അനധികൃത വൈദ്യുത വേലി; അഞ്ചു വർഷത്തിൽ പൊലിഞ്ഞത് 29 ജീവൻ
text_fieldsപാലക്കാട്: അനധികൃത വൈദ്യുത വേലിയിൽ കുടുങ്ങി ജില്ലയിൽ കഴിഞ്ഞ അഞ്ച് വർഷത്തിൽ മരിച്ചത് 29 പേർ. അഞ്ചുപേർക്ക് ഗുരുതര പരുക്കേൽക്കുകയും ചെയ്തു. വൈദ്യുത കെണിയിൽനിന്നും ഷോക്കേറ്റ് ആറു വന്യമൃഗങ്ങളും ഈ കാലയളവിൽ ചത്തു. 2020-‘21, 2021-‘22, 2022-‘23, 2023-‘24, 2024-‘25 സാമ്പത്തിക വർഷത്തെ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ കണക്കുകൾ പ്രകാരമാണിത്. ഈ സാമ്പത്തിക വർഷം സെപ്റ്റംബർ ഒമ്പത് വരെ മൂന്നുപേരുടെ ജീവനാണ് വൈദ്യുതക്കെണിയിൽ പൊലിഞ്ഞത്.
ഒരാൾക്ക് പരിക്കേൽക്കുകയും ഒരു വന്യജീവി ചാവുകയും ചെയ്തു. വന്യജീവികൾ കൃഷിയിടങ്ങളിലേക്ക് കടക്കാതിരിക്കാൻ കർഷകർ അനധികൃതമായി സ്ഥാപിക്കുന്ന വൈദ്യുത വേലിയിൽനിന്ന് ഷോക്കേറ്റാണ് മരണങ്ങൾ സംഭവിച്ചിരിക്കുന്നത്.
കെ.എസ്.ഇ.ബിയുടെ വൈദ്യുത ലൈനിൽനിന്ന് നേരിട്ട് കമ്പി കൊളുത്തിയിട്ടും മറ്റുമാണ് ഇത്തരത്തിൽ കെണി ഒരുക്കുന്നത്. ഇത് മൃഗങ്ങൾക്കൊപ്പം മനുഷ്യനും അപകടകരമാണ്. തിങ്കളാഴ്ച വടക്കഞ്ചേരിയിൽ ഒരാൾ അനധികൃത വൈദ്യുത വേലിയിൽനിന്നും ഷോക്കേറ്റ് മരിച്ചിരുന്നു. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ അനുമതിയില്ലാതെ സ്ഥാപിക്കുന്നവയാണ് അനധികൃത വൈദ്യുത വേലികൾ.
പാട്ടത്തിനെടുത്തും വായ്പയെടുത്തും ഇറക്കുന്ന കൃഷി വന്യജീവികൾ നശിപ്പിക്കുന്നത് പ്രതിരോധിക്കുന്നതിനാണ് പലപ്പോഴും കർഷകർ ഇത്തരം അപകടകരമായ വൈദ്യുത വേലികൾ സ്ഥാപിക്കുന്നത്. വന്യജീവികളെ കൃഷിഭൂമിയിൽനിന്ന് തുരത്താൻ സുരക്ഷിതമായ വൈദ്യുതവേലി ഉപയോഗിക്കണമെന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് നിർദേശിക്കുന്നു. ഇതിനായി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ അനുമതിയോടെ വൈദ്യുത വേലികൾ സ്ഥാപിക്കാം.
വേലി സ്ഥാപിക്കേണ്ടത് എങ്ങനെ?
- ഇലക്ട്രിക് ഫെൻസ് എനർജൈസർ ഉപയോഗിച്ച് മാത്രമേ വൈദ്യുത വേലി സ്ഥാപിക്കാവൂ.
- ബാറ്ററിയിൽനിന്നുള്ള വൈദ്യുതി മാത്രമേ ഇലക്ട്രിക് ഫെൻസ് എനർജൈസറിൽ നൽകാവൂ.
- മൃഗങ്ങൾ കുടുങ്ങികിടക്കാത്ത വിധം വേലി ശാസ്ത്രീയമാക്കണം. ലോഹമുള്ള വേലികൾ ഉപയോഗിക്കരുത്.
- മുന്നറിയിപ്പ് സംവിധാനങ്ങൾ വേലിയുടെ പല ഭാഗങ്ങളിലായി നൽകണം.
അനുമതി എങ്ങനെ നേടാം
- ഗുണനിലവാരമുള്ളതും അംഗീകൃത ലാബിന്റെ ടെസ്റ്റ് സർട്ടിഫിക്കറ്റുള്ളതുമായ ഇലക്ട്രിക് ഫെൻസ് എനർജൈസർ മാത്രമേ അപേക്ഷക്ക് പരിഗണിക്കൂ.
- കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡിന്റെ അംഗീകൃത ബി ക്ലാസ് കോൺട്രാക്ടറുടെ സേവനം തേടുക.
- ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ പരിശോധനക്ക് ശേഷം അനുമതി ലഭ്യമാക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.