നിയമസഭയിൽ എപ്പോൾ വരണമെന്ന് എനിക്കറിയാം, ധാർമികത പഠിപ്പിക്കണ്ട; വി.ഡി സതീശന് പി.വി അൻവറിന്‍റെ മറുപടി

തിരുവനന്തപുരം: നിയമസഭയില്‍ എത്തുന്നില്ലെന്ന് പ്രതിപക്ഷം വിമർശനം ഉന്നയിച്ചതിന് ഫേസ്ബുക്കിലൂടെ മറുപടി നൽകി പി.വി അന്‍വര്‍ എം.എൽ.എ. നിയമസഭയില്‍ എപ്പോള്‍ വരണം, എങ്ങനെ പ്രവര്‍ത്തിക്കണം, എങ്ങനെ പൊതുജനങ്ങളോട് പെരുമാറണം എന്നൊക്കെ തനിക്കറിയാം. അതിനൊന്നും താങ്കളുടെ സഹായം ആവശ്യമില്ലെന്നും അന്‍വര്‍ ഫേസ്ബുക് വിഡിയോയിലൂടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് മറുപടി നൽകി.

സ്വന്തം ഗുരുവിനെ കുതികാല്‍ വെട്ടി താങ്കള്‍ ഇരിക്കുന്ന സീറ്റിന്റെ പുറകിലേക്ക് ആക്കിയ ധാര്‍മികതയുള്ള നേതാവ് കൂടിയാണ് വി.ഡി സതീശനെന്നും അദ്ദേഹം തന്നെ ധാര്‍മികത പഠിപ്പിക്കാന്‍ വരേണ്ടെന്നും അൻവർ പറയുന്നു.

രാഹുല്‍ ഗാന്ധി ഇന്ത്യ വിട്ട് പോകുമ്പോള്‍ പോലും അത് കോണ്‍ഗ്രസ് നേതാക്കളോടോ ജനങ്ങളോടോ പറയാറില്ല. പത്രക്കാര്‍ അന്വേഷിക്കുമ്പോള്‍ എവിടെയാണെന്ന് അറിയാറില്ല. ഇന്റലിജന്‍സിന് പോലും അദ്ദേഹം എവിടെയാണെന്ന് അറിയില്ല. അത്തരമൊരു നേതാവിന്റെ അനുയായിയാണ് താങ്കളെന്ന് മനസിലാക്കണമെന്നും അൻവർ പറഞ്ഞു.

പി.വി അന്‍വര്‍ നിയമസഭയിലെത്താത്തിനെതിരെ പ്രതിപക്ഷം ഇന്ന് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ അഞ്ച് ദിവസമാണ് അദ്ദേഹം സഭാ സമ്മേളനത്തിലെത്തിയത്. ഇത്തവണ ഇതുവരെ എത്തിയിട്ടില്ല. ജനപ്രതിനിധിയാക്കിയത് ബിസിനസ് നടത്താനല്ല. ജനപ്രതിനിധിയായി ഇരിക്കാനാകില്ലെങ്കില്‍ പി.വി അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടിരുന്നു. 

പി.വി അൻവറിന്‍റെ വാക്കുകൾ

''പ്രിയപ്പെട്ട പ്രതിപക്ഷ നേതാവേ. അങ്ങയുടെ ഒരു പ്രസ്താവന കാണുകയുണ്ടായി. പിവി അന്‍വര്‍ നിയമസഭയില്‍ എത്തിയില്ലെന്ന അങ്ങയുടെ വിഷമം എന്ന അതിശയിപ്പിക്കുന്നതാണ്. കഴിഞ്ഞ അഞ്ചര വര്‍ഷം, ജീവിതത്തില്‍ ഒരിക്കലും അന്‍വര്‍ നിയമസഭയില്‍ എത്തരുതെന്ന നിലയ്ക്ക് നിലമ്പൂരിലും വ്യക്തിപരമായി എനിക്കെതിരെ പ്രവര്‍ത്തിച്ച പാര്‍ട്ടിയുയെയും മുന്നണിയുടെയും നേതാവാണ് നിങ്ങള്‍. തെരഞ്ഞെടുപ്പ് കാലത്ത് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസിലെ മുഴുവന്‍ ദേശീയനേതാക്കളെയും സംസ്ഥാന നേതാക്കളെയും അണിനിരത്തി, കിട്ടാവുന്ന ഏറ്റവും നല്ല കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ സ്ഥാനാര്‍ത്ഥിയാക്കിയും എനിക്കെതിരെ വ്യക്തിപരമായും നിരന്തരമായി ആരോപണങ്ങള്‍ ഉന്നയിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടും എന്നെ പരാജയപ്പെടുത്താന്‍ നിങ്ങള്‍ക്ക് സാധിച്ചില്ല. അന്നെല്ലാം നിങ്ങളുടെ ഉദേശം ഞാന്‍ നിയമസഭയില്‍ വരരുതെന്നായിരുന്നു. ഇപ്പോള്‍ നിയമസഭയില്‍ എന്നെ കാണാത്തതില്‍ അങ്ങേയ്ക്ക് വിഷമമുണ്ട് എന്ന് അറിഞ്ഞതില്‍ നല്ല സന്തോഷം തോന്നുന്നുണ്ട്.

