കോഴിക്കോട്: നിശ്ചിത സമയത്തിനകം കൂടുതൽ ഓംലെറ്റ് പാചകം ചെയ്തത് മുതൽ സംസ്ഥാനങ്ങളുടെ തലസ്ഥാനത്തിന്റെ പേര് പറയുന്നത് വരെയുള്ള 'വ്യത്യസ്തമായ കഴിവുകൾ' പ്രകടിപ്പിക്കുന്നവരാണോ നിങ്ങൾ? അതുമല്ലെങ്കിൽ ഫേസ്ബുക്കിൽ കൂടുതൽ കുറിപ്പുകൾ എഴുതാറുണ്ടോ? കാത്തിരിക്കുന്നത് ഇന്ത്യൻ റെക്കോഡാണ്.
7500 രൂപയുണ്ടെങ്കിൽ എന്തിനും ഏതിനും റെക്കോഡ് നേടാം. ചുളുവിൽ പ്രശസ്തി ആഗ്രഹിക്കുന്നവർ റെക്കോഡ് പുസ്തകത്തിൽ കയറിപ്പറ്റുന്നത് സംസ്ഥാനത്തും സജീവമാകുകയാണ്. ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്സിനും ലിംക ബുക്ക് ഓഫ് റെക്കോഡ്സിനും സമാനമാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് മറ്റ് റെക്കോഡ് പുസ്തകങ്ങളും ജനങ്ങളെ ആകർഷിക്കുന്നത്.
പണം കിട്ടുന്നതിനാൽ അപേക്ഷ നൽകുന്നവർക്കെല്ലാം അംഗീകാരം നൽകുന്ന രീതിയാണ് നടത്തിപ്പുകാരുടേത്. റെക്കോഡില്ലെങ്കിൽ അഭിനന്ദനമെങ്കിലും അപേക്ഷകർക്ക് നൽകും. കുട്ടികളുടെ സ്വതസിദ്ധമായ, സാധാരണ കഴിവുകൾ പോലും പരിഗണിക്കുന്നതിനാൽ രക്ഷിതാക്കളാണ് അപേക്ഷകരിലേറെയും. ചില മാധ്യമങ്ങളിലെ വാർത്തയും നാട്ടിലെ സ്വീകരണവും ഫ്ലക്സ് ബോർഡുകളും പ്രമുഖരുടെ അഭിനന്ദനവുമെല്ലാം മനസ്സിൽ കണ്ടാണ് രക്ഷിതാക്കൾ ഇടിച്ചുകയറുന്നത്.
തട്ടിപ്പാണെന്നറിയാതെയാണ് മാധ്യമങ്ങൾ ഇവയെക്കുറിച്ച് വാർത്ത നൽകുന്നത്. ഓൺലൈൻ വഴി അപേക്ഷ നൽകുകയാണ് റെക്കോഡിലേക്കുള്ള ആദ്യപടി. പ്രകടനത്തിന്റെ തെളിവുകളും അയച്ചുകൊടുക്കണം. ഇവ നേരിട്ട് വിലയിരുത്താതെ വിഡിയോ ദൃശ്യങ്ങളും മറ്റും കണ്ടാണ് അംഗീകാരം നൽകുന്നത്. അപേക്ഷകർ വിഡിയോയിൽ എഡിറ്റിങ് നടത്തിയാലും മനസ്സിലാകില്ല. ഗിന്നസ്, ലിംക ബുക്ക് ഓഫ് റെക്കോഡ്സിൽ കയറിപ്പറ്റാൻ വിദഗ്ധരായ ജൂറിയുടെ മുന്നിൽ കഴിവുകൾ ബോധ്യപ്പെടുത്തണം. എന്നാൽ, തട്ടിക്കൂട്ട് ബുക്ക് ഓഫ് റെക്കോഡ്സിൽ ജൂറി അപേക്ഷകനെ നേരിട്ട് കാണുന്നില്ല.
