പാലക്കാട്: അനധികൃത വൈദ്യുത വേലിയിൽ കുടുങ്ങി ജില്ലയിൽ കഴിഞ്ഞ അഞ്ച് വർഷത്തിൽ മരിച്ചത് 29 പേർ. അഞ്ചുപേർക്ക് ഗുരുതര പരുക്കേൽക്കുകയും ചെയ്തു. വൈദ്യുത കെണിയിൽനിന്നും ഷോക്കേറ്റ് ആറു വന്യമൃഗങ്ങളും ഈ കാലയളവിൽ ചത്തു. 2020-‘21, 2021-‘22, 2022-‘23, 2023-‘24, 2024-‘25 സാമ്പത്തിക വർഷത്തെ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ കണക്കുകൾ പ്രകാരമാണിത്. ഈ സാമ്പത്തിക വർഷം സെപ്റ്റംബർ ഒമ്പത് വരെ മൂന്നുപേരുടെ ജീവനാണ് വൈദ്യുതക്കെണിയിൽ പൊലിഞ്ഞത്.
ഒരാൾക്ക് പരിക്കേൽക്കുകയും ഒരു വന്യജീവി ചാവുകയും ചെയ്തു. വന്യജീവികൾ കൃഷിയിടങ്ങളിലേക്ക് കടക്കാതിരിക്കാൻ കർഷകർ അനധികൃതമായി സ്ഥാപിക്കുന്ന വൈദ്യുത വേലിയിൽനിന്ന് ഷോക്കേറ്റാണ് മരണങ്ങൾ സംഭവിച്ചിരിക്കുന്നത്.
കെ.എസ്.ഇ.ബിയുടെ വൈദ്യുത ലൈനിൽനിന്ന് നേരിട്ട് കമ്പി കൊളുത്തിയിട്ടും മറ്റുമാണ് ഇത്തരത്തിൽ കെണി ഒരുക്കുന്നത്. ഇത് മൃഗങ്ങൾക്കൊപ്പം മനുഷ്യനും അപകടകരമാണ്. തിങ്കളാഴ്ച വടക്കഞ്ചേരിയിൽ ഒരാൾ അനധികൃത വൈദ്യുത വേലിയിൽനിന്നും ഷോക്കേറ്റ് മരിച്ചിരുന്നു. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ അനുമതിയില്ലാതെ സ്ഥാപിക്കുന്നവയാണ് അനധികൃത വൈദ്യുത വേലികൾ.
പാട്ടത്തിനെടുത്തും വായ്പയെടുത്തും ഇറക്കുന്ന കൃഷി വന്യജീവികൾ നശിപ്പിക്കുന്നത് പ്രതിരോധിക്കുന്നതിനാണ് പലപ്പോഴും കർഷകർ ഇത്തരം അപകടകരമായ വൈദ്യുത വേലികൾ സ്ഥാപിക്കുന്നത്. വന്യജീവികളെ കൃഷിഭൂമിയിൽനിന്ന് തുരത്താൻ സുരക്ഷിതമായ വൈദ്യുതവേലി ഉപയോഗിക്കണമെന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് നിർദേശിക്കുന്നു. ഇതിനായി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ അനുമതിയോടെ വൈദ്യുത വേലികൾ സ്ഥാപിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.