അനധികൃത സ്വത്ത്: സി.പി.ഐ ജില്ല സെക്രട്ടറിക്കെതിരെ അന്വേഷണ കമീഷൻ

തിരുവനന്തപുരം: സി.പി.ഐ പത്തനംതിട്ട ജില്ല സെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗവുമായ എ.പി. ജയനെതിരായ അനധികൃത സ്വത്ത് സമ്പാദന ആക്ഷേപം അന്വേഷിക്കാൻ നാലംഗ കമീഷൻ. സംസ്ഥാന നിർവാഹക സമിതി അംഗം കെ.കെ. റഫിന്‍റെ നേതൃത്വത്തിൽ ആർ. രാജേന്ദ്രൻ, പി.കെ. ശശിധരൻ, പി. വസന്തം എന്നിവരാണ് പരാതി പരിശോധിക്കുക. ബുധനാഴ്ച സംസ്ഥാന നിർവാഹക സമിതിയാണ് അന്വേഷണ കമീഷൻ നിശ്ചയിച്ചത്.

പത്തനംതിട്ട ജില്ല പഞ്ചായത്തംഗം കൂടിയായ സി.പി.ഐയിലെ ശ്രീനാദേവി കുഞ്ഞമ്മയാണ് ജില്ല സെക്രട്ടറി എ.പി. ജയനെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയത്. ആറുകോടി വില വരുന്ന ഫാം സ്വന്തമാക്കിയെന്നാണ് പരാതി. ജയന്‍റെ ഭാര്യയുടെ പേരിൽ അടൂരിലാണ് വിവാദ ഫാം. കാര്യമായി വരുമാനമില്ലെന്നിരിക്കെ ഇത്രയും വലിയ തുക ചെലവഴിച്ച് ഫാം സ്വന്തമാക്കിയത് അനധികൃതമായാണെന്നാണ് പരാതി. ജനുവരിയിൽ ചേർന്ന സംസ്ഥാന നിർവാഹക സമിതി പരാതിയിൽ അന്വേഷണം നടത്താൻ ധാരണയായിരുന്നു.

പത്തനംതിട്ടയിൽ സി.പി.ഐയുടെ പ്രമുഖനായ ജയൻ കഴിഞ്ഞ ജില്ല സമ്മേളനത്തിൽ തുടർച്ചയായ മൂന്നാം തവണയാണ് ജില്ല സെക്രട്ടറിയായത്. ആറു കോടിയുടെ ഫാം സംബന്ധിച്ച ആക്ഷേപം ജില്ല സമ്മേളനകാലത്തുതന്നെ ചർച്ചയായിരുന്നു. കണ്ണൂരിലെ ആയുർവേദ റിസോർട്ടുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനെതിരെ അനധികൃത സ്വത്ത് സമ്പാദന ആരോപണം സി.പി.എമ്മിൽ ചർച്ചയായതിന് പിന്നാലെയാണ് സി.പി.ഐയിലും സമാന ആക്ഷേപം.

Tags:    
News Summary - Illegal property: Commission of inquiry against CPI district secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.