കൊച്ചി: 2017നുശേഷം വാങ്ങിയതാണെങ്കിലും 25 സെന്റിൽ താഴെയുള്ള നിലമാണെങ്കിൽ തരം മാറ്റാൻ പ്രത്യേക ഫീസ് നൽകേണ്ടെന്ന് ഹൈകോടതി. 25 സെന്റിൽ കൂടുതലുള്ള ഭൂമിയിൽനിന്ന് പ്ലോട്ട് തിരിച്ച് വാങ്ങിയ ഭൂമിയുടെ കാര്യത്തിൽ മാത്രമേ തരം മാറ്റാൻ ഫീസ് നൽകേണ്ടതുള്ളൂവെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് അനു ശിവരാമന്റെ ഉത്തരവ്. പാലക്കാട് സ്വദേശി യു. സുമേഷ്, തൃശൂർ സ്വദേശി സുരേഷ് ശങ്കർ എന്നിവർ നൽകിയ ഹരജിയാണ് പരിഗണിച്ചത്.
2008ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം നെൽവയൽ നികത്താൻ നൽകിയ അപേക്ഷ പരിഗണിച്ചെങ്കിലും 2017നുശേഷമാണ് ഭൂമി വാങ്ങിയതെന്ന കാരണം ചൂണ്ടിക്കാട്ടി തരം മാറ്റാൻ ഫീസ് അടക്കണമെന്ന് അധികൃതർ ആവശ്യപ്പെടുകയായിരുന്നുവെന്ന് ഹരജിയിൽ പറയുന്നു.
എന്നാൽ, നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം 2017 ഡിസംബർ 30 വരെ ഒന്നായി കിടന്ന ഭൂമി അതിനുശേഷം തിരിച്ച് 25 സെന്റോ അതിനുതാഴെയോ വിസ്തീർണമുള്ള പ്ലോട്ടുകളാക്കിയിട്ടുണ്ടെങ്കിലേ ഫീസിളവിന് അർഹത ഇല്ലാതാവൂവെന്ന് കോടതി വിലയിരുത്തി.
മുമ്പ് 25 സെന്റിൽ താഴെയുള്ള ഭൂമിയുടെ കാര്യത്തിൽ 2017നുശേഷം വാങ്ങി എന്നതിന്റെ പേരിൽ തരം മാറ്റാൻ ഫീസ് നൽകേണ്ടെന്നും കോടതി വ്യക്തമാക്കി. രണ്ടുമാസത്തിനകം ആർ.ഡി.ഒ തീരുമാനമെടുക്കാനും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.