തിരുവനന്തപുരം: അഭ്യൂഹം അവസാനിപ്പിച്ച് രാഹുൽ ഗാന്ധി റായ്ബറേലിയിൽ അങ്കം കുറിച്ചതോടെ വയനാട് വീണ്ടും ചർച്ചകളിൽ സജീവം. രാഹുൽ ഗാന്ധി രണ്ടിടത്തും ജയിച്ചാൽ, വയനാട് ഒഴിയുമോയെന്നതാണ് ചർച്ച. വയനാട് ഒഴിയില്ലെന്ന് രാഹുൽ ഗാന്ധിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനും സംഘടനാ ജനറൽ സെക്രട്ടറിയുമായ കെ.സി. വേണുഗോപാൽ പോലും പറയുന്നില്ല. സൂചന വ്യക്തമാണ്. റായ്ബറേലിയിൽ ജയിച്ചാൽ, രാഹുൽ വയനാട് ഒഴിയും. കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും ഗുണകരം അതാണ്. കോൺഗ്രസിന്റെയും ഗാന്ധി കുടുംബത്തിന്റെയും കുത്തക സീറ്റാണ് റായ്ബറേലി. 2019ലെ മോദി തരംഗത്തിൽ അമേത്തിയിൽ രാഹുലിന് കാലിടറിയപ്പോൾ പോലും സോണിയക്ക് ഒന്നര ലക്ഷത്തിലേറെ ഭൂരിപക്ഷം നൽകി കോൺഗ്രസിനൊപ്പം നിന്ന സീറ്റ്.
ഇക്കുറിയും റായ്ബറേലി കോൺഗ്രസിനെ കൈവിടില്ലെന്നാണ് പാർട്ടി പലവട്ടം നടത്തിയ സർവേകളിൽ കിട്ടിയ റിപ്പോർട്ട്. രാഹുൽ ഇവിടെ അങ്കം കുറിച്ചതും ആ ആത്മവിശ്വാസത്തിലാണ്. ഹിന്ദി ഹൃദയഭൂമിയിൽ ബി.ജെ.പിയെ നേരിടാൻ കെൽപ്പില്ലാത്ത നേതാവെന്ന പേരുദോഷം റായ്ബറേലി വിജയത്തോടെ ഒരുപരിധിവരെ മായ്ക്കാൻ രാഹുലിന് കഴിയും. ജനം തുണച്ചാൽ, റായ്ബറേലിയുടെ എം.പിയായാണ് രാഹുൽ പാർലമെന്റിലുണ്ടാവുകയെന്ന് ഉറപ്പായിരിക്കെ, വയനാട് സംബന്ധിച്ച പ്ലാൻ ഹൈകമാൻഡ് തയാറാക്കിയിട്ടുണ്ടെന്നാണ് വിവരം.
രാഹുൽ ഒഴിയുമ്പോൾ സഹോദരി പ്രിയങ്ക ഗാന്ധി വയനാട്ടിലെത്താനാണ് എല്ലാ സാധ്യതയും. പ്രിയങ്ക ഇപ്പോൾ മത്സരത്തിൽനിന്ന് മാറിനിൽക്കുന്നത് അതിനുവേണ്ടിയാണ്. മികച്ച വിജയം ഉറപ്പുള്ള വയനാട്ടിൽ പ്രിയങ്കയുടെ ആദ്യ അങ്കം ഗംഭീരമാക്കാമെന്നും ഹൈകമാൻഡ് കണക്കുകൂട്ടുന്നു.
രാഹുൽ ഗാന്ധി മത്സരിക്കുന്നില്ലെങ്കിൽ വയനാട് സീറ്റിനായി മുസ്ലിം ലീഗ് അവകാശവാദം പറഞ്ഞുവെച്ചതാണ്. രാഹുൽ വയനാട് ഒഴിയുമ്പോൾ വീണ്ടുമൊരിക്കൽ കൂടി മൂന്നാം സീറ്റ് അവകാശവാദം ലീഗ് ഉയർത്തുമോയെന്നതാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
രാജ്യസഭാ സീറ്റ് ധാരണയിൽ തീർപ്പായ കാര്യം ലീഗ് ഉന്നയിക്കില്ലെന്ന ഉറച്ചവിശ്വാസത്തിലാണ് കെ.പി.സി.സി നേതൃത്വം. രാഹുലിനു പകരം പ്രിയങ്കയാകുമ്പോൾ ലീഗിന്റെ ഭാഗത്തുനിന്ന് എതിർസ്വരം ഉയരില്ലെന്നും അവർ കണക്കുകൂട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.