തിരുവനനന്തപുരം: ലോകകാഴ്ചയുടെ വസന്തത്തിന് തിരശ്ശീലവീഴാൻ ഇനി രണ്ടുരാപകലുകൾ മാത്രം ബാക്കിനിൽക്കെ സുവർണചകോരത്തിനായി മത്സരം മുറുകുന്നു.
മലയാളികളായ ഡോൺ പാലത്തറയുടെ ഫാമിലി, ഫാസിൽ റസാഖിന്റെ തടവ് അടക്കം 14 ലോക ചിത്രങ്ങളാണ് മത്സരരംഗത്തുള്ളത്. പ്രേക്ഷക പുരസ്കാരത്തിനുള്ള വോട്ടെടുപ്പ് ബുധനാഴ്ചമുതൽ ആരംഭിക്കും. വെള്ളിയാഴ്ച ഉച്ചക്ക് 2.30 വരെയാണ് വോട്ടെടുപ്പ്. അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ 14 ചിത്രങ്ങളാണ് വോട്ടിങ്ങിനായി പരിഗണിച്ചിരിക്കുന്നത്.
ഓസ്കർ എൻട്രി നേടിയ റാഡു ജൂഡിന്റെ ടു നോട്ട് എക്സ്പെക്ട് ടൂ മച്ച് ഫ്രം ദ എൻഡ് ഓഫ് ദ വേൾഡ് ഉൾപ്പെടെ 20 ചിത്രങ്ങളുടെ അവസാന പ്രദർശനം ചൊവ്വാഴ്ച നടന്നു.
49 ചിത്രങ്ങളുടെ അവസാന പ്രദർശനം ഉൾപ്പെടെ 67 ചിത്രങ്ങൾ ബുധനാഴ്ച രാജ്യാന്തര ചലച്ചിത്ര മേളയിൽ.
ലോക സിനിമ വിഭാഗത്തിൽ മത്യാസ് ബിസിന്റെ ദ പണിഷ്മെന്റ്, അർജന്റീനിയൻ ചിത്രം എഫയർ, ഫൗസി ബെൻസൈദിയുടെ ഡെസെർട്സ്, ഇറാനിയൻ ചിത്രം ദ അനോയിഡ് , ഇൻഷാ അല്ലാ എ ബോയ് , ഒമൻ , ഹാങ്ങിങ് ഗാർഡൻസ്, ഫ്രാൻസിന്റെ ഓസ്കർ പ്രതീക്ഷയായ അനാട്ടമി ഓഫ് എ ഫാൾ, ഡ്രിഫ്റ്റ് , പാത്സ് ഓഫ് ഗ്ലോറി, ഡീഗ്രേഡ്, ആംബുഷ്, പദാദിക്, ജോസഫ്സ് സൺ തുടങ്ങി 35 സിനിമകളാണ് ലോക സിനിമ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. മേളയിലെ ഓപണിങ് ചിത്രമായിരുന്ന ഗുഡ്ബൈ ജൂലിയയുടെ അവസാന പ്രദർശനവും ഇന്നുണ്ടാകും. രാജ്യാന്തര ചലച്ചിത്രമേളയിൽ ബുധനാഴ്ച മലേഷ്യൻ ഹൊറർ ചിത്രം ടൈഗർ സ്ട്രൈപ്സ് പ്രദർശിപ്പിക്കും. രാത്രി 12 ന് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് പ്രദർശനം.
തിരുവനന്തപുരം: 28ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ഏറ്റുവാങ്ങുന്നതിന് പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസി ബുധനാഴ്ച ഉച്ചയോടെ തിരുവനന്തപുരത്തെത്തും. കമ്യൂണിസ്റ്റ് വിരുദ്ധ നിലപാടുള്ള സനൂസിക്ക് അവാർഡ് നൽകുന്നതിനെതിരെ ശക്തമായ വിമർശനം ഇടതുപക്ഷത്തുതന്നെ നിലനിൽക്കുമ്പോഴാണ് ഒരിടവേളക്കു ശേഷം അദ്ദേഹം വീണ്ടും കേരളത്തിലെത്തുന്നത്.
