തിരുവനന്തപുരം: ലോകോത്തര സിനിമകളുടെ സ്പന്ദനങ്ങൾ ഏറ്റുവാങ്ങിയ ഇരുപത്തിയെട്ടാമത് രാജ്യാന്തര ചലച്ചിത്രമേളക്ക് കൊടിയിറങ്ങി.
81 രാജ്യങ്ങളിൽ നിന്നായി 172 ചിത്രങ്ങൾ പ്രദർശിപ്പിച്ച മേളയെ ഹൃദയത്തിലേറ്റിയാണ് സിനിമാ പ്രേമികളുടെ മടക്കം. ക്രിസ്റ്റോഫ് സനൂസി, വനൂരി കഹിയു, അരവിന്ദൻ തുടങ്ങി ലോകോത്തര സംവിധായകരുടെ സിനിമകൾക്ക് മികച്ച സ്വീകാര്യത ലഭിച്ച മേളയിൽ മലയാള സിനിമകൾക്ക് കൂടുതൽ പേക്ഷകപ്രീതി നേടാനായി. യുവജന പങ്കാളിത്തത്തിൽ മുന്നിലെത്തിയ മേളയിൽ വനിതാ സംവിധാകരുടെ ചിത്രങ്ങളും ഏറെ ശ്രദ്ധനേടി.
തിയേറ്ററിലും പുറത്തും ആൾക്കൂട്ടത്തെ ആകർഷിച്ച മേളയിൽ മൽസരവിഭാഗത്തിൽ പ്രദർശിപ്പിച്ച സിനിമകളെ നിറഞ്ഞ കൈയടിയോടെയാണ് പ്രേക്ഷകർ വരവേറ്റത്. കാല- ദേശ- ഭാഷാ-സാംസ്കാരിക അതിർവരമ്പുകൾക്കതീതമായി പുതുതലമുറ പരീക്ഷണങ്ങളും പഴയകാല ചിത്രങ്ങളും സമ്മേളിച്ച മേളയിൽ ക്രിസ്റ്റോഫ് സനൂസിയുടെ സാന്നിധ്യവും ശ്രദ്ധേയമായി. ചലച്ചിത്ര വിദ്യാർഥികളുടെ പഠനകളരികൂടിയായിരുന്നു ഇത്തവണത്തെ മേള.
മാസ്റ്റർ ക്ലാസ്സ്, അനുസ്മരണ പ്രഭാഷണം, മീറ്റ് ദ ഡയറക്ടർ, ഇൻ കോൺവർസേഷൻ തുടങ്ങിയ ആശയവിനിമയ പരിപാടികൾക്കും ഫിലിം മാർക്കറ്റ്, ചിത്ര പ്രദർശനങ്ങൾ തുടങ്ങിയ സിനിമ പരിപോഷണ പരിപാടികൾക്കും നിറഞ്ഞ സദസിന്റെ സാന്നിധ്യം ഉണ്ടായി. സാംസ്കാരിക പരിപാടികളുടെ വേദി മാനവീയം വീഥിയിലേക്ക് മാറ്റിയിട്ടും ഗാനസന്ധ്യകൾ വൻജനാവലി ഏറ്റെടുത്തു. മേളയുടെ മികച്ച സംഘാടത്തിന് ചലച്ചിത്ര അക്കാദമി വീണ്ടും പ്രകീർത്തിക്കപ്പെടുകയാണ്.
എട്ടു ദിവസത്തെ ചലച്ചിത്ര വസന്തത്തിന് തിരശീല വീഴുമ്പോൾ ഇരുപത്തിയൊമ്പതാമത് മേളക്ക് കാണാം എന്ന പ്രതീക്ഷയോടെയോടാണ് ഡെലിഗേറ്റുകളുടെ പടിയിറക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.