ജൂറിയെ വേണമെങ്കിൽ അപേക്ഷയിൽ പ്രത്യേകം പറയണം. നിർബന്ധമല്ലെന്ന് ചുരുക്കം. അപേക്ഷ പരിശോധിച്ച ശേഷം പണമടക്കാനുള്ള അറിയിപ്പെത്തും. 7500 രൂപയാണ് നൽകേണ്ടത്. സർട്ടിഫിക്കറ്റ്, മെഡൽ, പേന, ബാഡ്ജ്, ഐ.ഡി കാർഡ്, റെക്കോഡ് പുസ്തകം എന്നിവയാണ് പകരം കിട്ടുന്നത്. റെക്കോഡ് നേടിയ ആളാണെന്ന് നാട്ടുകാരെ അറിയിക്കാനായി വാഹനങ്ങളിൽ ഒട്ടിക്കാൻ രണ്ട് സ്റ്റിക്കറും ഇതിനൊപ്പമുണ്ട്.
മെഡലും കഴുത്തിലിട്ട്, സർട്ടിഫിക്കറ്റും പുസ്തകവും കൈയിൽപിടിച്ച് പടമെടുത്ത് അയച്ച് കൊടുത്താൽ ഇ-മാഗസിനിൽ പ്രസിദ്ധീകരിക്കും. ഇന്ത്യയിൽ നിന്ന് റെക്കോഡ് നേടിയവർക്ക് ഏഷ്യൻ തലത്തിലും മാറ്റുരക്കാം. ഇതിനായി 11,800 രൂപയാണ് ഫീസെന്ന് ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള റെക്കോഡ് പുസ്തകത്തിന്റെ അധികൃതർ 'മാധ്യമ'ത്തോട് പറഞ്ഞു.
കോവിഡും ലോക്ഡൗണും കാരണം വീട്ടിൽ ചടഞ്ഞിരുന്ന കാലത്താണ് മലയാളികൾക്കിടയിൽ റെക്കോഡിനോടുള്ള പ്രേമം മൂത്തത്. ഏറ്റവും കൂടുതൽ 'റെക്കോഡുകൾ' പിറന്നതും കോവിഡ് കാലത്തു തന്നെ. 'വർക്ക് ഫ്രം ഹോം' അടിസ്ഥാനത്തിൽ കഴിവുകൾ കാണിച്ചുകൊടുക്കാമെന്നതായിരുന്നു കാരണം. വിശ്വാസയോഗ്യമായ മറ്റ് റെക്കോഡുകൾ ലഭിക്കാൻ ജൂറിയുടെ സാന്നിധ്യത്തിൽ കഴിവുകൾ പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കണമെന്നുണ്ട്. ഇവയിൽ ഏറെയും നിലവിലുള്ള റെക്കോഡുകൾ തകർക്കുന്ന പ്രകടനങ്ങളാണ്. എന്നാൽ തട്ടിപ്പ് റെക്കോഡ് പുസ്തകത്തിൽ റെക്കോഡുകൾ തകർക്കുന്നത് അപൂർവമാണ്.
'വെറൈറ്റി' പ്രകടനങ്ങളാണ് ഏറെയും. കോവിഡ് കാലത്ത് വീട്ടിലിരുന്ന് കേക്കുണ്ടാക്കിയതിനാണ് മലയാളി ദമ്പതികളുടെ ഒമ്പത് വയസ്സുകാരി റെക്കോഡ് പുസ്തകത്തിൽ കയറിയത്. കൊല്ലത്തെ 11 വയസ്സുകാരൻ ഫേസ്ബുക്കിൽ കൂടുതൽ 'ലൈവി' ന്റെ പേരിൽ റെക്കോഡുകാരനായി. കോവിഡ് ബാധിച്ച് മരിച്ചവരെ സംസ്കരിച്ച വ്യക്തിയോട് വരെ പണം വാങ്ങി റെക്കോഡ് സമ്മാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.