ഇടപെടും, റബ്ബര്‍ സ്റ്റാമ്പായി പ്രവര്‍ത്തിക്കാനില്ലെന്ന് ഗവർണർ; പുതിയ ബില്ലുകളിൽ ഒപ്പിടില്ലെന്ന് സൂചന

കോട്ടയം: സര്‍വകലാശാല വിഷയത്തില്‍ സർക്കാറിനെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. താൻ റബർ സ്റ്റാമ്പ് അല്ലെന്നും രാഷ്ട്രീയമായി സര്‍വകലാശാലകളെ കൈയടക്കാന്‍ അനുവദിക്കില്ലെന്നും എം.ജി സർവകലാശാലയുടെ ഡി.ലിറ്റ് ബിരുദദാന ചടങ്ങിനുശേഷം അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

സർവകലാശാലകളുടെ സ്വയംഭരണാവകാശം പരിപാവനമാണ്. അതിൽ വെള്ളം ചേർക്കാൻ അനുവദിക്കില്ല. നിയമവും ഭരണഘടനയും കീഴ്വഴക്കങ്ങളും അനുസരിച്ചുമാത്രമേ ബില്ലുകളിൽ തീരുമാനമെടുക്കൂ. സർവകലാശാലകളുടെ സ്വയംഭരണാവകാശം അട്ടിമറിക്കുന്ന ഒന്നിനും കൂട്ട് നിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍വകലാശാല ഭേദഗതി ബില്ല് അംഗീകരിക്കുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു ഗവർണറുടെ രൂക്ഷ പ്രതികരണം.

സർക്കാർ രാജ്ഭവന് കൈമാറിയിരിക്കുന്ന ബില്ലുകളിൽ ഒപ്പിടില്ലെന്ന് സൂചന നൽകിയ അദ്ദേഹം, വി.സി നിയമനഭേദഗതി ബില്ലടക്കമുള്ളവയൊന്നും കണ്ടിട്ടില്ലെന്നും വ്യക്തമാക്കി. നിയമവിരുദ്ധ നടപടി നിയമവിധേയമാക്കാനാണ് ചില ബില്ലുകൾ. നിയമം തകർക്കാൻ സർക്കാൻ തന്നെ ശ്രമിക്കുമ്പോൾ കൂട്ടുനിൽക്കാനാകില്ല. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേഴ്സനൽ സ്റ്റാഫുകളുടെ യോഗ്യതയില്ലാത്ത ബന്ധുക്കളെ സർവകലാശാലകളിൽ നിയമിക്കാനുള്ള നീക്കം അനുവദിക്കില്ല.

ആരുടെയും ബന്ധുവെന്നത് നിയമനങ്ങൾക്കുള്ള യോഗ്യതയല്ല. നിയമനങ്ങൾക്ക് യു.ജി.സി കൃത്യമായ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അറിവില്ലാതെ അദ്ദേഹത്തിന്‍റെ സ്റ്റാഫ് അംഗത്തിന്‍റെ ബന്ധുവിന് നിയമനം കിട്ടുമോ?സർവകലാശാലകളിൽ അനധികൃതമായി നിയമനങ്ങൾ നടത്താനുള്ള സർക്കാർ നീക്കം അനുവദിക്കില്ലെന്നും അദ്ദേഹം ആവർത്തിച്ചു.

താൻ ചാൻസലറായി തുടരുമ്പോൾ സർവകലാശാലകളിലെ രാഷ്ട്രീയ, ഉദ്യോഗസ്ഥ ഇടപെടലുകൾക്ക് കൂട്ടുനിൽക്കാനാവില്ല. ചാന്‍സലര്‍ സ്ഥാനം ഒഴിയാന്‍ തയാറായപ്പോള്‍ തീരുമാനത്തില്‍നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി തനിക്ക് നാല് കത്തുകള്‍ അയച്ചിരുന്നു. അതിൽ സര്‍ക്കാറിന് ചില ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ആ ഉത്തരവാദിത്തം മുഴുവനായി ഏറ്റെടുത്ത് കൊള്ളാനാണ് താൻ പറയുന്നത്. ഭരണഘടനാപരമായി മാത്രമേ തനിക്ക് പ്രവർത്തിക്കാൻ കഴിയൂ. ഇന്ത്യയിൽ രൂപമെടുക്കാത്ത ചി ല പാർട്ടികൾ കൈക്കരുത്തിലും ഭീഷണിയിലുമാണ് വിശ്വസിക്കുന്നത്.

തന്നെ സമ്മർദത്തിലാക്കാമെന്ന് അവർ കരുതേണ്ട. അതിന് ശ്രമിച്ചാൽ നിയമത്തിന്‍റെ അന്തസ്സത്ത ആയുധമാക്കി നേരിടുമെന്ന മുന്നറിയിപ്പും ഗവർണർ നൽകി. സർവകലാശാലാ നിയമഭേദഗതി, ലോകായുക്തയുടെ അധികാരം പരിമിതപ്പെടുത്തൽ അടക്കം മൂന്ന് ബില്ലാണ് സർക്കാർ ഗവർണറുടെ അംഗീകാരത്തിന് കൈമാറിയിരിക്കുന്നത്.

Tags:    
News Summary - i dont want to act as a rubber stamp Governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.