ന്യൂഡൽഹി: കോൺഗ്രസിെൻറ രാജ്യസഭ സീറ്റ് കേരള കോൺഗ്രസിന് വിട്ടുനൽകുന്നതിന് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ എ ഗ്രൂപ്പും ഘടകകക്ഷിയായ മുസ്ലിംലീഗും ഒത്തുകളിച്ചുവെന്ന സൂചനയുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് പി.ജെ. കുര്യെൻറ തുറന്ന കത്ത്. കോൺഗ്രസിന് രാജ്യസഭ സീറ്റ് കൈവിട്ടു പോകുമെന്ന ഘട്ടം വന്നപ്പോഴാണ് വ്യാഴാഴ്ച രാവിലെ കുര്യൻ കത്തയച്ചത്.
‘‘പുതിയ ചില സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഞാൻ ഇപ്പോൾ എഴുതുന്നത്. കേരള കോൺഗ്രസിന് രാജ്യസഭ സീറ്റ് അടിയറവെക്കാൻ ശ്രമം നടക്കുന്നു. ഗ്രൂപ് നേതാക്കളുടെ അറിവോടെയാണ് ഇതെന്നുവേണം കരുതാൻ. അവരുടെ മൗന പിന്തുണയോടെയാണ് എനിക്കെതിരെ യുവ എം.എൽ.എമാർ പ്രചാരണം അഴിച്ചു വിട്ടത്. കേരള കോൺഗ്രസിനെ യു.ഡി.എഫിൽ തിരിച്ചു കൊണ്ടുവരുന്നതിനെ പൂർണമായും അനുകൂലിക്കുന്നു. എന്നാൽ, ഇങ്ങനെ കീഴടങ്ങുന്നത് കോൺഗ്രസിെൻറ താൽപര്യങ്ങൾക്കു വിരുദ്ധമാണ്’’ -പി.ജെ. കുര്യൻ കത്തിൽ പറഞ്ഞു.
രാജ്യസഭ സീറ്റ് മാണി ഗ്രൂപ്പിന് കൊടുക്കണമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പരസ്യമായി ആവശ്യപ്പെട്ടതിെൻറകൂടി പശ്ചാത്തലത്തിലാണ് പി.ജെ. കുര്യെൻറ കത്ത്.
ഉമ്മൻ ചാണ്ടി, കുഞ്ഞാലിക്കുട്ടി, കെ.എം. മാണി ഒത്തുകളി ഇക്കാര്യത്തിലുണ്ടെന്നാണ് കുര്യനും അദ്ദേഹത്തെ പിന്തുണക്കുന്നവരും പറഞ്ഞുവെക്കുന്നത്. വിശാല െഎ ഗ്രൂപ് നേതാവായ രമേശ് ചെന്നിത്തലയോട് മാണി ഉടക്കിലാണെന്ന പശ്ചാത്തലം കൂടി കത്തിനുണ്ട്. ഹൈകമാൻഡിെൻറ ഇഷ്ടപ്രകാരം കോൺഗ്രസിൽ ആർക്കും രാജ്യസഭ സീറ്റ് വിട്ടുകൊടുക്കുന്നതിന് താൻ എതിരല്ലെന്ന് കുര്യൻ വിശദീകരിച്ചു. ജനതാദൾ നേതാവ് എം.പി. വീരേന്ദ്രകുമാറിന് മുമ്പ് രാജ്യസഭ സീറ്റ് നൽകിയത് ഒാർമിപ്പിച്ച് കുര്യൻ പറഞ്ഞു: ‘‘ഒറ്റ എം.എൽ.എ മാത്രമുള്ള ഒരു പാർട്ടിക്ക് രാജ്യസഭ സീറ്റ് മുമ്പ് നൽകിയതാണ്. എന്നാൽ, ആ പാർട്ടിയും എം.പിയും ഇന്ന് കോൺഗ്രസിനൊപ്പമില്ല. കേരളത്തിെല ഇന്നത്തെ രാഷ്ട്രീയ സാഹചര്യം നോക്കണം. അടുത്ത മൂന്നുവർഷത്തേക്ക് സി.പി.എം അധികാരത്തിലാണെന്ന കാര്യം പരിഗണിക്കണം. രാജ്യസഭ സീറ്റ് ൈകയടക്കുന്ന കേരള കോൺഗ്രസ് യു.ഡി.എഫിൽ തുടരുമെന്ന് എന്താണ് ഉറപ്പ്?’’
വാദിക്കുന്നത് തനിക്ക് സീറ്റ് കിട്ടാൻ വേണ്ടിയല്ല. എം.എം. ഹസൻ, വി.എം. സുധീരൻ, രാജ്മോഹൻ ഉണ്ണിത്താൻ, ഷാനിമോൾ ഉസ്മാൻ, പി.സി. വിഷ്ണുനാഥ്, പി.സി. ചാക്കോ തുടങ്ങിയവരെ പരിഗണിക്കണമെന്നും കത്തിൽ കുര്യൻ പറഞ്ഞു. ‘‘കേരള കോൺഗ്രസിനെ യു.ഡി.എഫിൽ തിരിച്ചു കൊണ്ടുവരുന്നത് നിയമസഭ സീറ്റുകളോ മറ്റു പദവികേളാ പങ്കിട്ടുകൊണ്ടാകണം. രണ്ട് രാജ്യസഭ സീറ്റ് ഒഴിവുവരുേമ്പാൾ ഒന്ന് സഖ്യകക്ഷിക്കും ഒന്ന് കോൺഗ്രസിനും എന്നതാണ് നിലവിലുള്ള നയം. ഒറ്റ സീറ്റ് മാത്രമേയുള്ളൂവെങ്കിൽ കോൺഗ്രസ് അത് എടുക്കുമെന്നാണ് ധാരണ. എം.പി. വീരേന്ദ്രകുമാറിെൻറ കാര്യത്തിൽ ഇൗ ചട്ടം ലംഘിച്ചു. വീണ്ടും അത് ലംഘിക്കരുത്’’ -പി.ജെ. കുര്യൻ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.