മൂന്നാം ഇ.കെ. നായനാർ സർക്കാറിന്റെ കാലത്ത് സി.പി.എം നേതാവായ ടി.കെ. രാമകൃഷ്ണൻ സാംസ്കാരിക മന്ത്രിയായ കാലത്താണ് കേരളത്തിലെ രാജ്യാന്തര ചലച്ചിത്രോത്സ വേദിയിൽ ക്ഷണിക്കപ്പെട്ട പ്രതിനിധിയായി അദ്ദേഹം എത്തിയത്. അദ്ദേഹത്തിന്റെ സിനിമകൾ അന്ന് ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചിരുന്നു. അന്ന് ഐ.എഫ്.എഫ്.കെയിലെ ഓപൺ ഫോറത്തിൽ ക്രിസ്റ്റോഫ് സനൂസിയുമായി സംവാദം അക്കാദമി ഒരുക്കി. സനൂസിയും കേരളത്തിലെ സി.പി.എം നേതാവും അന്ന് കെ.എസ്.എഫ്.ഡി.സി ചെയർമാനുമായിരുന്ന പി. ഗോവിന്ദപ്പിള്ളയും തമ്മിൽ അതിരൂക്ഷമായ സംവാദമാണ് അരങ്ങേറിയത്. കമ്യൂണിസ്റ്റ് സിദ്ധാന്തത്തെ പിന്തുണച്ച അതിലെ സൈദ്ധാന്തിക വശങ്ങൾ ഉയർത്തിക്കാട്ടിയ പി.ജിയോട് നിങ്ങൾക്ക് കേട്ടറിവും വായിച്ചറിവും മാത്രമല്ലേയുള്ളൂ, എനിക്ക് അതനുഭിച്ചറിവാണുള്ളത് എന്ന മറുപടിയുമായാണ് സനൂസി നേരിട്ടത്. ഒരുപക്ഷേ, കേരള രാജ്യാന്തര ചലച്ചിത്രോത്സവ വേദിയിൽ അതിന് മുമ്പോ അതിനു ശേഷമോ കണ്ടിട്ടില്ലാത്ത തരത്തിൽ ഉയർന്ന നിലവാരമുള്ള സർഗാത്മകവും സൈദ്ധാന്തികവുമായ പങ്കുവെക്കലുമുൾപ്പടെ സംവാദമായിരുന്നു അന്ന് കൈരളി, ശ്രീ തിയറ്ററിന് വശത്ത് കെട്ടിയുർത്തിയ പന്തലിൽ നടന്നത്. കേരളത്തിലെ സിനിമാ പ്രേമികളും മാധ്യമപ്രവർത്തകരും സിനിമാ പ്രവർത്തകരുമുൾപ്പെടെ നിറഞ്ഞ സദസ്സിലായിരുന്നു ആ സംവാദം നടന്നത്. ഈ വർഷവും സനൂസിയുമായുള്ള സംവാദം ചലച്ചിത്ര അക്കാദമി മേളയിൽ ഒരുക്കിയിട്ടുണ്ട്.14ന് ഉച്ചക്ക് 2.30ന് ടാഗോർ തിയറ്റർ പരിസരത്താണ് വേദി തയാറാക്കിയിരിക്കുന്നത്. സംവാദത്തിലേക്ക് കമ്യൂണിസ്റ്റ് നേതാക്കളെയും സൈദ്ധാന്തികരെയും പ്രതിപക്ഷ നേതാക്കളെയും അക്കാദമി ക്ഷണിച്ചിട്ടുണ്ട്.
തിരുവനന്തപുരം: 23 ശതമാനത്തിലേറെ ജനങ്ങൾ ദാരിദ്ര്യരേഖക്ക് താഴെയുള്ള നാട്ടിൽനിന്ന് വരുന്ന തനിക്ക് സിനിമ രാഷ്ട്രീയപ്രതികരണത്തിനുള്ള ഉപാധിയെന്ന് പ്രമുഖ ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിതാനഗെ. ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധം കണ്ടാണ് താൻ വളർന്നത്. അതിനാൽ പ്രതികരണം നടത്താനുള്ള മാധ്യമമായാണ് ചലച്ചിത്രനിർമാണത്തെ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി നടന്ന മാസ്റ്റർ ക്ലാസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരുഷന്മാരെക്കാൾ വികാരങ്ങൾ പ്രകടിപ്പിച്ച് അഭിനയിക്കുന്നതിൽ സ്ത്രീകളാണ് മുന്നിൽ. പുരുഷന്മാർ ‘മാച്ചോ’ കഥാപാത്രങ്ങളായി ചിത്രീകരിക്കപ്പെടാൻ ആഗ്രഹിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. ബാലതാരങ്ങളെ അഭിനേതാക്കളായി പരിഗണിച്ച് കൃത്യമായ മാർഗനിർദേശമാണ് നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അക്കാദമി ഡെപ്യൂട്ടി ഡയറക്ടർ എച്ച്. ഷാജി പങ്കെടുത്തു.
രാജ്യാന്തര ചലച്ചിത്ര മേളയെ ആഘോഷ ഭരിതമാക്കാൻ അഭയ ഹിരൺമയിയും ഷിയോൺ സജിയും ബുധനാഴ്ച സംഗീതസന്ധ്യ അവതരിപ്പിക്കും. വൈകീട്ട് ആറിന് മാനവീയം വീഥിയിൽ ഷിയോൺ സജിയും രാത്രി എട്ടിന് പിക്കിൾ ജാർ മ്യൂസിക് ബാൻഡും അഭയ ഹിരൺമയിയും സംയുക്തമായി അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഫ്യൂഷനുമാണ് അരങ്ങേറുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.