അഴിമതിയുണ്ടെങ്കിൽ തനിക്കെതിരെ കേസെടുത്ത് അന്വേഷിക്കട്ടെ- ആര്യാടൻ മുഹമ്മദ്

നിലമ്പൂർ: മുൻ വൈദ‍്യുതി മന്ത്രി എം.എം. മണിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി മുൻ മന്ത്രി ആര‍്യാടൻ മുഹമ്മദ്. യു.ഡി.എഫ് സർക്കാറിന്‍റെ കാലത്ത് കരാർ നടപ്പാക്കിയതിനാലാണ് പവർകട്ടും ലോഡ് ഷെഡിങ്ങും ഇല്ലാതെ എൽ.ഡി.എഫിന് ഭരിക്കാൻ കഴിഞ്ഞതെന്ന്​ ആര‍്യാടൻ മുഹമ്മദ് നിലമ്പൂരിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

ഇന്ത്യയിലെ വൈദ്യുതിക്ഷാമം പരിഹരിക്കാൻ കേന്ദ്രസര്‍ക്കാര്‍ ഡിസൈന്‍ ബില്‍ഡ് ഫിനാന്‍സ് ഓണ്‍ ഓപറേഷന്‍ എന്നൊരു പദ്ധതി കൊണ്ടുവന്നിരുന്നു. ഇതിനായുള്ള മാര്‍ഗനിർദേശങ്ങളും കേന്ദ്രം പുറപ്പെടുവിച്ചു. കേരളത്തില്‍ വൈദ്യുതി ക്ഷാമമുള്ള സമയമായിരുന്നു അത്​. 2012-13ല്‍ കെ.എസ്.ഇ.ബി വരുമാനത്തിന്‍റെ 102 ശതമാനം ചെലവിട്ടാണ് പുറമെ നിന്നും വൈദ്യുതി വാങ്ങിയത്. വൈദ്യുതി തികയാതെ വന്ന സമയത്താണ് ഈ സ്‌കീമിന്‍റെ അടിസ്ഥാനത്തില്‍ ടെന്‍ഡര്‍ ചെയ്യാന്‍ കെ.എസ്.ഇ.ബി തീരുമാനിച്ചത്.

വൈദ്യുതി കൊണ്ടുവരാനുള്ള കോറിഡോര്‍ അപേക്ഷിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ആദ്യമെന്ന രീതിയിലായിരുന്നു. ഇതുകാരണമാണ് 2016 മുതല്‍ കെ.എസ്.ഇ.ബിക്ക് വൈദ്യുതി നല്‍കാന്‍ ആവശ്യപ്പെട്ടുള്ള ടെന്‍ഡര്‍ കേന്ദ്ര മാര്‍ഗനിർദേശം അനുസരിച്ചു പ്രസിദ്ധപ്പെടുത്തി നടപടി കൈക്കൊണ്ടത്​. അന്ന് കരാര്‍ ഒപ്പുവെച്ചില്ലെങ്കില്‍ കോറിഡോര്‍ ലഭിക്കുമായിരുന്നില്ല. കോറിഡോറിനായി പവര്‍ഗ്രിഡ് കോർപറേഷന്‍ അനുകൂലമല്ലാത്ത നിലപാട് കൈക്കൊണ്ടതിനാല്‍ കേന്ദ്ര വൈദ്യുതി ​റെഗുലേറ്ററി കമീഷന്‍ മുമ്പാകെ കേസ് നടത്തി അനുകൂല വിധിയും നേടി. 2014ല്‍ ഇതിനുവേണ്ടി കരാര്‍ ഒപ്പുവെക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് കേസ് വിജയിച്ചതും കോറിഡോര്‍ അനുവദിച്ച് വൈദ്യുതി കൊണ്ടുവരാന്‍ സാധിച്ചതും.

765 മെഗാവാട്ട് കെ.എസ്.ഇ.ബിക്ക് നല്‍കാനുള്ള കരാറാണ് വിവിധ കമ്പനികളുമായി ഒപ്പിട്ടത്. ഇതിനുപുറമെ 50 മെഗാവാട്ട് വൈദ്യുതിക്കുവേണ്ടി മറ്റൊരു സ്വകാര്യ കമ്പനിയുമായി കരാര്‍ വെച്ചെങ്കിലും അവര്‍ക്കത് വിതരണം ചെയ്യാന്‍ കഴിയാത്തതിനാൽ 50 കോടി നഷ്ടപരിഹാരവും കെ.എസ്.ഇ.ബി ഈടാക്കി. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്​ ചുരുങ്ങിയ നിരക്കിലാണ് കെ.എസ്.ഇ.ബി കരാര്‍വെച്ചത്. തമിഴ്‌നാട് 4.88 രൂപക്കാണ് കരാര്‍ വെച്ചതെങ്കില്‍ ശരാശരി 4.16 രൂപക്കാണ് കെ.എസ്.ഇ.ബി കരാര്‍. കരാര്‍ അനുസരിച്ച് 2016 ഡിസംബറില്‍ 350 മെഗാവാട്ടും 2017 നവംബറില്‍ ബാക്കി വൈദ്യുതിയും വാങ്ങിയത് എല്‍.ഡി.എഫ് സര്‍ക്കാറാണ്. അതിപ്പോഴും തുടരുന്നു.

യു.ഡി.എഫ് സര്‍ക്കാർ ഒരു യൂനിറ്റ് വൈദ്യുതി പോലും ഈ കരാര്‍ അനുസരിച്ച് വാങ്ങിയിട്ടില്ല. കരാറിൽ അഴിമതി ഉണ്ടായിരുന്നെങ്കില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം മന്ത്രിയായിരുന്ന എം.എം. മണിക്ക് കരാര്‍ റദ്ദാക്കാനും എനിക്കെതിരെ നടപടിയെടുക്കാനും കഴിയുമായിരുന്നു. അതൊന്നും ചെയ്യാതെ കരാര്‍ നടപ്പാക്കി അഞ്ചുവര്‍ഷവും വൈദ്യുതി വാങ്ങി മന്ത്രിസ്ഥാനം പോയ ശേഷം അഴിമതിയുണ്ടെന്ന് പറയുന്നത് അല്‍പത്തമാണെന്നും എല്ലാ പ്രവൃത്തികളും ടെന്‍ഡര്‍ വഴിയാണ് നല്‍കിയതെന്നും ആര‍്യാടൻ വിശദീകരിച്ചു.

Tags:    
News Summary - If there is corruption, let him file a case and investigate- Aryadan Muhammad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.