കോട്ടയം: സൈബർ അധിക്ഷേപങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. ധൈര്യമുണ്ടെങ്കിൽ നേർക്കുനേർ ആരോപണം ഉന്നയിക്കട്ടെയെന്ന് പറഞ്ഞ അവർ, സർക്കാറിന്റെ അഴിമതിയിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ശ്രമമെന്നും കുറ്റപ്പെടുത്തി. ജീവിച്ചിരുന്നപ്പോൾ ഉമ്മൻ ചാണ്ടിയെ വേട്ടയാടിയവർ അദ്ദേഹം മരിച്ചപ്പോൾ മക്കളെ വേട്ടയാടുന്നു. മുഖമില്ലാത്തവർക്കെതിരെ നിയമനടപടിക്കില്ല. ഒളിവിലും മറവിലും ഇരുന്ന് പറയുന്നവർക്കെതിരെ എങ്ങനെയാണ് നിയമ നടപടിയെടുക്കുന്നത്. നിങ്ങൾ ഒരു മൈക്കിന് മുന്നിൽ വന്നുനിന്ന് പറയൂ.
ഒരാളെ ഒരുതരത്തിലും വ്യക്തിപരമായി ആക്ഷേപിക്കാൻ ഉമ്മൻ ചാണ്ടി എന്ന രാഷ്ട്രീയക്കാരൻ ഒരിക്കൽപോലും നിന്നിട്ടില്ല. സത്യവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങൾ ചർച്ചയിൽ വരുത്താനാണ് ശ്രമം. തങ്ങൾ ഇതിന് മറുപടി പറഞ്ഞുകൊണ്ടേയിരിക്കണം. ഈ കെണിയിൽപെടില്ലെന്നും അച്ചു ഉമ്മൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ 40ാം ചരമദിനത്തോടനുബന്ധിച്ച് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നടന്ന പ്രത്യേക പ്രാർഥനകൾക്കുശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.
തന്റെ പ്രഫഷൻ മുഖേനയാണ് ആക്രമണം. ഒളികാമറ വെച്ച് കണ്ടെത്തിയ ദൃശ്യങ്ങൾ ഒന്നും അല്ലല്ലോ. താൻ ഒരു വർഷവും ഒമ്പത് മാസവും മുമ്പ് തുടങ്ങിയ ഒരു തൊഴിലിന്റെ ഭാഗമായി തന്റെ പേജിൽ ഇട്ട ചിത്രങ്ങളെടുത്താണ് ഈ വ്യക്തിഹത്യ. പറയുന്നത് പച്ചക്കള്ളവും. നുണപ്രചാരണത്തിന് ജനം മറുപടി നൽകും.
അടുത്തകാലത്ത് ഒരു രാഷ്ട്രീയ നേതാവിനും ലഭിക്കാത്ത സ്നേഹവും ആദരവുമാണ് ഉമ്മൻ ചാണ്ടിയെന്ന വ്യക്തിക്ക് ലഭിച്ചത്. ഇതിൽ അസ്വസ്ഥരായവർ കെട്ടിച്ചമച്ചുണ്ടാക്കുന്നതാണ് ഈ കള്ളക്കഥകൾ.
മറ്റ് വിഷയങ്ങൾ ചർച്ച ചെയ്താൽ പലർക്കും മറുപടിയില്ലാതാകും. അതിനാലാണ് തന്റെ ചെരിപ്പും വസ്ത്രവുമൊക്കെ വിഷയമാക്കുന്നതെന്നും അച്ചു കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.