കൊച്ചി: പോളിസി അപേക്ഷയിൽ രോഗവിവരം മറച്ചുവെച്ചാൽ ആരോഗ്യ ഇൻഷുറൻസ് തുക ലഭിക്കില്ലെന്ന് ഹൈകോടതി. പോളിസി രേഖ താൻ പൂരിപ്പിച്ചിട്ടില്ലെന്നും വിവരങ്ങൾ മറച്ചുവെച്ച വിവരം അറിഞ്ഞില്ലെന്നുമുള്ള പോളിസി ഉടമയുടെ വാദങ്ങൾ നിലനിൽക്കില്ല. തെറ്റായ വിവരങ്ങൾ നൽകുന്നതും വിവരങ്ങൾ മറച്ചുവെക്കുന്നതും പോളിസിയുടെ സാധുതയെ ബാധിക്കുമെന്നും ജസ്റ്റിസ് സതീഷ് നൈനാൻ വ്യക്തമാക്കി.
ഹൃദ്രോഗത്തെ തുടർന്ന് പോളിസിയുടമ മരിച്ച സാഹചര്യത്തിൽ ഭാര്യക്ക് ഇൻഷുറൻസ് തുക നൽകണമെന്ന എറണാകുളം സബ് കോടതി ഉത്തരവിനെതിരെ എൽ.ഐ.സി സോണൽ മാനേജരടക്കം നൽകിയ ഹരജിയിലാണ് ഉത്തരവ്.തൃശൂർ സ്വദേശിയായ പോളിസിയുടമ 1994 ഫെബ്രുവരി 14നാണ് മൂന്നു ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പോളിസി എടുത്തത്. 1995 ജൂലൈ നാലിന് ഇയാൾ മരിച്ചു.
തുടർന്നാണ് ഭാര്യ ഇൻഷുറൻസ് തുക ക്ലെയിം ചെയ്തത്. പോളിസിയെടുക്കുന്നതിന് രണ്ടു വർഷം മുമ്പ് ഹൃദയസംബന്ധമായ രോഗത്തിന് പോളിസിയുടമ ചികിത്സ തേടിയിരുന്നെന്നും ഇക്കാര്യം അപേക്ഷയിൽ മറച്ചുവെച്ചിരുന്നുവെന്നും ചൂണ്ടിക്കാട്ടി ഇൻഷുറൻസ് തുക എൽ.ഐ.സി നിഷേധിച്ചു. എന്നാൽ, രോഗവിവരങ്ങൾ പൂരിപ്പിച്ചത് എൽ.ഐ.സി ഏജന്റാണെന്ന് വിലയിരുത്തിയ സബ് കോടതി തുക നൽകാൻ ഉത്തരവിട്ടു. ഇതിനെതിരെയാണ് എൽ.ഐ.സി അധികൃതർ ഹൈകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.