോലി നല്‍കാതെ യുവതിയെ മാനസികമായി പീഡിപ്പിച്ചതായാണ് പരാതി. തോപ്പുംപടി സ്വദേശിനിക്കൊപ്പം രണ്ട് മലയാളി യുവതികളെയും കയറ്റിയയച്ചിരുന്നു.
എറണാകുളം ഷേണായീസ് ജങ്ഷന് സമീപത്തെ സ്വകാര്യ ഫ്ലാറ്റിൽ താമസിച്ചിരുന്ന അജുമോൻ ഇതോടെ ഒളിവിൽ പോയി. ഇയാള്‍ ഒളിവിലിരുന്ന് പ്രൻസിപ്പൽ സെഷൻസ് കോടതിയിൽ ജാമ്യത്തിന് ശ്രമിക്കുകയും ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് കീഴടങ്ങുകയുമായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഫെബ്രുവരി 14നാണ് വീട്ടമ്മയെ വിസിറ്റിങ് വിസയിൽ ദുബൈയിലെത്തിച്ചത്. റിക്രൂട്ട്മെന്റും വിസയും വിമാന ടിക്കറ്റുമുൾപ്പെടെ സൗജന്യമാണെന്ന് നോട്ടീസ് പതിച്ചാണ് ഇവർ ആളുകളെ ആകർഷിച്ചിരുന്നത്.
അജുമോൻ രവിപുരത്ത് ഗോൾഡൻ വിയ എന്ന സ്ഥാപനം നടത്തിയിരുന്നു. കണ്ണൂർ സ്വദേശിയാണ് ഇവിടേക്ക് വിസ അയച്ചു കൊടുത്തിരുന്നത്. മനുഷ്യക്കടത്ത് സംഘത്തിന്റെ പിടിയിൽ വേറെയും നിരവധി പേർ അകപ്പെട്ടതായാണ് പൊലീസ് സംശയിക്കുന്നത്.അതുസംബന്ധിച്ചും അന്വേഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.