നെടുമ്പാശേരി: തനിക്ക് ഭർത്താവിനൊപ്പം പോകണമെന്നും നീതി ലഭിക്കണമെന്നും ഹാദിയ. സുപ്രീംകോടതിയിൽ ഹാജരാക്കാൻ വേണ്ടി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഹാദിയ തന്‍റെ നിലപാട് മാധ്യമങ്ങളോട് വിളിച്ച് പറഞ്ഞത്. താൻ മുസ് ലിം ആണ്. ഇസ് ലാം മതം സ്വീകരിച്ചത് ആരും നിർബന്ധിച്ചിട്ടില്ല, സ്വന്തം ഇഷ്ടപ്രകാരമാണ്. തനിക്ക് ഭർത്താവ് ഷഹീൻ ജഹാനൊപ്പം പോകണമെന്നും നീതി ലഭിക്കണമെന്നും ഹാദിയ വിളിച്ച് പറഞ്ഞു.
ഉച്ചക്ക് മൂന്നരയോടെ സുപ്രീംകോടതിയിൽ ഹാജരാകാനായി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയപ്പോൾ കേന്ദ്രസേനയും സംസ്ഥാന പൊലീസും അടങ്ങുന്ന വൻ സുരക്ഷാ സന്നാഹങ്ങളെ മറികടന്നായിരുന്നു ഹാദിയയുടെ പ്രതികരണം. ഹാദിയ മാധ്യമങ്ങളോട് സംസാരിക്കാതിരിക്കാൻ പൊലീസ് വലിയ മുൻകരുതലുകളാണ് വിമാനത്താവളത്തിൽ നടത്തിയിരുന്നത്.
വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനിലിൽ എത്തിയ ഹാദിയയെ വാഹനത്തിൽ നിന്ന് 'പുറപ്പെടൽ' കവാടത്തിലേക്ക് എത്തിക്കാനായി പൊലീസ് കൈകോർത്ത് പിടിച്ച് പ്രത്യേക വഴി ഒരുക്കിയിരുന്നു. ഈ വഴിയിലൂടെ വേഗത്തിൽ കൊണ്ടു പോകാൻ വനിതാ പൊലീസ് ശ്രമിക്കുന്നതിനിടെയാണ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഹാദിയ മറുപടി നൽകിയത്. തന്നെ ആരും നിർബന്ധിച്ച് കല്യാണം കഴിപ്പിച്ചതല്ലെന്നും ഹാദിയ വിളിച്ചു പറഞ്ഞു.
വൈക്കം ടി.വി പുരത്തെ വീട്ടിൽ നിന്ന് ഉച്ചക്ക് രണ്ട് മണിക്കാണ് സുപ്രീംകോടതിയിൽ ഹാജരാകാനായി ഹാദിയ യാത്ര തിരിച്ചത്. പിതാവ് അശോകൻ, മാതാവ്, അഞ്ചംഗ പൊലീസ് സംഘവും ഹാദിയയെ അനുഗമിക്കുന്നുണ്ട്. വൈക്കത്തെ വസതിയിൽ നിന്ന് വൻ പൊലീസ് അകമ്പടിയോടെ റോഡ് മാർഗമാണ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്.
കടുത്തുരുത്തി സി.ഐ ജോൺസന്‍റെ മേൽനോട്ടത്തിൽ അഞ്ചംഗ പൊലീസ് സംഘമാണ് യാത്രയിൽ അനുഗമിക്കുന്നത്. കടുത്തുരുത്തി സി.ഐ ജോൺസനെ കൂടാതെ ഒരു വനിതാ സി.ഐ, രണ്ട് വനിതാ സിവിൽ പൊലീസ് ഒാഫീസർമാർ, ഒരു പുരുഷ സിവിൽ പൊലീസ് ഒാഫീസർ എന്നിവരാണ് സുരക്ഷാ സംഘത്തിലുള്ളത്. കൊച്ചിയിൽ നിന്ന് വൈകീട്ട് ആറു മണിക്കുള്ള ടാറ്റയുടെ വിസ്താര എയർലൈൻസിലാണ് ഡൽഹി യാത്ര.
ഡൽഹിയിലെ താമസസൗകര്യവും സുരക്ഷയും അടക്കമുള്ള കാര്യങ്ങൾക്കായി അഞ്ചംഗ പൊലീസ് സംഘം നേരത്തെ ഡൽഹിയിൽ എത്തിയിട്ടുണ്ട്. ഡൽഹി കേരളാ ഹൗസിലായിരിക്കും സംഘം താമസിക്കുക എന്നാണ് ലഭിക്കുന്ന വിവരം.
തിങ്കളാഴ്ച ഉച്ചക്ക് മൂന്നു മണിക്ക് ഹാദിയയെ നേരിട്ട് ഹാജരാകണമെന്നാണ് പിതാവിനോട് സുപ്രീംകോടതി നിർദേശിച്ചിട്ടുള്ളത്. ഇതിന് മുന്നോടിയായി ഹാദിയയുടെയും മാതാപിതാക്കളുടെയും മൊഴി രേഖപ്പെടുത്തിയ റിപ്പോർട്ട് എൻ.ഐ.എ കോടതിയിൽ സമർപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.