കൊച്ചി: പൊതുറോഡിലെ ഏതെങ്കിലും ഭാഗത്ത് വർഷങ്ങളായി പാർക്ക് ചെയ്യുന്നുണ്ടെന്ന പേരിൽ ഒാട്ടോറിക്ഷകളുടെ അനധികൃത പാർക്കിങ് അനുവദിക്കാനാവില്ലെന്ന് ഹൈകോടതി.
വർഷങ്ങളായി തുടരുന്നുവെന്നത് അനധികൃത നടപടിയുടെ സാധൂകരണത്തിന് കാരണമാവില്ല. എരുമേലി കണമല ജങ്ഷനിലെ അനധികൃത ഒാട്ടോറിക്ഷ പാർക്കിങ്ങിനെതിരെ കടയുടമ മാർട്ടിൻ ജേക്കബ് നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രെൻറ ഉത്തരവ്.
തെൻറ കടയിലേക്ക് ആളുകൾ വരുന്നതിനും പോകുന്നതിനും തടസ്സമുണ്ടാക്കുന്ന വിധമാണ് ഓേട്ടാറിക്ഷ പാർക്കിങ് എന്നായിരുന്നു ഹരജിയിലെ ആരോപണം. എന്നാൽ, 30 വർഷത്തിലേറെയായി വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്യുന്നുണ്ടെന്നും പൊതുറോഡിൽ പാർക്കിങ് അനുവദിക്കണമെന്നും ചില ഒാട്ടോറിക്ഷാ ഉടമകൾ വാദിച്ചു. തുടർന്നാണ് വർഷങ്ങളായി നടത്തിവരുന്ന അനധികൃത പാർക്കിങ്ങിന് ഇപ്പോൾ അംഗീകാരം നൽകാനാവുന്നതെങ്ങനെയെന്ന് കോടതി ആരാഞ്ഞത്. കടയുൾപ്പെടുന്ന കെട്ടിടം അനധികൃതമാണെന്നതടക്കമുള്ള പരാതികൾ എതിർകക്ഷികൾ ഉന്നയിച്ചെങ്കിലും ഇത്തരം പരാതികൾ ഉചിതഫോറത്തിൽ ഉന്നയിക്കാൻ കോടതി നിർദേശിക്കുകയായിരുന്നു.
അനധികൃത പാർക്കിങ് ഒഴിവാക്കാനും ഒാട്ടോ സ്റ്റാൻഡിന് പ്രത്യേകസ്ഥലം അനുവദിക്കാൻ പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നൽകാനും നിർദേശിച്ച കോടതി ഹരജി തീർപ്പാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.