'ഇത്രയും സ്‌നേഹമുള്ള കോണ്‍ഗ്രസ് നേതാക്കളുണ്ടെന്ന് അറിഞ്ഞതില്‍ എന്റെ സന്തോഷം വര്‍ധിക്കുകയാണ്. പ്രിയപ്പെട്ട പ്രതിപക്ഷ നേതാവിനോട് എനിക്കൊന്നേ പറയാനുള്ളൂ. താങ്കളുടെ ഒര് നേതാവുണ്ടല്ലോ, രാഹുല്‍ ഗാന്ധി. അദ്ദേഹം എവിടെയാണ്. അദ്ദേഹം ഇന്ത്യ വിട്ട് പോകുമ്പോള്‍ പോലും അത് കോണ്‍ഗ്രസ് നേതാക്കളോടോ ജനങ്ങളോടോ പറയാറില്ല. പത്രക്കാര്‍ അന്വേഷിക്കുമ്പോള്‍ എവിടെയാണെന്ന് അറിയാറില്ല. ഇന്റലിജന്‍സിന് പോലും അദ്ദേഹം എവിടെയാണെന്ന് അറിയില്ല. അത്തരമൊരു നേതാവിന്റെ അനുയായിയാണ് താങ്കളെന്ന് മനസിലാക്കണം. വയനാട്ടില്‍ നിന്ന് വിജയിച്ച് പോയ അദ്ദേഹം കേരളത്തില്‍ എപ്പോഴാണ് വരാറുള്ളത്. വയനാടുമായിട്ട് അദ്ദേഹത്തിന്റെ ബന്ധമെന്താണ്. ഇതിനൊക്കെ മറുപടി പറയാന്‍ താങ്കള്‍ ബാധ്യസ്ഥനാണ്.''

സ്വന്തം ഗുരുവിനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് കുതികാല്‍ വെട്ടി, താങ്കള്‍ ഇരിക്കുന്ന സീറ്റിന്റെ പുറകിലേക്ക് ആക്കിയ ധാര്‍മികതയുള്ള നേതാവ് കൂടിയാണ് അങ്ങ്. അതുകൊണ്ട് ധാര്‍മികതയെക്കുറിച്ചൊന്നും എന്നെ പഠിപ്പിക്കരുത്. നിയമസഭയില്‍ എപ്പോള്‍ വരണം, എങ്ങനെ പ്രവര്‍ത്തിക്കണം, എങ്ങനെ പൊതുജനങ്ങളോട് പെരുമാറണം എന്നൊക്കെ എനിക്കറിയാം. അതുകൊണ്ട് അതിനൊന്നും താങ്കളുടെ സഹായവും ഉദേശവും എനിക്ക് വേണമെന്നില്ല. ഈ ഒരു സമയത്ത് ഇത്രമാത്രം ഓര്‍മപ്പെടുത്തുന്നു. ജനങ്ങള്‍ എന്നെ തെരഞ്ഞെടുത്തിട്ടുണ്ടെങ്കില്‍, അവരോടുള്ള ബാധ്യത നിറവേറ്റാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. ഇപ്പോഴും നിറവേറ്റുന്നു. നാളെ നിറവേറ്റും. പൊതുപ്രവര്‍ത്തനവുമായി ഞാന്‍ മുന്നോട്ട് പോകും.''

Tags:    
News Summary - I know when to come to the Legislature Assembly; PV Anwar's reply to VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.