ആലപ്പുഴ: എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെ ചോദ്യംചെയ്യണമെങ്കിൽ ഇ.ഡി ചോദ്യംചെയ്യട്ടെയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇത് രണ്ട് കമ്പനികൾ തമ്മിലുള്ള തർക്കമാണ്. അതിന് ആരെ ചോദ്യംചെയ്യുന്നതിലും എതിർപ്പില്ല. അതിന്‍റെ പേരിൽ പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയെ തൊടാനാണ് നീക്കമെങ്കിൽ അത് അംഗീകരിക്കില്ലെന്നും ഗോവിന്ദൻ പറഞ്ഞു. ആലപ്പുഴയിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗൗരവ വിഷയങ്ങൾ വരുമ്പോൾ തനി ആർ.എസ്.എസുകാരനെപ്പോലെയാണ് പ്രധാനമന്ത്രി സംസാരിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു. താഴേത്തട്ടിലുള്ള ആർ.എസ്.എസുകാരന്‍റെ റേഞ്ചേയുള്ളൂ പ്രധാനമന്ത്രിക്ക്. ഇലക്ടറൽ ബോണ്ടിനെതിരെ സുപ്രീംകോടതി വിധി വന്നപ്പോൾ അതിനെ അപഹസിക്കുന്നതിന് വേണ്ടി ഇന്നേവരെ ഒരു പ്രധാനമന്ത്രിയും പറയാത്ത പ്രയോഗം അദ്ദേഹം നടത്തി. ഭഗവാൻ ശ്രീകൃഷ്ണന് കുചേലൻ കൊടുത്ത അവൽപൊതിയെ കോടതി അഴിമതിയായി കാണുമോ എന്നാണ് ചോദിച്ചത്.
കേരളത്തിൽ വന്നിട്ട് കരുവന്നൂർ ബാങ്കിനെക്കുറിച്ച് തികച്ചും തെറ്റായ കാര്യങ്ങളാണ് പ്രധാനമന്ത്രി പ്രചരിപ്പിച്ചത്. ദേശസാത്കൃത ബാങ്കുകളിൽനിന്ന് 9000 കോടി തട്ടിയ വിജയ് മല്യയും പഞ്ചാബ് നാഷനൽ ബാങ്കിൽനിന്ന് 15,000 കോടി തട്ടിയ വജ്രവ്യാപാരി നീരവ് മോഡിയും 8000 കോടി തട്ടിയ നീരവ് മോഡിയുടെ അമ്മാവൻ മെഹുൽ ചോക്സിയും വിദേശത്ത് സുഖമായി കഴിയുന്നു. മോദി ഒന്നും ചെയ്യുന്നില്ല. ഇവിടെ കരുവന്നൂരിൽ ചിലർ തെറ്റായി പ്രവർത്തിച്ചപ്പോൾ സംസ്ഥാന സർക്കാർ സ്വത്ത് കണ്ടുകെട്ടുകയും പ്രതികളെ ജയിലിലടക്കുകയും ചെയ്തു.
ഇ.ഡി വന്നതുകൊണ്ട് തുടർനടപടികൾ തടസ്സപ്പെടുകയാണുണ്ടായത്. കരുവന്നൂരിൽ ക്രൈംബ്രാഞ്ച് കണ്ടെത്തിയതിൽനിന്ന് ഒരടി മുന്നോട്ട് പോകാൻ ഇ.ഡിക്ക് കഴിഞ്ഞിട്ടില്ലെന്നും ഗോവിന്ദൻ പറഞ്ഞു. സ്വർണക്കള്ളക്കടത്ത് രാജ്യത്ത് നടക്കുന്നതിന്‍റെ പൂർണ ഉത്തരവാദി പ്രധാനമന്ത്രിയാണെന്നും ഗോവിന്ദൻ പറഞ്ഞു. എല്ലാം അന്വേഷിക്കേണ്ടത് കേന്ദ്രസർക്കാർ ഏജൻസികളാണ്. അത് ചെയ്യാതെ കേരളത്തിന്‍റെ മുഖ്യമന്ത്രിയുടെ തലയിൽ കെട്ടിവെക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.