കോഴിക്കോട്: ഗാന്ധിവധത്തിന് ശേഷവും ആർ.എസ്.എസ് ആശയത്തോടുള്ള തന്‍റെ ആഭിമുഖ്യം കുറഞ്ഞിരുന്നില്ലെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. ഗാന്ധിവധ കാലത്ത് താൻ ആർ.എസ്.എസിലുണ്ട്. ആ സമയത്ത് വിക്ടോറിയയിൽ പഠിക്കുകയാണ്. ഗാന്ധിവധത്തിനുശേഷം ആർ.എസ്.എസിനെ നിരോധിച്ചിരുന്നു. പക്ഷേ, ആ നിരോധനം മൂലം ആർ.എസ്.എസിൽ നിന്ന് വിട്ടുപോയില്ല. പഠനം കഴിഞ്ഞയുടൻ ഉദ്യോഗത്തിൽ ചേർന്നതിനാൽ പ്രവർത്തിച്ചിരുന്നില്ല എന്നേയുള്ളു. പക്ഷേ, അപ്പോഴും ആർ.എസ്.എസ് ആശയങ്ങൾ മനസ്സിൽ സൂക്ഷിച്ചിരുന്നെന്നും പാലക്കാട് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിയായ ഇ. ശ്രീധരൻ വ്യക്തമാക്കി. 'മീഡിയവൺ' ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടിക്കാലത്ത് ആർ.എസ്.എസ് ആശയങ്ങളിൽ ആകൃഷടനായതാണ് താൻ. സ്നേഹിതരാണ് ശാഖയിലേക്ക് കൊണ്ടുപോയത്. അതിൽ ദുഃഖമില്ല. അഭിമാനത്തോടെ ഒരു കാര്യം പറയാൻ കഴിയും. അവിടെ നിന്ന് പഠിച്ച അച്ചടക്കം, രാജ്യസ്നേഹം, ശാരീരികക്ഷമത തുടങ്ങിയ സ്വഭാവഗുണങ്ങൾ ആണ് ഇപ്പോഴും നിലനിൽക്കുന്നത്. ബി.ജെ.പിക്ക് കേരളത്തിൽ പുതിയ മുഖം കൊണ്ടുവരുന്നതിനാണ് താൻ അവർക്കൊപ്പം ചേർന്നത്. താൻ ചേർന്നത് കൊണ്ട് ബി.ജെ.പിയുടെ മുഖച്ഛായ മാറിയിട്ടുണ്ടെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ബി.ജെ.പിയെ കൈ പിടിച്ചുയർത്താനും സംസ്ഥാന വികസനം നേരെയാക്കാനുമാണ് താൻ രാഷ്ട്രീയത്തിൽ ചേർന്നത്. എൽ.ഡി.എഫുമായും യു.ഡി.എഫുമായും അടുത്തിടപഴകിയിട്ടുണ്ട്. ആ അനുഭവം കൊണ്ട് അവരുമായി ചേർന്നുപോകാൻ കഴിയുകയില്ലെന്ന് ഉറപ്പായി. സർവിസിൽ ഇരുന്ന കാലത്ത് കോൺഗ്രസിനാണ് വോട്ട് ചെയ്തിരുന്നത്. ഡൽഹിയിൽ ക്ഷീല ദീക്ഷിത്തിന് വോട്ട് ചെയ്തത് കോൺഗ്രസ് ആണോയെന്ന് നോക്കിയല്ല. അവരുടെ വ്യക്തിത്വത്തിനാണ്. അതുപോലെ പാലക്കാട് മണ്ഡലത്തിലെ വോട്ടർമാർ തന്‍റെ വ്യക്തിത്വത്തിന് വോട്ട് ചെയ്യുമെന്നാണ് വിശ്വാസമെന്നും ശ്രീധരൻ പറഞ്ഞു.
എം.എൽ.എ സ്ഥാനാർഥി എന്ന നിലക്കല്ല, മുഖ്യമന്ത്രി എന്ന നിലക്കാണ് ജനങ്ങൾ തന്നെ സമീപിക്കുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കേരളം ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്ന നിർണായക ശക്തിയായി ബി.ജെ.പി മാറുമെന്ന് ഉറപ്പുണ്ട്. തന്നെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിഷമമില്ല. മുഖ്യമന്ത്രിയാകാൻ രാഷ്ട്രീയത്തിലെത്തിയ ആളല്ല താൻ. 67 വർഷത്തെ ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങളും പരിചയ സമ്പത്തും കേരളത്തിന്‍റെ വികസനത്തിനായി ഉപയോഗിക്കുകയാണ് ലക്ഷ്യം. ആ സേവനത്തിനുള്ള തുടക്കമായാണ് എം.എൽ.എയാകുന്നത്. മുഖ്യമന്ത്രിയാകുന്നതൊക്കെ അതിനുശേഷമുള്ള കാര്യമാണ്. ബി.ജെ.പിയിൽ ഭിന്നതയുണ്ടെന്നത് മാധ്യമസൃഷ്ടിയാണ്. ഇത്ര ജനാധിപത്യബോധവും അച്ചടക്കവുമുള്ള പാർട്ടി വേറെയില്ല. കേന്ദ്ര നേതാക്കളുമായി ചർച്ച ചെയ്തിട്ടല്ല താൻ ബി.ജെ.പിയിൽ ചേർന്നത്. അവരിൽ നിന്ന് ഒരു ഓഫറും ലഭിച്ചില്ല. കേരളത്തിൽ ഭരണമാറ്റം വേണമെന്ന വാശിയുടെ ഭാഗമായാണ് ബി.ജെ.പിയിൽ ചേർന്നത്.
മുതിർന്നവരുടെ കാൽ തൊട്ടുതൊഴുക എന്നത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. ഗാന്ധിജിയുടെ കാലിൽ നിരവധി പേർ തൊട്ടുവണങ്ങിയിട്ടില്ലേ? കമ്യൂണിസ്റ്റുകാർ ആണ് ഇതിനെയൊക്കെ കുറ്റം പറയുന്നത്. സംസ്കാരങ്ങളെ പതുക്കെ എടുത്ത് കളഞ്ഞ് കമ്യൂണിസം കൊണ്ടുവരികയാണ് അവരുടെ ലക്ഷ്യം. സംസ്കാരം ഉള്ളിടത്ത് കമ്യൂണിസം വാഴില്ല. കമ്യൂണിസ്റ്റുകാരുമായി തനിക്ക് ഒരിക്കലും യോജിച്ചുപോകാൻ കഴിയില്ലെന്നും ഇ. ശ്രീധരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.