കോഴിക്കോട്: ശാരീരിക പ്രശ്നങ്ങൾ മൂലം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായതിനാൽ മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗം മാറ്റിവെച്ചു. ഹൈദരലി തങ്ങളുടെ സാന്നിധ്യത്തിൽ മാത്രം യോഗം ചേർന്നാൽ മതിയെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മാറ്റിയത്. പുതിയ തീയതി അദ്ദേഹം ആശുപത്രി വിട്ട ശേഷം തീരുമാനിക്കുമെന്നാണ് പ്രവർത്തക സമിതി അംഗങ്ങളെ അറിയിച്ചത്. വാർധക്യസഹജമായ അസുഖം കാരണം ഏതാനും ദിവസം മുമ്പാണ് ഹൈദരലി തങ്ങൾ ആശുപത്രിയിലായത്.
നിയമസഭ തെരഞ്ഞെടുപ്പ് അവലോകനം ചെയ്യാൻ മറ്റെല്ലാ പാർട്ടികളും യോഗം ചേർന്നിട്ടും മുസ്ലിം ലീഗ് യോഗം വിളിക്കാത്തതിനെതിരെ വിവിധ കോണുകളിൽനിന്ന് നേതൃത്വത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. കോവിഡ് കാരണം പറഞ്ഞ് നീട്ടിക്കൊണ്ടുപോയ യോഗം ജൂലൈ ഏഴ്, എട്ട് തീയതികളിൽ ചേരാൻ നിശ്ചയിക്കുകയും അംഗങ്ങളെ രേഖമൂലം അറിയിക്കുകയും ചെയ്തു. യോഗത്തിൽ കടുത്ത വിമർശനം ഒഴിവാക്കുന്നതിന് പാർട്ടി നേതൃത്വം പോഷക സംഘടന ഭാരവാഹികളും ഉൾപ്പെടെയുള്ളവരുമായി കൂടിയാലോചനകൾ നടത്തിയെങ്കിലും നേതൃത്വത്തിനെതിരായ പ്രതിഷേധം അലയടിക്കുമെന്ന സൂചനകളാണുണ്ടായത്. സാദിഖലി തങ്ങളുടെ അധ്യക്ഷതയിൽ യോഗം ചേരുന്നതിനെതിരെ ഒരുവിഭാഗം ചരടുവലിച്ചിരുന്നു. ഇതാണ് യോഗം മാറ്റാനിടയാക്കിയതെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.