പരിക്കേറ്റ സുബൈദ ബീവി ആശുപത്രിയിൽ

ഗണേശോത്സവ ഘോഷയാത്രക്കിടെ കാറിനു നേരെ ആക്രമണം, വയോധികക്ക് പരിക്ക്; കേസെടുത്തു

പന്തളം: ഗണേശോത്സവ ഘോഷയാത്രക്കിടെ പന്തളത്ത് കുടുംബം സഞ്ചരിച്ച കാറിനു നേരെ ആക്രമണം. പരിക്കേറ്റ വയോധികയെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടൂർ ഏനാദിമംഗലം സ്വദേശി സുബൈദ ബീവി (79)ക്കാണ് പരിക്കേറ്റത്.

ഞായറാഴ്ച രാത്രി വിവിധ ഹൈന്ദവ സംഘടനയുടെ ആഭിമുഖ്യത്തിൽ പന്തളം ജങ്ഷനിൽ ഗണേശോത്സവ ഘോഷയാത്ര നടത്തിയിരുന്നു. പന്തളത്തെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി തടസ്സമുണ്ടായ സമയത്തായിരുന്നു ഘോഷയാത്ര കടന്നുപോയത്. ഏഴാംകുളത്തുള്ള സുബൈദ ബീവി പന്തളത്തെ മകളുടെ വീട്ടിലേക്ക് വരികയായിരുന്നു.

ഘോഷയാത്ര കടന്നുപോകുന്നതിന്‍റെ ഭാഗമായി പലയിടത്തും വാഹനങ്ങൾ തടയുന്നുണ്ടായിരുന്നു. രാത്രി 7.30ഓടെ മുട്ടാർ പാലത്തിന് സമീപത്തുവെച്ച് സുബൈദ ബീവിയും കുടുംബവും സഞ്ചരിച്ച കാർ നാലംഗ സംഘം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. സുബൈദ ബീവിയെ കൈ പിന്നിലേക്ക് വലിച്ച് ക്രൂരമായി മർദ്ദിച്ചെന്ന് പരാതിയിൽ പറയുന്നു. കാർ ഓടിക്കുകയായിരുന്ന സുബൈദ ബീവിയുടെ മകളുടെ മകനായ റിയാസ് (32), ഭാര്യ അൽഷിഫ (24), മകൾ അസ്വ (2) എന്നിവരെ അക്രമികൾ അസഭ്യം പറയുകയും ചെയ്തു.

സുബൈദ ബീവിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പന്തളം പൊലീസ് കേസെടുത്തു. കാറിലുണ്ടായിരുന്നവരെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. സംഭവത്തിൽ കണ്ടാലറിയാവുന്നവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 

Tags:    
News Summary - Attack on car during Ganeshotsava procession

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.