കോട്ടയം: വിരമിച്ച ഉന്നതരെ വൻ ശമ്പളം നൽകി പുനര്‍നിയമിക്കുന്നത് വ്യാപകമാകുന്നതിൽ ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് കടുത്ത അതൃപ്തി. സ്ഥാനക്കയറ്റം ലഭിച്ച് എത്തേണ്ട പല തസ്തികകളിലേക്കും വിരമിച്ചവരെ നിയമിക്കുന്നത് മൂലം അവസരങ്ങൾ നഷ്ടപ്പെടുന്നതിലാണ് പരാതി. അതിന് പുറമെ ഇത്തരം നിയമനങ്ങളിൽ സർക്കാർ വേർതിരിവ് കാട്ടുന്നെന്ന ആക്ഷേപവും ശക്തമാണ്. ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥർ തമ്മിൽ നേരത്തേ തന്നെ ചില നിയമനങ്ങളിൽ തർക്കം നിലവിലുണ്ട്. തങ്ങൾക്ക് ലഭിക്കേണ്ട തസ്തികകളിൽ ഐ.പി.എസുകാരെ നിയമിക്കുന്നതിലാണ് ഐ.എ.എസുകാർക്ക് അതൃപ്തി. അതിന് പിന്നാലെയാണ് ഇപ്പോൾ കേഡര്‍ പദവികളിലേക്ക് പുതിയ ആളുകൾക്ക് എത്താനാകാത്ത അവസ്ഥയും. പ്രത്യേക തസ്തികയുണ്ടാക്കിയും ശമ്പളത്തോടൊപ്പം പെൻഷൻ നൽകാൻ ചട്ടം ഭേദഗതി ചെയ്തുമൊക്കെ വിരമിച്ചവരെ പുനർനിയമിക്കുന്നതിലുള്ള അസംതൃപ്തി വളരുകയാണ്.
വിരമിച്ച മുൻ ചീഫ് സെക്രട്ടറി വി.പി. ജോയിയെ കേരള പബ്ലിക് എന്റര്‍പ്രൈസസ് ബോർഡ് ചെയര്മാൻ തസ്തികയിലേക്ക് പരിഗണിക്കാൻ സർവിസ് റൂളിലെ ചട്ടം വരെ സര്‍ക്കാര്‍ ഭേദഗതി ചെയ്തിരിക്കുകയാണ്. പെൻഷൻ കഴിഞ്ഞുള്ള അവസാന ശമ്പളമാണ് സാധാരണ പുനര്‍ നിയമനങ്ങൾക്ക് കിട്ടാറുള്ളതെങ്കിൽ വി.പി. ജോയിക്ക് പെൻഷനും ശമ്പളവും ഒരുമിച്ചാണ് നൽകുന്നത്. മുൻ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം വിരമിച്ച് വര്‍ഷങ്ങളായെങ്കിലും പുനർനിയമനങ്ങൾ തുടരുകയാണ്. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി മാത്രമല്ല കിഫ്ബി സി.ഇ.ഒ, കെ ഡിസ്കിന്റെ തലപ്പത്തും അദ്ദേഹമാണ്.
ചീഫ് സെക്രട്ടറിയായി വർഷങ്ങൾക്ക് മുമ്പ് വിരമിച്ച കെ. ജയകുമാറിനെ തേടി നിരന്തരം തസ്തികകൾ വരികയാണ്. വിരമിച്ച വിശ്വാസ് മേത്ത സംസ്ഥാന വിവരാവകാശ കമീഷണറാണ്. കിഫ്ബി അഡീഷനൽ സി.ഇ.ഒ ആയി സത്യജിത്ത് രാജനും ഇലക്ട്രിസിറ്റി റഗുലേറ്ററി കമീഷൻ ചെയർമാനായി ടി.കെ. ജോസും സേവനം തുടരുകയാണ്. കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി ചെയർമാൻ പി.എച്ച് കുര്യൻ, ഇൻകെൽ എം.ഡി ഡോ. കെ ഇളങ്കോവൻ, അസാപ്പിന്റെ തലപ്പത്ത് ഉഷ ടൈറ്റസ്, എൻട്രൻസ് കമീഷണറായി ഇരുന്ന ബി.എസ് മാവോജി എസ്.സി-എസ്.ടി കമീഷൻ ചെയർമാനായും മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ കൊച്ചി മെട്രോ എം.ഡിയായും തുടരുന്നു. വി. തുളസീദാസ്, യു.വി. ജോസ്, ഡോ. സന്തോഷ് ബാബു, പോൾ ആന്റണി തുടങ്ങി മുപ്പതിലേറെ പേരെ ഉന്നത തസ്തികകളിൽ നിയമിച്ചിരിക്കുകയാണ്.
ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് ആരംഭിച്ച ഇത്തരം നിയമനം ഇപ്പോഴും തുടരുകയാണ്. ഐ.എം.ജി ഡയറക്ടർ തസ്തിക ഉൾപ്പെടെ ഇവയിൽ ചിലത് കേഡർ തസ്തികകളാണ്. വിരമിച്ചവർ തുടരുന്നതിനാൽ ഐ.എ.എസ്-ഐ.പി.എസുകാർക്ക് നഷ്ടമാകുന്നത് ഇത്തരം കേഡർ തസ്തികകളാണ്. ഇത്തരത്തിലുള്ള നിയമനങ്ങൾക്കെതിരെ ഐ.എ.എസ് അസോസിയേഷൻ സർക്കാറിന് നേരത്തേ കത്ത് നൽകിയെങ്കിലും ഫലം കണ്ടിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.